Connect with us

International

കിഴക്കന്‍ ഉക്രൈനില്‍ കനത്ത ഏറ്റുമുട്ടല്‍

Published

|

Last Updated

കീവ്: റഷ്യന്‍ അനുകൂല പ്രക്ഷോഭകരും സായുധ സംഘവും പിടിച്ചെടുത്ത കിഴക്കന്‍ ഉക്രൈനിലെ സ്ലോവിയാന്‍സ്‌കില്‍ കനത്ത ഏറ്റുമുട്ടല്‍. പ്രക്ഷോഭകരെ തുരത്താന്‍ ഉക്രൈന്‍ സര്‍ക്കാര്‍ തീവ്രവാദവിരുദ്ധ സേനയെ നിയോഗിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ ഉക്രൈനിന്റെ പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനികരടക്കം നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ക്ക് മുന്‍തൂക്കമുള്ള കിഴക്കന്‍ മേഖലയിലെ നാല് നഗരങ്ങളിലേക്ക് സര്‍ക്കാര്‍ പ്രത്യേക സേനയെ നിയോഗിച്ചിട്ടുണ്ട്.
പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഉക്രൈനിലെ ഇടക്കാല സര്‍ക്കാര്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളെല്ലാം തള്ളിയ പ്രക്ഷോഭക നേതൃത്വം പാശ്ചാത്യ ശക്തികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഇടക്കാല സര്‍ക്കാറുമായി യാതൊരു വീട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കിഴക്കന്‍ മേഖലയില്‍ കനത്ത സൈനിക സന്നാഹത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. റഷ്യന്‍ അനുകൂലികളായ സായുധ സേന പിടിച്ചെടുത്ത കിഴക്കന്‍ മേഖലയിലെ ഭരണകേന്ദ്രങ്ങളും സുരക്ഷാ ആസ്ഥാനങ്ങളും തിരിച്ചുപിടിക്കാന്‍ തീവ്രശ്രമം നടത്തുകയാണ് ഉക്രൈന്‍. കിഴക്കന്‍ മേഖലയിലേക്ക് ഉക്രൈന്‍ സൈനിക ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ട്.
എന്നാല്‍, ഉക്രൈന്‍ സൈന്യത്തിന്റെ ആക്രമണം നേരിടാന്‍ തന്നെയാണ് പ്രക്ഷോഭകരുടെ തീരുമാനം. കിഴക്കന്‍ മേഖലയിലേക്കുള്ള പ്രധാന പാതകളിലും അതിര്‍ത്തി മേഖലയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രക്ഷോഭക നേതൃത്വം വ്യക്തമാക്കി.
പ്രക്ഷോഭകര്‍ക്ക് റഷ്യ പിന്തുണയും സഹായവും നല്‍കുന്നുണ്ടെന്ന ആരോപണവുമായി വീണ്ടും അമേരിക്കയും ഉക്രൈനും രംഗത്തെത്തി. ഉക്രൈനിലെ ഇടപെടലിന് റഷ്യ കനത്ത വില നല്‍കേണ്ടിവരുമെന്നും അതിര്‍ത്തി മേഖലയില്‍ നിന്ന് റഷ്യ സൈന്യത്തെ പിന്‍വലിക്കണമെന്നും യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആവശ്യപ്പെട്ടു. എന്നാല്‍, അമേരിക്കയുടെയും ഉക്രൈനിന്റെയും ആരോപണത്തില്‍ കഴമ്പില്ലെന്നും മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് ഉക്രൈന്‍ ശ്രമിക്കുന്നതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കി.
റഷ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വിക്ടര്‍ യാനുക്കോവിച്ചിനെ അട്ടിമറിച്ച് ഉക്രൈനില്‍ അധികാരത്തിലേറിയ പ്രതിപക്ഷ സര്‍ക്കാറിനൊപ്പം ചേരാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞയാഴ്ചയാണ് കിഴക്കന്‍ മേഖലയില്‍ റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ ഭരണ ആസ്ഥാനങ്ങളും മറ്റും പിടിച്ചെടുത്തത്. ഉക്രൈനിന്റെ കിഴക്കന്‍ ഉപദ്വീപായിരുന്ന ക്രിമിയന്‍ മേഖല റഷ്യന്‍ ഫെഡറേഷനില്‍ അംഗമായതിന് പിന്നാലെയാണ് കിഴക്കന്‍ പ്രവിശ്യകളിലെ പ്രക്ഷോഭം ശക്തമായത്.
ഉക്രൈനിലെ ഇടക്കാല സര്‍ക്കാറിന്റെ യൂറോപ്യന്‍ അനുകൂല നിലപാടുകള്‍ അംഗീകരിക്കാനാകില്ലെന്നും കിഴക്കന്‍ മേഖലയെ ജനായത്ത റിപ്പബ്ലിക്കായി പ്രഖ്യാപിക്കുമെന്നും പ്രക്ഷോഭക നേതൃത്വം വ്യക്തമാക്കിയിരുന്നു. അതിനിടെ, പ്രക്ഷോഭം അവസാനിപ്പിക്കാന്‍ രണ്ടു ദിവസം മുമ്പ് ഇടക്കാല പ്രധാനമന്ത്രിയും പ്രസിഡന്റും നേരിട്ട് ഇടപെട്ടിരുന്നു. കിഴക്കന്‍ മേഖലക്ക് പ്രത്യേക അധികാരം നല്‍കാമെന്ന് പ്രഖ്യാപനങ്ങളെല്ലാം സര്‍ക്കാര്‍ നടത്തിയിരുന്നെങ്കിലും അവ അംഗീകരിക്കാന്‍ പ്രക്ഷോഭകര്‍ തയ്യാറായില്ല. ക്രിമിയക്ക് സമാനമായി റഷ്യക്കൊപ്പം ചേരുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്തുമെന്നും അവര്‍ അറിയിച്ചിരുന്നു. പ്രധാന വാണിജ്യ മേഖലയിലൊന്നായ കിഴക്കന്‍ പ്രവിശ്യ കൂടി നഷ്ടമായാല്‍ ഉക്രൈനിന് കനത്ത തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.

Latest