Connect with us

Ongoing News

ഇറോം ശര്‍മിളക്ക് ഇത്തവണയും വോട്ട് ചെയ്യാനായില്ല

Published

|

Last Updated

ഇംഫാല്‍: സായുധ സേനകള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭീകരവിരുദ്ധ നിയമത്തിനെതിരെ കഴിഞ്ഞ പതിമൂന്ന് വര്‍ഷങ്ങളായി നിരാഹാര സമരം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള ഛാനുവിന് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമ്മതിദാനാവകാശം നിറവേറ്റാനായില്ല. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 62(5) പ്രകാരം ജയിലിലടക്കപ്പെട്ട ഒരു വ്യക്തിക്ക് വോട്ടവകാശമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. “സമ്മതിദാനാവകാശം നിറവേറ്റാന്‍ താത്പര്യമുണ്ടെന്ന് ശര്‍മിള അധികാരികളെ അറിയിച്ചിരുന്നു. പക്ഷേ, നിയമമനുസരിച്ച് അവരുടെ അപേക്ഷ അനുവദിക്കാന്‍ ഞങ്ങള്‍ക്കാകില്ല.” -ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കെ വോട്ട് ചെയ്തിട്ടില്ലെന്നും പുതിയ അഴിമതിവിരുദ്ധ പാര്‍ട്ടിയായ ആം ആദ്മി പാര്‍ട്ടിയുടെ പിറവി എന്റെ ചിന്താഗതിതന്നെ മാറ്റുകയുണ്ടായിയെന്നും ഈയിടെ ഇംഫാലില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കവെ നാല്‍പ്പത്തിരണ്ടുകാരിയായ ശര്‍മിള പറഞ്ഞിരുന്നു. മണിപ്പൂരിലെ രണ്ട് ലോക്‌സഭാ സീറ്റുകളില്‍ ഇന്നര്‍ മണിപ്പൂരിലേക്ക് വ്യാഴാഴ്ചയാണ ്‌പോളിംഗ് നടന്നത്. ഗോത്രവര്‍ഗക്കാര്‍ക്കായി സംവരണം ചെയ്ത ഔട്ടര്‍ മണിപ്പൂര്‍ സീറ്റിലേക്ക് ഏപ്രില്‍ ഒമ്പതിനും പോളിംഗ് നടന്നു.
സായുധ സേനകള്‍ക്ക് പ്രത്യേകാധികാരങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന 1958ലെ നിയമം (എ എഫ് എസ് പി എ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2000 നവംബര്‍ നാലിനാണ് ഷര്‍മിള അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. ആത്മഹത്യക്ക് ശ്രമിക്കുന്നുവെന്നാരോപിച്ചാണ് മണിപ്പൂര്‍ പോലീസ് ശര്‍മിളയെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്. ഈ നിയമ പ്രകാരം ഒരാളെ തുടര്‍ച്ചയായി ഒരു വര്‍ഷം വരെ കസ്റ്റഡിയില്‍ വെക്കാന്‍ അധികാരമുണ്ട്. ഈ നിയമമനുസരിച്ച് നിയന്ത്രണങ്ങളില്ലാത്ത അധികാരങ്ങള്‍ സുരക്ഷാ സേനക്കുണ്ട്. അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാനും വാറണ്ട് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും സംശയമുള്ള സ്ഥലങ്ങളില്‍ ഏതവസരത്തിലും പരിശോധനകള്‍ നടത്താനും സുരക്ഷാ സേനക്ക് അവകാശമുണ്ടായിരിക്കും.
അനിശ്ചിതകാല ഉപവാസത്തെ തുടര്‍ന്ന് ശര്‍മിളയുടെ ആരോഗ്യനില ഏറെ മോശമായതിനാല്‍ അവരെ ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഒറ്റ മുറിയില്‍ അടച്ചിരിക്കുകയാണ്.
ആശുപത്രി മുറി സബ് ജയിലായി പ്രഖ്യാപിച്ചിട്ടുമുണ്ട്.

---- facebook comment plugin here -----

Latest