വെറ്റക്‌സ് ജല-ഊര്‍ജ പ്രദര്‍ശനത്തിന് തുടക്കമായി

Posted on: April 16, 2014 11:23 pm | Last updated: April 16, 2014 at 10:35 pm

New Imageദുബൈ: 16-ാമത് വെറ്റക്‌സ് പ്രദര്‍ശനത്തിന് തുടക്കമായി. വാട്ടര്‍, എനര്‍ജി, ടെക്‌നോളജി ആന്‍ഡ് എന്‍വയര്‍മെന്റ് എക്‌സ്ബിഷന്‍(വെറ്റക്‌സ്) ദുബൈ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് എല്ലാ വര്‍ഷവും ജല, ഊര്‍ജ, സാങ്കേതികവിദ്യ പരിസ്ഥിതി പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
പരിസ്ഥിതി സൗഹൃദ സമ്പദ്ഘടന സൃഷ്ടിക്കാനാണ് ഈ വര്‍ഷത്തെ വെറ്റക്‌സ് പ്രദര്‍ശനം ഊന്നല്‍ നല്‍കുന്നത്. ലോകം അഭിമുഖീകരിക്കുന്ന ഊര്‍ജ പ്രശ്‌നങ്ങള്‍ക്ക് പരമാവധി പരിസ്ഥിതി സൗഹൃദ പരിഹാരങ്ങള്‍ സൃഷ്ടിച്ചെടുക്കാനും പ്രദര്‍ശനത്തിലൂടെ ദുബൈ ലക്ഷ്യമിടുന്നു. ഊര്‍ജ രംഗത്തും ജല വിനിയോഗത്തിലുമെല്ലാം ലഭ്യമായ സാങ്കേതിക വിദ്യകളിലൂടെ സുസ്ഥിര വികസനം സാധ്യമാക്കാനാണ് ദുബൈ പരിശ്രമിക്കുന്നത്.
ഇന്നലെ ആരംഭിച്ച പ്രദര്‍ശനം നാളെ സമാപിക്കും. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ ഹാള്‍ നമ്പര്‍ ഒന്നു മുതല്‍ എട്ടു വരെയും ഒപ്പം അല്‍ സബീല്‍ ഹാളിലുമായാണ് വെറ്റക്‌സ് പ്രദര്‍ശനം നടക്കുന്നത്. മൊത്തം 47,230 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് പ്രദര്‍ശനം.
ജല- പരിസ്ഥിതി മന്ത്രി ഡോ. റാശിദ് അഹമ്മദ് മുഹമ്മദ് ബിന്‍ ഫഹദ്, ദുബൈ റൂളേഴ്‌സ് കോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹീം അല്‍ ശൈബാനി, ദുബൈ ഹെല്‍ത്ത് അതോറിറ്റി ചെയര്‍മാന്‍ എഞ്ചി. ഈസ അല്‍ ഹജ്ജ് അല്‍ മൈദൂര്‍, ദുബൈ സുപ്രീം കൗണ്‍സില്‍ ഫോര്‍ എനര്‍ജി സെക്രട്ടറി ജനറല്‍ അഹമ്മദ് ബുട്ടി അല്‍ മുഹൈറബി, നഖീല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയര്‍മാന്‍ അലി റാശിദ് ലൂത്ത, സല്‍മ അലി സെയ്ഫ് ബിന്‍ ഹാരിസ്, ഖാമിസ് ബുആമിന്‍ തുടങ്ങിയവര്‍ക്കൊപ്പം വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരും കോണ്‍സുല്‍ ജനറല്‍മാരും പങ്കെടുത്തു.