പത്തനംതിട്ട ഡി സി സിയില്‍ പൊട്ടിത്തെറി

Posted on: April 15, 2014 12:42 am | Last updated: April 15, 2014 at 12:42 am

പത്തനംതിട്ട: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എഴുമറ്റൂര്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വര്‍ഗീസ് ഫിലിപ്പ് മോനായി, കെ എ എബ്രാഹം എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്.
മുന്‍ ഡി സി സി പ്രസിഡന്റ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച പിലിപ്പോസ് തോമസിനുവേണ്ടി പ്രചാരണം നടത്തിയെന്ന് ആരോപിച്ചാണ് ഇരുവരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. പ്രചാരണത്തിലുടനീളം ഇവര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിച്ചുവെന്ന് പാര്‍ട്ടി കീഴ്ഘടകത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പുറത്താക്കിയതെന്ന് ഡി സി സി പ്രസിഡന്റ് പി മോഹന്‍രാജ് സിറാജിനോട് പറഞ്ഞു. ആന്റോ ആന്റണിയെ സ്ഥാനാര്‍ഥിയാക്കുന്നതിനെ ചൊല്ലി മുന്‍പ് ജില്ലാ കമ്മിറ്റിയില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതിനിടയില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ചീഫ് വിപ്പ് പി സി ജോര്‍ജ് ആന്റോ ആന്റണിക്കെതിരേ പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രശനങ്ങള്‍ ഉടലെടുത്തത്.