Connect with us

Editorial

റോഡ് സുരക്ഷക്ക് ജുഡീഷ്യല്‍ സമിതി

Published

|

Last Updated

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ടു ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ സമിതിക്ക് സുപ്രീംകോടതി ഇന്നലെ രൂപം നല്‍കുകയുണ്ടായി. റോഡ് നിയമങ്ങള്‍ വ്യാപകമായി ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അവ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയാണ് ഉപരിതലഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ കൂടി ഉള്‍പ്പെട്ട സമിതിയുടെ മുഖ്യചുമതല. മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതികള്‍ വരുത്തേണ്ടതുണ്ടോ എന്നും സമിതി പരിശോധിക്കും. ചീഫ് സെക്രട്ടറിമാര്‍ ആറ് മാസത്തിനകം ഇതുസംബന്ധിച്ച ശിപാര്‍ശകള്‍ സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുന്നു.
വാഹനാപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഈ ഗണത്തില്‍ 2012ലെ മരണസംഖ്യ 1,39,091 വരുമെന്നാണ് നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ കാണിക്കുന്നത്. അതേസമയം ഇന്ത്യയിലെ വാഹനങ്ങളുടെ എണ്ണത്തിന്റെ പത്തിരട്ടിയോളം അധികമുള്ള അമേരിക്കയിലെ വാഹനാപകട മരണം 36,200 ആണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ചൈനയില്‍ അറുപതിനായിരവും. 2003ല്‍ ഒരു ലക്ഷത്തിനു മേലെ മരണമുണ്ടായിരുന്ന ചൈനയില്‍ വാഹനാപകട മരണം വര്‍ഷം തോറും കുറഞ്ഞുവരുമ്പോള്‍ ഇന്ത്യയില്‍ ഇത് ഗണ്യമായി വര്‍ധിച്ചു വരികയാണ്.
ജീവന്‍ നഷ്ടപ്പെടുന്നവരുടെ പതിന്മടങ്ങ് പേര്‍ക്ക് വാഹനാപകടങ്ങളില്‍ പരുക്കേല്‍ക്കുന്നുണ്ട്. ഇവരില്‍ നല്ലൊരു പങ്കും ആജീവനാന്തം അതിന്റെ ദുരന്തം അനുഭവിക്കുന്നവരാണ്. റോഡ്ദുരന്തങ്ങളിലെ ഇരകള്‍ക്കുണ്ടാകുന്ന ആരോഗ്യനഷ്ടം, സമയനഷ്ടം, കുടുംബത്തിന്റെ തീരാവേദന, നിയമത്തിന്റെ നൂലാമാലകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ പരിഗണിക്കുമ്പോള്‍ വലിയൊരു സാമുഹിക പ്രശ്‌നമാണിതെന്ന് കാണാം. റോഡ് സുരക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാറുകള്‍ നിയമങ്ങളും പദ്ധതികളും ആവിഷ്‌കരിക്കാറുണ്ടെങ്കിലും അവ വേണ്ടത്ര ഫലവത്താകുന്നില്ലെന്നതാണ് അനുഭവം. ചില നടപടികള്‍ പ്രഖ്യാപനങ്ങളില്‍ ഒതുങ്ങുകയും ചെയ്യുന്നു. റോഡ് നിയമങ്ങള്‍ കാര്യക്ഷമമായി ഉപയോഗപ്പെടു ത്താനുള്ള സംവിധാനത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്നും ഇതിന്റെ ഭാഗമായി ദേശീയ റോഡ് സുരക്ഷാ ട്രാഫിക് മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് കഴിഞ്ഞ ജൂലൈയില്‍ പ്രസ്താവിച്ചിരുന്നു. ഇതേക്കറിച്ചു പിന്നീടൊന്നും കേള്‍ക്കുകയുണ്ടായില്ല.
