അഡ്വ: തവമണിയോട് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടി

Posted on: April 23, 2014 2:16 pm | Last updated: April 23, 2014 at 11:55 pm

advocate

കൊച്ചി: ബാര്‍ ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട കേസില്‍ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ അഡ്വ തവമണിയോട് കേരള ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടി. അഡ്വ തവമണി ജഡ്ജിയുടെ വീട്ടില്‍ പോയി കൂടിക്കാഴ്ച്ച നടത്താനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ പിന്‍മാറിയിരുന്നു. അഡ്വ തവമണി വഴി ഹരജിക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറ്റമെന്ന് ജഡ്ജി വ്യക്തമാക്കിയിരുന്നു. ഇതില്‍ വിശദീകരണമാവശ്യപ്പെട്ടാണ് ബാര്‍ കൗണ്‍സില്‍ തവമണിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം ജഡ്ജിയുടെ ആരോപണം അഡ്വ തവമണി നിഷേധിച്ചു. സൗഹൃദ സംഭാഷണത്തിനായാണ് ജഡ്ജിയുടെ വീട്ടില്‍ പോയത്. അബ്കാരികളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.