എസ് വൈ എസ് 60 ാം വാര്‍ഷികം: നേതൃസംഗമം സമാപിച്ചു

Posted on: April 15, 2014 8:47 am | Last updated: April 15, 2014 at 7:48 am

കോഴിക്കോട്: സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ 60ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച നേതൃസംഗമം സമാപിച്ചു. കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലം കൈരളിയുടെ മത സാമൂഹിക വൈജ്ഞാനിക മേഖലകളില്‍ സ്വന്തമായ ഇടം അടയാളപ്പെടുത്തിയ ബഹുജന സംഘം അറുപത്തി ഒന്നാം പിറന്നാള്‍ ദിനമായ ഏപ്രില്‍ 24നാണ്് വാര്‍ഷിക പ്രഖ്യാപനം നടത്തുന്നത്. വയനാട് കല്‍പ്പറ്റയില്‍ വെച്ച് നടക്കുന്ന പ്രഖ്യാപന സമ്മേളനത്തിലെ പ്രതിനിധികള്‍ക്കുള്ള ഉപകരണങ്ങളും മറ്റും സംഗമത്തില്‍ വിതരണം ചെയ്തു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജനകീയ കര്‍മ പദ്ധതികളുടെ കരട് ചര്‍ച്ച ചെയ്ത നേതൃസംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ വൈസ് പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജില്ല, സോണ്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ പങ്കെടുത്ത സംഗമത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി , വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബൂബക്കര്‍ സഖാഫി, മജീദ് കക്കാട് തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.