നഗരത്തില്‍ നിയമ ലംഘനത്തിന് ചങ്ങലപ്പൂട്ട്

Posted on: April 14, 2014 7:20 am | Last updated: April 14, 2014 at 7:20 am

കോഴിക്കോട്: നഗരത്തില്‍ നിയമം ലംഘിച്ചുള്ള പാര്‍ക്കിംഗിനെതിരെ ചങ്ങലപ്പൂട്ടുമായി പോലീസ് രംഗത്ത്. ഫൂട്പാത്തിലും പാര്‍ക്കിംഗ് നിരോധിത മേഖലകളിലും നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ ചങ്ങല ഉപയോഗിച്ച് പൂട്ടിയിട്ട് പിഴ ഈടാക്കാനാണ് ട്രാഫിക് പോലീസിന്റെ തീരുമാനം.
തിരക്കേറിയ ദിവസങ്ങളില്‍പോലും കാല്‍നട യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിച്ചുകൊണ്ട് ഫൂട്പാത്തില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് നഗരത്തില്‍ പതിവാണ്. വ്യാപാര സ്ഥാപനങ്ങളുടെ പാര്‍ക്കിംഗുകളില്‍ നിയന്ത്രണമുള്ളതിനാല്‍ ഫൂട്പാത്തിലും റോഡരികിലും വാഹനങ്ങള്‍ നിര്‍ത്തുകയാണ് പതിവ്.
പ്രധാനമായും ഇരു ചക്രവാഹനങ്ങളാണ് ഇത്തരത്തില്‍ പാര്‍ക്ക് ചെയ്യുന്നത്. ഹാന്റില്‍ ലോക്ക് ചെയ്താണ് ഉടമ സ്ഥലം വിടുക എന്നതിനാല്‍തന്നെ ഇവ നീക്കം ചെയ്യാന്‍ പോലീസിന് കഴിയില്ല. ഇതിനുള്ള പ്രതിവിധിയായാണ് ചങ്ങലയിട്ട് പൂട്ടാന്‍ പോലീസ് തീരുമാനിച്ചത്. ഉടമ വാഹനം അന്വേഷച്ചെത്തുമ്പോള്‍ പിഴയടച്ച് വരാന്‍ നിര്‍ദേശിക്കും. നിശ്ചിത സമയത്തിനകം പിഴയടച്ച് നീക്കം ചെയ്യാത്ത വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ട്രാഫിക് സ്റ്റേനിലേക്ക് മാറ്റും. പിന്നീട് ഇവ പുറത്തിറക്കാന്‍ കൂടുതല്‍ പിഴ അടക്കേണ്ടി വരും. ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണങ്ങളിലൊന്നായ അനധികൃത പാര്‍ക്കിംഗിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പോലീസിന് ലഭിച്ചിട്ടുള്ള നിര്‍ദേശം.