Connect with us

Ongoing News

ലൈംഗിക ചൂഷണം: ഇരകളുടെ ചികിത്സക്ക് പുതിയ മാര്‍ഗനിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളുടെ ചികിത്സ മെച്ചപ്പെടുത്തുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നു. ആദ്യ ഘട്ടമായി ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികളെ പരിശോധിക്കുന്നതിനും ചികിത്സ നല്‍കുന്നതിനുമായി ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കും.
ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് മതിയായ ശ്രദ്ധയും സഹാനുഭൂതിയും ലഭ്യമാകുന്നതിന് ഇത് സഹായകമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പലപ്പോഴും ലൈംഗിക ചൂഷണങ്ങള്‍ക്കിരയാകുന്ന കുട്ടികള്‍ മാനസികമായും ശാരീരികമായും അസ്വസ്ഥത നേരിടുന്നവരായിരിക്കും. മറ്റു രോഗികളോട് ഇടപെടുന്നതുപോലെ ഇവരെ ചികിത്സിക്കാന്‍ കഴിയില്ല. ഇവരോടുള്ള സമീപനവും വളരെ സൗഹാര്‍ദപരമായിരിക്കണം.
പദ്ധതി നടപ്പാക്കിയാല്‍ സംസ്ഥാനത്തുടനീളമുള്ള ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കും.
ലൈംഗിക അതിക്രമങ്ങള്‍ക്കിരയായി ആശുപത്രികളിലെത്തുന്ന കേസുകള്‍ ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുക എന്ന ഉത്തരവാദിത്വം ആശുപത്രികള്‍ക്കും ഉണ്ട്. ആശുപത്രികളും ഡോക്ടര്‍മാരും ശിശുസൗഹാര്‍ദപരമായാണ് ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടതെന്ന് ഹെല്‍ത്ത് സെക്രട്ടറി കെ ഇളങ്കോവന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൂഷണത്തില്‍പ്പെടുന്ന ഇര പെണ്‍കുട്ടിയാണെങ്കില്‍ വനിതാ ഡോക്ടര്‍ തന്നെയാകണം പരിശോധിക്കേണ്ടത്. കുട്ടിയുടെ രക്ഷിതാക്കളുടെയോ അല്ലെങ്കില്‍ കുട്ടിക്ക് അടുപ്പവും വിശ്വാസവുമുള്ള മറ്റാരുടെയെങ്കിലുമോ സാന്നിധ്യത്തിലായിരിക്കണം വൈദ്യപരിശോധന. രക്ഷിതാക്കളോ വിശ്വസ്തരോ ഇല്ലെങ്കില്‍ ആശുപത്രി മേധാവിയുടെ നിര്‍ദേശപ്രകാരമുള്ള ഏതെങ്കിലും സ്ത്രീകള്‍ കുട്ടിയോടൊപ്പം ഉണ്ടാകണം.
ഇത്തരം നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ സര്‍ക്കുലര്‍ ഹെല്‍ത്ത് സര്‍വീസ്, മെഡിക്കല്‍ എജ്യൂക്കേഷന്‍ എന്നിവയുടെ ഡയറക്ടര്‍മാര്‍ക്കും എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഹെല്‍ത്ത് സെക്രട്ടറി അയച്ചിട്ടുണ്ട്. ഇതില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരുമായി ഇടപെടേണ്ട രീതികള്‍ വ്യക്തമാക്കുന്നുണ്ട്. മെഡിക്കല്‍ ലീഗല്‍ കോഡ് പ്രകാരം ഇരകളെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് അവരെ പരിശോധിക്കുന്ന രീതികള്‍ മനസ്സിലാക്കുന്നതിനുള്ള പരിശീലനം ലഭ്യമായിരിക്കണം.
ഇത്തരം മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിലൂടെ ഇരയുടെ മാനസികവും ശാരീരികവുമായ കാഴ്ചപ്പാടുകള്‍ അറിയാനും നിയമപരമായ ആവശ്യങ്ങള്‍ക്കും ചികിത്സക്കും പ്രയോജനപ്പെടുത്താനും കഴിയും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരാണ് ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള സംവിധാനം നടപ്പാക്കുന്നത്. മാര്‍ഗനിര്‍ദേശങ്ങളടങ്ങുന്ന പട്ടിക തയ്യാറാക്കാന്‍ സെന്റര്‍ ഫോര്‍ എന്‍ക്വയറി ഇന്‍ടു ഹെല്‍ത്ത് ആന്‍ഡ് അലൈഡ് തീംസി(സി ഇ എച്ച് എ ടി) നെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലൈംഗിക ചൂഷണത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ വിശദമായ ഒരു പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍ തയ്യാറാക്കി ആശുപത്രിയില്‍ സൂക്ഷിക്കുകയും ഒരു പകര്‍പ്പ് പോലീസിന് നല്‍കുകയും വേണമെന്നും സര്‍ക്കുലറില്‍ പറയുന്നു. റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് പ്രത്യേക രൂപരേഖയും ഉണ്ട്.

 

Latest