റായ്ഗഞ്ചില്‍ കുടുംബപ്പോര്

  Posted on: April 22, 2014 11:58 pm | Last updated: April 22, 2014 at 11:58 pm

  വടക്കന്‍ പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് മണ്ഡലത്തില്‍ മത്സരം പൊടിപാറുകയാണ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം പി ദീപാദാസ് മുന്‍ഷിക്ക് എതിരാളി സ്വന്തം വീട്ടില്‍ നിന്ന് തന്നെ. വികസനം ഉയര്‍ത്തി വോട്ട് പിടിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ശക്തമായ മറുപടിയാണ് തൃണമൂലിന്റെ സ്ഥാനാര്‍ഥി. ഒരേ വീട്ടില്‍ കഴിയുന്ന ഇരു സ്ഥാനാര്‍ഥികളും വീടിന് പുറത്തേക്കിറങ്ങിയാല്‍ തിരഞ്ഞെടുപ്പ് പോരിന്റെ ആള്‍രൂപങ്ങളാകും. കോണ്‍ഗ്രസിന്റെ ദീപാ ദാസ്മുന്‍ഷിയും തൃണമൂലിന്റെ പബിത്രരഞ്ജന്‍ ദാസ്മുന്‍ഷിയും പോരാടുന്ന റായ്ഗഞ്ച് ഇത്തവണ ശ്രദ്ധേയമാകുന്നതും കുടുംബ പോരിനെ തുടര്‍ന്നാണ്. ഇരുവര്‍ക്കും ഒപ്പം സി പി എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് സലീമും ഭീഷണിയുയര്‍ത്തി രംഗത്തുണ്ട്.
  ആറാം ഘട്ടത്തിലാണ് റായ്ഗഞ്ച് ബൂത്തിലേക്ക് പോകുന്നത്. അടിസ്ഥാന സൗകര്യ വികസനവും അടച്ചുപൂട്ടിയ സിപിന്നിംഗ് മില്ലും ആണ് ഇവിടെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രചാരണ വിഷയങ്ങള്‍. ജോലിതേടി ആളുകള്‍ നാടുവിടുകയാണെന്ന് കോണ്‍ഗ്രസ് പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസനങ്ങള്‍ ഒപ്പം ചൂണ്ടാക്കാട്ടാനും ദീപ മറക്കുന്നില്ല. ഗ്രാമീണ മേഖലകളില്‍ വൈദ്യുതി എത്തിച്ചതും ഗ്രാമീണ മേഖലയിലേക്ക് റോഡുകള്‍ പണിതതും തന്റെ നേട്ടത്തിന്റെ പട്ടികയില്‍ ദീപ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയിംസ് ക്യാമ്പസ് തുറക്കുന്നതാണ് പരിഗണനയിലുള്ള പ്രധാന പദ്ധതിയെന്നും ദീപ പറയുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ തന്റെ ഭര്‍ത്താവിന്റെ സഹായവും പൊതുപ്രവര്‍ത്തനത്തിന് ലഭിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയാണ് ഇവരുടെ ഭര്‍ത്താവ്. പ്രിയരഞ്ജന്‍ ദാസിന്റെ സഹോദരന്‍ പബിത്രരഞ്ജന്‍ ദാസാണ് ഇവിടത്തെ തൃണമൂല്‍ സ്ഥാനാര്‍ഥി.
  ജനാധിപത്യത്തില്‍ ആര്‍ക്കും മത്സരിക്കാമെന്നും ഏത് പാര്‍ട്ടിയെ പ്രതിനിധാനം ചെയ്യണമെന്നത് അവരാണ് തീരുമാനിക്കേണ്ടതെന്നുമാണ് ഇവരുടെ നിലപാട്. എന്നാല്‍, അദ്ദേഹം തൃണമൂല്‍ പ്രവര്‍ത്തകനല്ലെന്നും തനിക്കെതിരെ തൃണമൂല്‍ പബിത്രരഞ്ജനെ ഉപയോഗിക്കുകയാണെന്നുമാണ് ദീപയുടെ പരാതി.
