അഞ്ചാംഘട്ട തെരഞ്ഞെടുപ്പ്: ഭേദപ്പെട്ട പോളിംഗ്‌

Posted on: April 17, 2014 7:37 am | Last updated: April 18, 2014 at 12:51 am

polling

ന്യൂഡല്‍ഹി: പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 121 മണ്ഡലങ്ങളിലേക്ക് നടന്ന അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ മെച്ചപ്പെട്ട പോളിങ്. ശരാശരി അറുപത് ശതമാനത്തില്‍ അധികം വോട്ടുകള്‍ പോള്‍ ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില മേഖലകളില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായി. ജസ്വന്ത് സിംഗ്, സുശീല്‍കുമാര്‍ ഷിന്‍ഡെ, സച്ചിന്‍ പൈലറ്റ്, നന്ദന്‍ നീലേക്കനി തുടങ്ങിയ പ്രമുഖരാണ് ഇന്ന് ജനവിധി തേടിയത്.

ബംഗളൂരില്‍ കോണ്‍ഗ്രസിന് വേണ്ടി മുന്‍ ആധാര്‍ ചെയര്‍മാന്‍ നന്ദന്‍ നിലേകനി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവ ഗൗഡ, മനേകാ ഗാന്ധി, കേന്ദ്രമന്ത്രി വീരപ്പ മൊയ്‌ലി, ശ്രീകാന്ത് ജീന, സുപ്രിയ സുലെ, ലാലു പ്രസാദ് യാദവിന്റെ ഇളയ മകള്‍ മിസാ ഭാരതി തുടങ്ങിയ 1,769 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. 16.61 കോടി ജനങ്ങളാണ് ഇന്ന് ബൂത്തിലേക്ക് പോകുന്നത്. 2009ല്‍ 36 സീറ്റുകളില്‍ കോണ്‍ഗ്രസും 40 സീറ്റുകളില്‍ ബി ജെ പിയുമാണ് വിജയിച്ചത്.
ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസും ബി ജെ പിയുമാണ് ഏറ്റുമുട്ടുന്നത്. ബംഗളൂരുവിലെ വിവിധ മണ്ഡലങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയും ഈ കക്ഷികള്‍ക്ക് വെല്ലുവിളിയുയര്‍ത്തി രംഗത്തുണ്ട്. നന്ദന്‍ നിലേകനി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി എന്നിവരാണ് കര്‍ണാടകയില്‍ നിന്ന് ജനവിധി തേടുന്ന പ്രമുഖര്‍. സിക്കിമില്‍ ഏക ലോക്‌സഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നാണ്. 32 നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്കും ഇവിടത്തുകാര്‍ ഇന്ന് ജനവിധിയെഴുതും.

പുതുതായി രൂപവത്കരിക്കപ്പെട്ട സിക്കിം ക്രാന്തികാരി മോര്‍ച്ചയും ഭരണകക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് എന്നിവരാണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ഇവിടെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഇടതടവില്ലാതെ ഭരിക്കുകയാണ്. മൂന്ന് ഘട്ടമായാണ് അസമില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ടമാണ് ഇന്നത്തെ തിരഞ്ഞെടുപ്പ്. ചില ജില്ലകളില്‍ ഇന്ന് ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മണ്ഡലങ്ങളിലേക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് അസമില്‍ നടക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുള്ള സംസ്ഥാനങ്ങളില്‍ 156 കമ്പനി കേന്ദ്ര സേനയെ നിയോഗിച്ചിട്ടുണ്ട്. 27,000 പോലീസുകാരും തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും.

ഒഡീഷയിലെ 70 നിയമസഭാ മണ്ഡലങ്ങളിലെ 50 മണ്ഡലങ്ങളിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
രാജസ്ഥാനിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. രണ്ടെണ്ണം പട്ടികജാതിക്കാര്‍ക്കും, രണ്ടെണ്ണം പട്ടികവര്‍ഗ്ഗക്കാര്‍ക്കുമായി സംവരണം ചെയ്തിരിക്കുന്നു. 3,46,17,656 വോട്ടര്‍മാരില്‍ 1,81,06,570 പുരുഷന്മാരും, 1,64,35,104 സ്ത്രീകളുമാണ്. 14 ഇതര വിഭാഗത്തില്‍പ്പെട്ടവരും 75,968 സര്‍വീസ് വോട്ടര്‍മാരുമുണ്ട്. മൊത്തം 239 സ്ഥാനാര്‍ഥികളുള്ളതില്‍ 17 പേര്‍ വനിതകളാണ്. 17 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്ന ഗംഗാനഗര്‍ മണ്ഡലത്തില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ മത്സരിക്കുന്നത്. ആറ് പേര്‍ വീതം ജനവിധി തേടുന്ന ബന്‍സ്വാര, ജലവര്‍-ബരാന്‍ എന്നീ മണ്ഡലങ്ങളാണ് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ കുറവുള്ള മണ്ഡലങ്ങള്‍.

ബി ജെ പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ 20 സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുന്നുണ്ട്. ബി എസ് പി 18 പേരെയും സി പി ഐ, സി പി എം എന്നീ പാര്‍ട്ടികളില്‍ നിന്ന് മൂന്ന് സ്ഥാനാര്‍ഥികള്‍ വീതവും, എന്‍ സിപി യില്‍ നിന്ന് ഒരു സ്ഥാനാര്‍ഥിയും രജിസ്റ്റര്‍ ചെയ്യപ്പെട്ട അംഗീകാരമില്ലാത്ത പാര്‍ട്ടികളില്‍ നിന്ന് 84 പേരും, 90 സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏറ്റവും വലിയ പാര്‍ലിമെന്റ് മണ്ഡലം ജയ്പൂരും, ഏറ്റവും ചെറുത് ബീക്കാനീറുമാണ്.
കര്‍ണാടകയിലെ 28 ലോക്‌സഭാ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. 54,294 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ഇവയില്‍ 8,658 എണ്ണം അതീവ പ്രശ്‌ന ബാധിതവും 14,400 പ്രശ്‌നബാധിത ബൂത്തുകളുമായി പ്രഖ്യാപിച്ചിട്ടുണ്ട്. 435 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 4.62 കോടി പേരാണ് ഇന്ന് വോട്ട് ചെയ്യുക. കഴിഞ്ഞ മെയിലായിരുന്നു ഇവിടെ സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ബി ജെ പിയാണ് അധികാരത്തില്‍ തിരിച്ചെത്തിയത്. സംസ്ഥാനത്ത് സുരക്ഷക്കായി 85000 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. കള്ളപ്പണം ഒഴുകുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് വ്യാപക പരിശോധനകളും നടത്തുന്നുണ്ട്.