Connect with us

International

ഹിതപരിശോധന നടത്താമെന്ന് ഉക്രൈന്‍ സര്‍ക്കാര്‍

Published

|

Last Updated

_74227803_74227802

ഹൊര്‍ലിവ്കയിലെ പോലീസ് സ്റ്റേഷന് നേരെ കല്ലെറിയുന്ന പ്രക്ഷോഭകര്‍

കീവ്: ഉക്രൈനില്‍ റഷ്യന്‍ അനുകൂലികളായ പ്രക്ഷോഭകര്‍ ഉന്നയിച്ച പ്രധാന ആവശ്യം ഉക്രൈന്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ദേശീയതലത്തിലെ ഹിതപരിശോധന നടത്താനാണ് സര്‍ക്കാര്‍ തയ്യാറായിരിക്കുന്നത്. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ ഒരു ഹിതപരിശോധന നടത്തുന്നതിന് സര്‍ക്കാര്‍ എതിരല്ലെന്നും എത്രയും പെട്ടെന്ന് അത്തരമൊരു തിരഞ്ഞെടുപ്പ് നടത്തുമെന്നും ഉക്രൈന്‍ ഇടക്കാല പ്രസിഡന്റ് ഒലെക്‌സാന്‍ഡര്‍ തുര്‍ചിനോവ് വ്യക്തമാക്കി. കിഴക്കന്‍ മേഖലയിലെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നല്‍കിയ അന്ത്യശാസനം അവസാനിച്ചതിന് പിന്നാലെയാണ് തുര്‍ചിനോവിന്റെ പ്രസ്താവന.
സര്‍ക്കാറിനെ അവഗണിച്ച് ആക്രമണങ്ങളും പ്രക്ഷോഭങ്ങളും നടത്തുന്നവര്‍ക്കെതിരെ കനത്ത സൈനിക നടപടിയുണ്ടാകുമെന്നും പ്രക്ഷോഭകരെ തുരത്താന്‍ തീവ്രവാദവിരുദ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ മേഖലയിലെ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന റഷ്യ സമാധാന ലംഘനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഉക്രൈന്‍ സര്‍ക്കാറിന്റെ അന്ത്യശാസനം ഇന്നലെ അവസാനിച്ചിട്ടും പ്രക്ഷോഭ പരിപാടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ ഉറച്ചു നിന്നു. കിഴക്കന്‍ ഉക്രൈനിലെ നാല് പ്രധാനനഗരങ്ങളില്‍ കനത്ത മുന്നേറ്റം നടത്തിയ പ്രക്ഷോഭകര്‍ ഹൊര്‍ലിവ്കാ നഗരവും പിടിച്ചെടുത്തു. ഡൊനെറ്റ്‌സ്‌ക് പ്രവിശ്യക്ക് സമീപത്തെ ഹൊര്‍ലിവ്കയിലേക്ക് ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പ്രകടനം നടത്തുകയും നഗരത്തിലെ പ്രധാന പോലീസ് സ്റ്റേഷനുകളും സര്‍ക്കാര്‍ ആസ്ഥാനങ്ങളും പിടിച്ചെടുക്കുകയും ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭം അവസാനിപ്പിച്ച് ചര്‍ച്ചക്ക് തയ്യാറാകാന്‍ സര്‍ക്കാര്‍ പ്രക്ഷോഭകര്‍ക്ക് നല്‍കിയ സമയപരിധി ഇന്നലെ പ്രാദേശിക സമയം ഒമ്പത് മണിയോടെ അവസാനിച്ചെങ്കിലും പ്രക്ഷോഭം അവസാനിപ്പിക്കാനോ സര്‍ക്കാറുമായി വിട്ടുവീഴ്ചക്ക് തയ്യാറാകാനോ റഷ്യന്‍ അനുകൂലികള്‍ തയ്യാറായിട്ടില്ല.
പ്രക്ഷോഭം അവസാനിക്കാത്ത സാഹചര്യത്തില്‍ കിഴക്കന്‍ മേഖലയില്‍ കനത്ത ഏറ്റുമുട്ടലിനുള്ള സാധ്യത നിഴലിക്കുന്നുണ്ട്. പ്രക്ഷോഭകര്‍ക്ക് നേരെ സൈനിക ആക്രമണമുണ്ടായാല്‍ റഷ്യന്‍ സൈന്യം ഇടപെടാനുള്ള സാധ്യതയും കൂടുതലാണ്. പ്രക്ഷോഭകരെ നേരിടാന്‍ ഉക്രൈന്‍ കനത്ത സൈനിക സന്നാഹത്തെ നിയോഗിച്ചിട്ടുണ്ടെങ്കിലും സൈനിക ഇടപെടല്‍ നടത്താനുള്ള തീവ്ര തയ്യാറെടുപ്പിലാണ് റഷ്യയുള്ളതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഉക്രൈന്‍ സൈന്യത്തിന്റെ ആക്രമണം നേരിടാന്‍ തന്നെയാണ് പ്രക്ഷോഭകരുടെ തീരുമാനം. കിഴക്കന്‍ മേഖലയിലേക്കുള്ള പ്രധാന പാതകളിലും അതിര്‍ത്തി മേഖലയിലും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സായുധ സംഘം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വിക്ടര്‍ യാനുക്കോവിച്ചിനെ അട്ടിമറിച്ച് ഉക്രൈനില്‍ അധികാരത്തിലേറിയ പ്രതിപക്ഷ സര്‍ക്കാറിനൊപ്പം ചേരാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞയാഴ്ചയാണ് കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ ഭരണ ആസ്ഥാനങ്ങളും മറ്റും പിടിച്ചെടുത്തത്. ഉക്രൈനിന്റെ കിഴക്കന്‍ ഉപദ്വീപായിരുന്ന ക്രിമിയന്‍ മേഖല റഷ്യന്‍ ഫെഡറേഷനില്‍ അംഗമായതിന് പിന്നാലെയാണ് കിഴക്കന്‍ പ്രവിശ്യകളിലെ പ്രക്ഷോഭം ശക്തമായത്.

Latest