ബലിയാടോ ഗൂഢാലോചകനോ? കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി വീണ്ടും പുസ്തകം

  Posted on: April 15, 2014 9:17 am | Last updated: April 15, 2014 at 9:17 am

  Crusader-or-Conspirator-Coalgate-and-Other-Truthsന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി ഒരു പുസ്തകം കൂടി. ഇത്തവണയും ലക്ഷ്യം വെക്കുന്നത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ തന്നെയാണ്. അദ്ദേഹത്തിന്റെ മുന്‍ ഉപദേഷ്ടാവ് സഞ്ജയ് ബാരുവാണ് ആദ്യം പുസ്തകവുമായി എത്തിയതെങ്കില്‍ ഇത്തവണത്തെ ആക്രമണം മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖിന്റെ വകയാണ്. കല്‍ക്കരി കേസില്‍ സി ബി ഐ അന്വേഷണം നേരിടുന്നയാളാണ് പരേഖ്.
  ‘ക്രൂസൈഡര്‍ ഓര്‍ കോണ്‍സ്പറേറ്റര്‍? കോള്‍ഗേറ്റ് ആന്‍ഡ് അദര്‍ ട്രുത്ത്‌സ്’ എന്ന പുസ്തകത്തില്‍ തന്റെ ഔദ്യോഗിക കാലത്തെ അനുഭവങ്ങളാണ് അദ്ദേഹം നിരത്തുന്നത്. ഇതില്‍ രണ്ട് വലിയ അധ്യായങ്ങള്‍ കല്‍ക്കരി കുംഭകോണത്തെ കുറിച്ചാണ്. കല്‍ക്കരി കേസില്‍ തന്നെ അനാവശ്യമായി കുടുക്കിയ സി ബി ഐ അന്ന് കല്‍ക്കരി മന്ത്രാലയം കൈയാളിയിരുന്ന മന്‍മോഹനെ ഒഴിവാക്കിയെന്ന് പരേഖ് കുറ്റപ്പെടുത്തുന്നു. തനിക്ക് ചുറ്റും അഴിമതി നടക്കുമ്പോള്‍ ചെറുവിരലനക്കാന്‍ കഴിയാത്ത ദുര്‍ബലനായിരുന്നു സിംഗ്. മന്ത്രിമാരെ നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിക്കായില്ലെന്നും പുസ്തകത്തില്‍ പറയുന്നു.
  കല്‍ക്കരി പാടങ്ങള്‍ വ്യവസ്ഥാപിതമായി ലേലം ചെയ്യാനാണ് താന്‍ തീരുമാനിച്ചത്. എന്നാല്‍, കോണ്‍ഗ്രസിലെയും ഭരണ സഖ്യത്തിലെയും സ്ഥാപിത താത്പര്യക്കാര്‍ അതിനനുവദിച്ചില്ല. ഇത്തരം സ്ഥാപിത താത്പര്യക്കാരെ അകറ്റി നിര്‍ത്താനുള്ള ഇച്ഛാശക്തി പ്രധാനമന്ത്രിക്ക് ഇല്ലായിരുന്നു. മത്സര ലേലം നടത്താന്‍ തന്നെയായിരുന്നു മന്‍മോഹന്‍ സിംഗിന്റെയും താത്പര്യം. എന്നാല്‍, വിവിധ സംസ്ഥാന നേതാക്കളുടെയും കല്‍ക്കരി പാടം കൈക്കലാക്കാന്‍ ശ്രമിക്കുന്ന വന്‍കിടക്കാരുടെയും സമ്മര്‍ദത്തിന് അദ്ദേഹം വഴങ്ങി. തന്റെ മേലും കടുത്ത സമ്മര്‍ദങ്ങളുണ്ടായി. വിരമിച്ചാല്‍ ഉന്നത ജോലി, ബിസിനസില്‍ പങ്കാളിത്തം, കൈക്കൂലി തുടങ്ങിയവ മുന്നോട്ടു വെച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചു. സൗഹൃദങ്ങള്‍ വെച്ച് വിലപേശി. ഭീഷണിയും ബ്ലാക്ക് മെയിലിംഗുമുണ്ടായി. ഈ സമ്മര്‍ദങ്ങളെ അതിജീവിക്കാന്‍ ചിലര്‍ക്കേ സാധിക്കൂ. മറ്റുള്ളവര്‍ കീഴടങ്ങും- പുസ്തകത്തില്‍ പരേഖ് പറയുന്നു.
  അതേസമയം, പ്രധാനമന്ത്രി ഏതെങ്കിലും ഒരു കമ്പനിക്ക് വേണ്ടി ശിപാര്‍ശ ചെയ്യുകയോ സമ്മര്‍ദം ചെലുത്തുകയോ ചെയ്തിട്ടില്ലെന്നും പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു.
  സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരെ പുസ്തകം രൂക്ഷ വിമര്‍ശമുയര്‍ത്തുന്നു. സി ബി ഐ തന്നെ വേട്ടയാടുകയാണ്. രാഷ്ട്രീയക്കാരെയും മന്ത്രിമാരെയും സേവിച്ചുകൊണ്ടിരിക്കുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഇപ്പോഴത്തെ സി ബി ഐ ഡയറക്ടറുടെ പ്രവൃത്തി കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാതെയാണെന്നും പുസ്തകത്തില്‍ പറയുന്നു.
  സോണിയാ ഗാന്ധിയാണ് യഥാര്‍ഥത്തില്‍ ഭരിച്ചതെന്ന് ആരോപിച്ച് പുറത്തിറങ്ങിയ സഞ്ജയ് ബാരുവിന്റെ പുസ്തകത്തെ തള്ളിപ്പറഞ്ഞ് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ‘ക്രൂസൈഡറെ’യും ബി ജെ പി ആയുധമാക്കുമെന്നുറപ്പാണ്.
  തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇത്തരം പുസ്തകങ്ങള്‍ ഇറങ്ങുന്നതിന് പിന്നില്‍ വിപണന തന്ത്രം പതിയിരിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.