മരുന്ന് പരീക്ഷണം: ഇരകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണം – സുപ്രീം കോടതി

Posted on: April 21, 2014 3:10 pm | Last updated: April 22, 2014 at 2:29 pm

supreme courtന്യൂഡല്‍ഹി: മരുന്ന് പരീക്ഷണത്തിന് ഇരയായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 2005 മുതല്‍ 2012 വരെ പരീക്ഷണത്തിനിരകളായ 506 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവ്. സ്‌പോണ്‍സര്‍മാരുടെ പണത്തിന് കാത്തു നില്‍ക്കാതെ സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

നഷ്ടപരിഹാരം നല്‍കാന്‍ വൈകിയതിന്റെ കാരണം വിദശീകരിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മേലില്‍ കര്‍ശന വ്യവസ്ഥകളോടെ മാത്രമേ മരുന്ന് പരീക്ഷണം അനുവദിക്കാവൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

2005-2012 കാലയളവില്‍ നടന്ന വിവിധ മരുന്ന് പരീക്ഷണങ്ങളില്‍ 2644 പേര്‍ മരിച്ചുവെന്നാണ് കണക്ക്. 11,972 പേര്‍ക്ക് പാര്‍ശ്വഫലങ്ങളുണ്ടായി. 57,303 പേരെ പരീക്ഷണത്തിന് ഉപയോഗിച്ചുവെന്നും 2013 ഏപ്രിലില്‍ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.