പത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബം ഇടപെടരുത്: അമികസ് ക്യൂറി

Posted on: April 18, 2014 3:03 pm | Last updated: April 19, 2014 at 10:18 am

padmanabhaswamiന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തില്‍ രാജകുടുംബം ഇടപെടരുതെന്ന് അമികസ് ക്യൂറി സുപ്രീംകോടതിയില്‍. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നോക്കാനായി ഇടക്കാല ഭരണ സമിതിയെ നിയേഗിക്കണം. രാജകുടുംബത്തിന് തങ്ങളുടെ അഭിപ്രായങ്ങള്‍ വേണമെങ്കില്‍ രേഖാമൂലം അറിയിക്കമെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച 550 പേജുള്ള റിപ്പോര്‍ട്ടില്‍ അമികസ് ക്യൂറി നിര്‍ദേശിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രമഹ്ണ്യത്തെയാണ് അമികസ് ക്യൂറിയായി സുപ്രീംകോടതി നിയോഗിച്ചത്. അമികസ് ക്യൂറി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി നേരിട്ട് തെളിവെടുപ്പ് നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ക്ഷേത്രത്തിന്റെ ശരിയായ നടത്തിപ്പിനുള്ള നിര്‍ദേശങ്ങളും അമികസ് ക്യൂറി മുന്നോട്ട് വെക്കുന്നുണ്ട്. ക്ഷേത്രസ്വത്തിന്‍മേലുള്ള രാജകുടുംബത്തിന്റെ പ്രത്യേ അധികാരം എടുത്തുകളയണം. രാജകുടുംബം സ്വാകാര്യ സ്വത്ത് പോലെയാണ് ക്ഷേത്ര സ്വത്ത് കൈകാര്യം ചെയ്യുന്നത്. രാജകുടുംബവും ക്ഷേത്ര ഭരണാധികാരികളും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട്. ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചകളുണ്ടായി. ക്ഷേത്രത്തിലെ എക്‌സിക്യൂട്ടീവ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍മാരെ തല്‍സ്ഥാനങ്ങളില്‍ നിന്നും നീക്കണം. മുന്‍ സി എ ജി വിനോദ് റായിയെക്കൊണ്ട് ക്ഷേത്രത്തിന്റെ മൊത്തം കണക്കുകള്‍ ഓഡിറ്റ് ചെയ്യിപ്പിക്കണമെന്നും അമികസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷേത്ര കാര്യത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുന്നില്ല. ക്ഷേത്രത്തിന്റെ താക്കോല്‍ ജില്ലാ ജഡ്ജിയെ ഏല്‍പ്പിക്കണം. സര്‍ക്കാറിന് സമാന്തരമായ ഭരണണകൂടം തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു. സംഘടിതമായ സ്വര്‍ണം കടത്താന്‍ ശ്രമിക്കുകയും ഇത് തടയാന്‍ ശ്രമിച്ചവരെ മാരകമായി ആക്രമിക്കുകയും ചെയ്തു. ആസിഡാക്രമണമാണ് ഒരു ജീവനക്കാരന് ഏല്‍ക്കേണ്ടി വന്നത്. എന്നാല്‍ ഈ സംഭവം ശരിയായി അന്വേഷണത്തിന് വിധേയമാക്കിയില്ല. കോടതി വിധികള്‍ അധികാരികള്‍ മാനിച്ചില്ലെന്ന് മാത്രമല്ല, വിധിയുടെ പകര്‍പ്പ് കീറിയെറിയുകയും ചെയ്തുവെന്നും അമികസ് ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കേസ് 23ന് പരിഗണിക്കും.