  പി സി സി അധ്യക്ഷന്‍ അധീര്‍ ചൗധരിയെപ്പോലെ കടുത്ത മമതാവിരുദ്ധ നിലപാടുകാരിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദീപാ ദാസ്മുന്‍ഷി. ഇത് അവര്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ തുറന്ന് പ്രകടിപ്പിക്കുന്നുമുണ്ട്. തൃണമൂലുമായുള്ള കോണ്‍ഗ്രസ് സഖ്യം അവസാനിച്ചതിനെ സ്വാഗതം ചെയത പാരമ്പര്യവും ദീപക്കുണ്ട്. മമതക്കെതിരെ കിട്ടുന്ന അവസരങ്ങളെല്ലാം ഉപയോഗിക്കുന്നതില്‍ ഇവര്‍ പലപ്പോഴും മിടുക്കുകാട്ടുകയും ചെയ്തു. അതുകൊണ്ടുതന്നെയാണ് ദീപക്കെതിരെ മമത സ്വന്തം വീട്ടില്‍നിന്നുതന്നെ ഒരു എതിരാളിയെ നിര്‍ത്തിയതും. രോഗക്കിടക്കയിലായ കോണ്‍ഗ്രസ് കരുത്തന്‍ പ്രിയരഞ്ജന്‍ ദാസ്മുന്‍ഷിയുടെ സഹോദരനാണ് പബിത്രരഞ്ജന്‍ ദാസ്മുന്‍ഷി. കഴിഞ്ഞ ഡിസംബറിലാണ് സത്യ എന്ന പബിത്രരഞ്ജനെ മമത തൃണമൂലിലേക്ക് അടര്‍ത്തിയെടുത്തത്. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോഴാണ് തനിക്കെതിരെയുള്ള തുറുപ്പുചീട്ടായി തന്റെ ഭര്‍ത്താവിന്റെ സഹോദരനെ മമത ഉപയോഗിക്കുന്നത് ദീപക്ക് മനസ്സിലായത്.
  പ്രിയരഞ്ജന്‍ പ്രതിനിധാനം ചെയ്ത കോണ്‍ഗ്രസ് പാരമ്പര്യത്തിന്റെ നേരവകാശി താനാണെന്ന കാര്യമാണ് അവര്‍ വോട്ടര്‍മാരെ ഓര്‍മിപ്പിക്കുന്നത്. കുടുംബം തകര്‍ക്കുന്ന കളിയാണ് മമത കളിക്കുന്നതെന്നും ഇത് വിലപ്പോവില്ലെന്നും പറയുമ്പോള്‍ ഒരു സഹതാപതരംഗം വോട്ടാക്കാനും ഇവര്‍ ശ്രമിക്കുന്നു.
  കൊല്‍ക്കത്തയില്‍ സ്ഥിരതാമസമായ പബിത്രരഞ്ജന്‍ റായ്ഗഞ്ചിലെ കുടുംബ വീട്ടിലേക്ക് വല്ലപ്പോഴുമേ വരാറുണ്ടായിരുന്നുള്ളൂ. എന്നാല്‍, തിരഞ്ഞെടുപ്പായതോടെ ഇവിടെത്തന്നെയാണ് ഇദ്ദേഹം തങ്ങുന്നത്. കുടുംബങ്ങള്‍ക്കിടയിലെ പോര് തിരഞ്ഞെടുപ്പില്‍ വോട്ടാക്കുകയാണ് ഇതിലൂടെ മമത ലക്ഷ്യം വെക്കുന്നത്.
  മണ്ഡലത്തിന്റെ ചരിത്രവും കോണ്‍ഗ്രസിന് അനുകൂലമാണ്. അനുജനും തന്റെ ഭാര്യയും തമ്മിലുള്ള പോരാട്ടത്തിന്റെ കോലാഹലങ്ങളൊന്നുമറിയാതെ മസ്തിഷ്‌കാഘാതബാധിതനായി കിടക്കുന്ന പ്രിയരഞ്ജന്‍ ദാസ്മുന്‍ഷിയുടെ തട്ടകമായ ഇവിടം 1999ലും 2004ലും അദ്ദേഹത്തെ ലോക്‌സഭയിലെത്തിച്ചു. 2009ല്‍ ദീപ ജയിച്ചുകയറിയത് ഒരുലക്ഷത്തില്‍പ്പരം വോട്ടുകള്‍ക്കാണ്. കുടുംബപ്പോര് മൂക്കുമ്പോള്‍ അത് മുതലെടുത്ത് ചെങ്കൊടി പാറിക്കാമെന്ന പ്രതീക്ഷയാണ് സി പി എമ്മിന്റെ മുഹമ്മദ് സലീമിനുള്ളത്. ബി ജെ പിക്കുവേണ്ടി മത്സരിക്കുന്ന നടന്‍ കൂടിയായ നിബു ഭൗമിക്കിന് ജനപ്രീതിയുണ്ട്. തൃണമൂലിനും കോണ്‍ഗ്രസിനും കിട്ടിയിരുന്ന വലതുപക്ഷ, ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാക്കുകയാണ് ഇതിലൂടെ ബി ജെ പി ലക്ഷ്യം വെക്കുന്നത്. ഫലത്തില്‍ ഇത് ഗുണം ചെയ്യുക സി പി എമ്മിനാണ്.
  പരമ്പരാഗത മുസ്‌ലിം വോട്ടുകളും ഇവിടെ നിര്‍ണായകമാണ്. മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിലും സി പി എമ്മിലും വിഭജിച്ചുകിടക്കുകയാണ്. മണ്ഡലത്തിലെ 45 ശതമാനം വോട്ടര്‍മാരും മുസ്‌ലിംകളാണ്. ഇവ നേടാനായാല്‍ വിജയം അനായാസമാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടികള്‍.