പാചകവാതക സിലിണ്ടര്‍ ലഭ്യമാക്കാത്ത ഏജന്‍സികള്‍ക്കെതിരെ അന്വേഷണം

Posted on: April 24, 2014 12:22 am | Last updated: April 23, 2014 at 10:22 pm

കാസര്‍കോട്: കാഞ്ഞങ്ങാട്ടെ പാചകവാതക ഏജന്‍സി ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും സിലിണ്ടര്‍ ലഭ്യമാക്കിയില്ലെന്ന പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പാചകവാതക അദാലത്തിലാണ് നിര്‍ദേശം. എ ഡി എം. ഒ മുഹമ്മദ് അസ്‌ലം അദാലത്തില്‍ അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ 13 അംഗണ്‍വാടികള്‍ക്ക് കാഞ്ഞങ്ങാട്ടെ ഏജന്‍സി സിലിണ്ടറുകള്‍ ലഭ്യമാക്കുന്നില്ലെന്ന് അംഗന്‍വാടി പ്രവര്‍ത്തകര്‍ അദാലത്തില്‍ പരാതിപ്പെട്ടു. ഈ അംഗണ്‍വാടികളിലേക്കുള്ള സിലിണ്ടര്‍ വിതരണ ചുമതല കാസര്‍കോട്ടെ ഏജന്‍സിക്ക് കൈമാറാന്‍ നടപടി സ്വീകരിക്കും.
നായന്‍മാര്‍മൂലയിലെ പാചകവാതക ഉപഭോക്താക്കളെ അനുമതിയില്ലാതെ ഉദുമയിലെ ഏജന്‍സിക്കു കീഴില്‍ മാറ്റുകയും പാചകവാതകം എത്തിക്കുന്നതിന് കൂടുതല്‍ തുക ഈടാക്കുകയും ചെയ്യുന്നതായുള്ള പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പാചകവാതക കമ്പനിയോട് ഫോറം നിര്‍ദേശിച്ചു. പാചകവാതക ഉപഭോക്താക്കള്‍ക്ക് മതിയായ സേവനം നല്‍കാതെ പീഡിപ്പിക്കുന്ന കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കുമെതിരെ ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ അനുസരിച്ച് ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കും. അദാലത്തില്‍ പാചക വാതക വിതരണതൊഴിലാളികളെ കൂടി പങ്കെടുപ്പിക്കാനും പാചകവിതരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ബോധവത്ക്കരണ ക്ലാസ്സ് നടത്താനും എ ഡി എം നിര്‍ദേശം നല്‍കി.
പാചകവാതക സിലിണ്ടര്‍ ലഭ്യമാക്കുന്നതിന് അമിത തുക ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസര്‍, എ ഡി എം, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി സമര്‍പ്പിക്കാം. ജില്ലാ സപ്ലൈ ഓഫീസിന്റെ ചുമതല വഹിക്കുന്ന എം കെ വേലായുധന്‍ പ്രസംഗിച്ചു.