Connect with us

Ongoing News

മോദിയെ വേദിയിലിരുത്തി ശിവസേനാ നേതാവിന്റെ മുസ്‌ലിംവിരുദ്ധ പരാമര്‍ശം

Published

|

Last Updated

മുംബൈ: വര്‍ഗീയ വിദ്വേഷം ചീറ്റുന്ന പരാമര്‍ശങ്ങള്‍ തള്ളിക്കളയുന്നുവെന്ന് നരേന്ദ്ര മോദി പ്രസ്താവിച്ചതിനു പിന്നാലെ അദ്ദേഹത്തെ വേദിയിലിരുത്തി ശിവസേന നേതാവ് മുസ്‌ലിംകള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്ത്.
ബി ജെ പി – ശിവസേന സഖ്യം അധികാരത്തിലെത്തിയാല്‍ 2011ല്‍ നടന്ന ആസാദ് മൈതാന്‍ ലഹളയില്‍ പൊതുസ്വത്ത് നശിപ്പിക്കുകയും വനിതാ പോലീസുകാരെ ആക്രമിക്കുകയും ചെയ്ത മുസ്‌ലിംകളെ വെറുതെ വിടുകയുമില്ലെന്നായിരുന്നു സേന നേതാവ് രാംദാസ് കദമിന്റെ മുന്നറിയിപ്പ്. മോദി പ്രധാനമന്ത്രിയായി ആറ് മാസത്തിനകം ഇന്ത്യന്‍ പട്ടാളക്കാരുടെ തലവെട്ടിയ പാക്കിസ്ഥാനോട് പകരം വീട്ടുമെന്നും കദം കല്യാണിലെ ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.
അതേസമയം, കദമിന്റെ പ്രസംഗത്തില്‍ ശിവസേന വിയോജിപ്പ് രേഖപ്പെടുത്തി. ഇതൊന്നും സേനയുടെ അഭിപ്രായമല്ലെന്നും കദമിന്റെ വ്യക്തിപരമായ നിലപാടുകളാണെന്നും സേന അധ്യക്ഷന ഉദ്ധവ് താക്കെറെ വ്യക്തമാക്കി. വോട്ട് ബേങ്ക് ലക്ഷ്യമാക്കി ബി ജെ പി നടത്തുന്ന ഇത്തരം നീക്കങ്ങള്‍ അപകടം പിടിച്ചതാണെന്നും മോദിയും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നയാളാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. തൊഗാഡിയ, ബിഹാറിലെ ബി ജെ പി നേതാവ് ഗിരിരാജ് സിംഗ് എന്നിവരുടെ പ്രസ്താവനകള്‍ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് മോദിയെ വേദിയിലിരുത്തി ശിവസേനാ നേതാവിന്റെ പ്രസംഗം.

Latest