വാഹനാപകടങ്ങള്‍ക്ക് കാരണങ്ങള്‍ പലതുണ്ടെങ്കിലും റോഡുകളുടെ അപര്യാപ്തതയും നിലവാരക്കുറവുമാണിതില്‍ പ്രധാനം. വാഹനപ്പെരുപ്പത്തിന് അനുസൃതമായി രാജ്യത്ത് റോഡ് സൗകര്യം വര്‍ധിക്കുന്നില്ല. കേരളത്തില്‍ റോഡുകളുടെ ദൈര്‍ഘ്യത്തെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ കിട്ടുന്ന വാഹനസാന്ദ്രത 860 ആണെങ്കില്‍ ഏറ്റവുമധികം വാഹനങ്ങളുള്ള അമേരിക്കയില്‍ ഇത് 240 മാത്രമാണ്. റോഡുകളിലെ നിലവാരത്തിലും ഇന്ത്യ വളരെ പിന്നിലാണ്. കേരളം വിശേഷിച്ചും. ശക്തമായ മഴയാണ് സംസ്ഥാനത്തെ റോഡ് തകര്‍ച്ചക്ക് കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ കേരളത്തെ പോലെ മഴ തിമര്‍ത്തു പെയ്യുന്ന ശ്രീലങ്കയിലെ റോഡുകള്‍ക്ക് ഈ ദുഃസ്ഥിതി ഉണ്ടാകാറില്ല. നന്നായി മഴ വര്‍ഷിക്കുന്ന സിംഗപ്പൂര്‍, മലേഷ്യ പോലുള്ള രാജ്യങ്ങളിലും റോഡുകള്‍ പൊട്ടിപ്പൊളിയുന്നില്ല. നിര്‍മാണത്തിലെ അപാകവും കരാറുകാരുടെയും ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഇടത്തട്ടുകാരുടെയും അഴിമതിയുമാണ് നമ്മുടെ നാട്ടിലെ റോഡ് തകര്‍ച്ചക്ക് പ്രധാന കാരണം. സംസ്ഥാന, ദേശീയ പാതകള്‍ക്കെങ്കിലും മിനിമം ഗ്യാരണ്ടി ഉറപ്പിക്കുകയാണിതിന് പരിഹാരം. മിനിമം ഗ്യാരണ്ടി ലഭിക്കാത്ത റോഡുകളുടെ എന്‍ജിനീയര്‍മാരെയും കരാറുകാരെയും പ്രോസിക്യൂട്ട് ചെയ്യാനും അവരില്‍നിന്നും നഷ്ടം ഈടാക്കാനുമുള്ള നിയമം ആവിഷ്‌കരിക്കണം. കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ നടത്തുന്നത് അപൂര്‍വമാണ്. അടുത്ത കാലവര്‍ഷത്തിന് ഒരാഴ്ച മുമ്പ് മാത്രമാണ് അറ്റകുറ്റപ്പണികളും ടാറിംഗും നടക്കാറുള്ളത്. ഈ അനാസ്ഥ അവസാനപ്പിക്കേണ്ടതുണ്ട്. റീടാറിംഗ് കഴിഞ്ഞ ഉടനെ മറ്റു വകുപ്പുകള്‍ റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതും സാര്‍വത്രികമാണ്. മാസങ്ങള്‍ക്ക് ശേഷമാണ് അത് പൂര്‍വസ്ഥിതിയിലാക്കുന്നത്. ഇതിനും സ്ഥായിയായ പരിഹാരം കാണണം. മദ്യപിച്ചുള്ള ഡ്രൈവിംഗ്, കൗമാര പ്രായക്കാരുടെ ബൈക്ക് അഭ്യാസം തുടങ്ങി വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്ന നിയമലംഘനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഫലപ്രദമായ നിര്‍ദേശങ്ങള്‍ ജുഡീഷ്യല്‍ സമിതിക്ക് മുമ്പാകെ സമര്‍പ്പിക്കുന്നതിന് ചീഫ് സെക്രട്ടറിമാര്‍ ശ്രദ്ധിക്കേണ്ടതാണ്.

 

---- facebook comment plugin here -----

Latest