ഷാനിമോള്‍ ഉസ്മാനെതിരെ ആലപ്പുഴ ഡിസിസിയുടെ പരാതി

Posted on: April 17, 2014 3:38 pm | Last updated: April 18, 2014 at 7:44 am

shanimol_osmanആലപ്പുഴ: എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറാണ് ഷാനി മോള്‍ ഉസ്മാനെതിരെ കെപിസിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രചാരണത്തില്‍ നിന്നും ഷാനിമോള്‍ ഉസ്മാന്‍ വിട്ട് നില്‍ക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആലപ്പുഴ, വയനാട്, പത്തനംതിട്ട തുടങ്ങിയ മണ്ഡലങ്ങളിലേ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷാനിമോളുടെ പേര് സജീവമായി പരിഗണിച്ചിരുന്നെങ്കിലും അന്തിമ തീരുമാനത്തില്‍ ഷാനിമോള്‍ തഴയപ്പെടുകയായിരുന്നു. വയനാട്ടിലും, ആലപ്പുഴയിലും, പത്തനംതിട്ടയിലും സിറ്റിംഗ് എംപിമാര്‍ തന്നെ മത്സരരംഗത്ത് എത്തിയതാണ് ഷാനിമോള്‍ ഉസ്മാന് സീറ്റ് നിഷേധിക്കപ്പെടാന്‍ കാരണം. ഇത് ചൂണ്ടിക്കാട്ടി ഷാനിമോള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് ആലപ്പുഴയിലെ സിറ്റിംഗ് എംപിയായ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി. വേണുഗോപാലിനെ പരാജയപ്പെടുത്താന്‍ ഷാനിമോള്‍ ശ്രമിച്ചെന്ന ആരോപണം ഡിസിസി പ്രസിഡന്റ് തന്നെ ഉന്നയിച്ചിരിക്കുന്നത്.