Connect with us

Kannur

ആനക്കൂട്ടം കാടിറങ്ങുന്നത് തടയാന്‍ ഇനി 'തേനീച്ച വേലി'

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തെ വനാതിര്‍ത്തിയിലെ കൃഷിയിടങ്ങളില്‍ ആനക്കൂട്ടത്തിന്റെ കടന്നാക്രമത്തില്‍ കാര്‍ഷിക വിളകള്‍ നശിക്കുന്നത് പതിവായ സാഹചര്യത്തില്‍ ആനക്കൂട്ടം കാടിറങ്ങുന്നത് തടയാന്‍ ആഫ്രിക്കന്‍ മാതൃകയില്‍ തേനീച്ച വേലിയൊരുങ്ങുന്നു. ഓരോ വര്‍ഷവും വനത്തോട് ചേര്‍ന്ന് കിടക്കുന്ന ഹെക്ടര്‍ കണക്കിന് പ്രദേശത്ത് നിന്നും കാട്ടാനക്കൂട്ടത്തിന്റെ പരാക്രമത്തില്‍ കാര്‍ഷിക വിളകള്‍ നശിക്കുന്നത് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രശ്‌ന പരിഹാരം കാണാന്‍ നിര്‍ദേശമുയര്‍ന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ കേരള വന ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരാണ് കാടിറങ്ങുന്ന ആനക്കൂട്ടത്തെ തുരത്താന്‍ ആഫ്രിക്കന്‍ മാതൃകയിലുള്ള തേനീച്ച വേലി പരീക്ഷണവുമായി രംഗത്തെത്തിയത്. മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടത്തിന് സമീപം വനാതിര്‍ത്തിയില്‍ 20 തേനീച്ച വേലികള്‍ സ്ഥാപിച്ചാണ് പരീക്ഷണം തുടങ്ങിയത്. പ്രത്യേക രീതിയില്‍ തയ്യാറാക്കിയ വേലിയില്‍ തേനീച്ചക്കൂട് സ്ഥാപിച്ച് ആനകളെ തുരത്താനാണ് നടപടി. ആനത്താരകളോടനുബന്ധിച്ചുള്ള വനത്തോട് ചേര്‍ന്നുള്ള കേന്ദ്രങ്ങളില്‍ സ്ഥാപിച്ച വേലികള്‍ക്കടുത്ത് ആനകള്‍ എത്തുമ്പോള്‍ തേനീച്ചകളുടെ മുരള്‍ച്ച കേട്ട് ആനകള്‍ തിരിച്ചുപോകുന്നതായാണ് കണക്കാക്കിയിട്ടുള്ളത്. മൂന്ന് ആഴ്ച മുമ്പാണ് ഇത്തരത്തില്‍ വന ഗവേഷണ കേന്ദ്രം വേലികള്‍ സ്ഥാപിച്ച് തുടങ്ങിയതെന്ന് ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞനായ ഡോ. ജയ്‌സണ്‍ പറഞ്ഞു. ഒരു വര്‍ഷത്തോളം ഇത്തരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം പൂര്‍ത്തിയായ ശേഷം മാത്രമെ തേനീച്ച വേലിയുടെ ഗുണം പൂര്‍ണമായും കര്‍ഷകര്‍ക്ക് ലഭ്യമാകുകയുള്ളൂ.
12600 ച. കി. മീ. വിസ്തൃതിയുള്ള നീലഗിരി, വയനാട്, മുതുമല, ബന്ദിപ്പൂര്‍, നാഗര്‍ഹോളെ, സത്യമംഗലം, കൊള്ളീഗല്‍, ഹൊസൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വനമേഖലയിലാണ് ആനകള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. ഏതാണ്ട് 6300 ഓളം ആനകളാണ് ഈ പ്രദേശത്തുള്ളതായി കണക്കാക്കിയിട്ടുള്ളത്. മുള ഉള്‍പ്പെടെയുള്ള പുല്ല് വര്‍ഗങ്ങളും മറ്റ് സസ്യങ്ങളും ഭക്ഷിച്ച് കഴിയുന്ന ആനകള്‍ക്ക് ചുറ്റി സഞ്ചരിച്ച് ഭക്ഷണവും വെള്ളവും തേടുന്നതിന് ഏകദേശം 7500-10000 ച. കി.മീ. വനപ്രദേശം വേണം. ഇത്തരം വനപ്രദേശങ്ങളെ എലിഫെന്റ് റിസര്‍വുകളായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ആനകള്‍ കാടിറങ്ങുന്നതിന് വലിയ മാറ്റമുണ്ടായിട്ടില്ല. തൃശൂര്‍, കണ്ണൂര്‍, വയനാട്, മലപ്പുറം, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെല്ലാം ആനക്കൂട്ടത്തിന്റെ പരാക്രമത്തില്‍ ഏക്കറുകണക്കിന് സ്ഥലങ്ങളിലെ കാര്‍ഷിക വിളകള്‍ നശിച്ചിട്ടുണ്ട്.