ആര്‍ എസ് പി ഘടകങ്ങളുടെ ലയനം: മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി

Posted on: April 22, 2014 12:26 am | Last updated: April 22, 2014 at 12:26 am

തിരുവനന്തപുരം: ആര്‍ എസ് പി ഇടതുമുന്നണി വിട്ട് യു ഡി എഫില്‍ ചേര്‍ന്ന സാഹചര്യത്തില്‍ നിലവില്‍ യു ഡി എഫിലുള്ള ആര്‍ എസ് പി-ബിയുമായുള്ള ലയനവും തുടര്‍ നടപടികളും സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ആര്‍ എസ് പി സംസ്ഥാന സമിതി യോഗം മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എ അസീസ്, മുന്‍ സെക്രട്ടറി വി പി രാമകൃഷ്ണ പിള്ള, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. ലയനത്തിന് ഇന്നലെ ചേര്‍ന്ന സംസ്ഥാന സമിതി യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. ലയന സമ്മേളനം ഈ മാസം 26ന് നടത്താനും ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഏകദേശ ധാരണയായി.
ഇരു പാര്‍ട്ടികളുടെയും ലയനത്തെ തുടര്‍ന്ന് പാര്‍ട്ടി മന്ത്രിക്ക് കൂടുതല്‍ വകുപ്പുകള്‍ നല്‍കണമെന്ന ആവശ്യം യു ഡി എഫ് യോഗത്തില്‍ ഉന്നയിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുകയോ ഏകപക്ഷീയമായ തീരുമാനം എടുക്കുകയോ ചെയ്യില്ല. ലയനശേഷം ഇരു പാര്‍ട്ടി നേതാക്കളും ഒരുമിച്ച് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്.
കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യോഗം വിലയിരുത്തി. മുപ്പതിനായിരത്തിനും അമ്പതിനായിരത്തിനും ഇടയില്‍ ഭൂരിപക്ഷം ലഭിക്കുമെന്നാണ് നിഗമനം. എല്‍ ഡി എഫ് ബന്ധം ഉപേക്ഷിച്ച് പെട്ടെന്ന് യു ഡി എഫിലെത്തിയ കക്ഷിയാണെങ്കിലും കോണ്‍ഗ്രസും ഘടകകക്ഷികളും ആര്‍ എസ് പിക്ക് മികച്ച പിന്തുണയാണ് നല്‍കിയത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും മുമ്പ് എല്‍ ഡി എഫില്‍ നിന്നു കിട്ടിയിട്ടില്ലാത്ത പിന്തുണ യു ഡി എഫിലെ കക്ഷികള്‍ നല്‍കിയെന്നും ലയിച്ചില്ലെങ്കിലും ഇരു ആര്‍ എസ് പി ഘടകങ്ങളും യു ഡി എഫ് സംവിധാനവും കൊല്ലത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചതായും യോഗം വിലയിരുത്തി.
ഇരവിപുരത്തും ചവറയിലും പോളിംഗ് വര്‍ധിച്ചത് പ്രേമചന്ദ്രന്റെ വിജയ സാധ്യത കൂട്ടുന്നതാണ്. ചടയമംഗലത്ത് മാത്രമാണ് ഭൂരിപക്ഷത്തില്‍ കുറവുണ്ടാവുക. പ്രേമചന്ദ്രന്‍ വിജയിക്കുകയാണെങ്കില്‍ അത് ബി ജെ പി വോട്ട് മറിച്ചതാണെന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം എ ബേബിയുടെ പ്രസ്താവന സംസ്ഥാന സമിതി യോഗം തള്ളി. ബേബിയുടെത് മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
കൊല്ലം സീറ്റിനെ ചൊല്ലി സി പി എമ്മുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ആര്‍ എസ് പി ഇടതുമുന്നണി വിട്ടത്. ഇതേത്തുടര്‍ന്നാണ് യു ഡി എഫ് പക്ഷത്തുള്ള ആര്‍ എസ് പി ബിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
ഇരു പാര്‍ട്ടികളും ഔദ്യോഗികമായി ഇതുവരെ ലയിച്ചിട്ടില്ല. ലയനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഷിബു ബേബി ജോണിന്റെ നേതൃത്വത്തിലുള്ള ആര്‍ എസ് പി-ബിയുടെ സംസ്ഥാന സമിതിയോഗവും ഇന്നു ചേരും.