എസ് വൈ എസ് അറുപതാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിന് ഒരുക്കങ്ങളായി

Posted on: April 22, 2014 11:56 pm | Last updated: April 22, 2014 at 11:56 pm

കല്‍പ്പറ്റ: നാളെ കല്‍പ്പറ്റയില്‍ നടക്കുന്ന സമസ്ത കേരള സുന്നീ യുവജന സംഘം( എസ് വൈ എസ്) 60ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. സുന്നീ പ്രസ്ഥാനത്തിന്റെ സംഘ ചലനങ്ങള്‍ക്കൊപ്പം അണിനിരന്ന വയനാടിന്റെ പാരമ്പര്യത്തിന് പുതിയ അധ്യായം രചിക്കുന്നതാകും കല്‍പ്പറ്റയിലെ പ്രഖ്യാപന സമ്മേളനം. ഓരോ പ്രവര്‍ത്തകനും ഓരോ ഘടകത്തിനും സജീവ പങ്കാളിത്തം ലഭിക്കുന്ന ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന കര്‍മ പദ്ധതികളാണ് പ്രഖ്യാപിക്കുക. വൈകീട്ട് നാലിന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ വാര്‍ഷികാഘോഷ പ്രഖ്യാപനം നടത്തുന്നതോടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആഘോഷ പരിപാടികള്‍ 2015 ഏപ്രില്‍ 30ന് സമാപിക്കും. കല്‍പ്പറ്റ ബൈപാസ് റോഡിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തില്‍ സംസ്ഥാനത്തെ 125 സോണുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുക. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എസ് വൈ എസ് സംഘടിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളുടെ വിശദാംശങ്ങള്‍, സമ്മേളന പ്രമേയം, ലോഗോ എന്നിവ ചടങ്ങില്‍ പ്രഖ്യാപിക്കും.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത വൈസ് പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, അബൂഹനീഫല്‍ ഫൈസി തെന്നല, കെ അബ്ദുല്‍ കലാം പ്രസംഗിക്കും.
1954 ല്‍ രൂപവത്കൃതമായ സമസ്ത കേരള സുന്നീയുവജന സംഘത്തിന് കേരളത്തില്‍ ആയിരത്തിലധികം യൂനിറ്റുകളും പന്ത്രണ്ട് ലക്ഷം അംഗങ്ങളുമുണ്ട്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലും വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും എസ് വൈ എസിന്റെ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്ക് വേണ്ടി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍(ഐ സി എഫ്) എന്ന പേരില്‍ പ്രവാസി ഘടകവും പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ഇന്ത്യയിലെ ശക്തവും വിപുലവുമായ മുസ്‌ലിം യുവജന പ്രസ്ഥാനമായി എസ് വൈ എസ് ഇതിനോടകം വളര്‍ന്നു കഴിഞ്ഞു. കൂടുതല്‍ പ്രദേശങ്ങളിലേക്ക് എസ് വൈ എസിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുകയാണെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു. മിഷന്‍ 2014ല്‍ എത്തി നില്‍ക്കുന്ന സംഘടനയുടെ സാന്ത്വന-സേവന പ്രവര്‍ത്തനങ്ങളുടെ ഉജ്ജ്വല തുടര്‍ച്ചയാകും 60ാം വാര്‍ഷിക കര്‍മ പദ്ധതികള്‍. പ്രഖ്യാപന സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകളും നടന്നു കഴിഞ്ഞു.
പ്രഖ്യാപനം വിളംബരം ചെയ്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീണ്ടു നിന്ന ഉത്തര-ദക്ഷിണ മേഖലാ സന്ദേശയാത്രകളും നടത്തി. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ കെ എസ് മുഹമ്മദ് സഖാഫി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് യു കെ എം അഷ്‌റഫ് സഖാഫി കാമിലി, ജനറല്‍ സെക്രട്ടറി ഉമര്‍ സഖാഫി കല്ലിയോട,് എസ് അബ്ദുല്ല എന്നിവരും സംബന്ധിച്ചു.