കിഴക്കന്‍ ഉക്രൈനിലെ സുരക്ഷാ കേന്ദ്രങ്ങള്‍ പിടിച്ചെടുത്തു

Posted on: April 13, 2014 1:42 am | Last updated: April 13, 2014 at 1:43 am

ukrrr

കീവ്: പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ വകവെക്കാതെ കിഴക്കന്‍ ഉക്രൈനില്‍ റഷ്യന്‍ അനുകൂല പ്രക്ഷോഭകര്‍ പോലീസ് ആസ്ഥാനം പിടിച്ചെടുത്തു. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സ്ലോവിയാന്‍സ്‌ക് നഗരത്തിലെ പോലീസ് സ്റ്റേഷനും സുരക്ഷാ കേന്ദ്രവും ആയുധധാരികളായ വിമതര്‍ പിടിച്ചെടുത്തതായി ഉക്രൈന്‍ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡൊനെറ്റ്‌സ്‌ക് പ്രവിശ്യയിലെ ഖാര്‍കിവിലെയും ലുഹാന്‍സ്‌കിലെയും അധികാര കേന്ദ്രങ്ങള്‍ പിടിച്ചെടുത്ത റഷ്യന്‍ അനകൂല പ്രക്ഷോഭകര്‍ അതിര്‍ത്തി നഗരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ കിഴക്കന്‍ മേഖലക്ക് കൂടുതല്‍ അധികാരം നല്‍കാമെന്നതടക്കമുള്ള ഉക്രൈന്‍ ഇടക്കാല പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് പ്രക്ഷോഭക നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദ ആക്രമണമാണ് കിഴക്കന്‍ മേഖലയില്‍ നടക്കുന്നതെന്ന് ഉക്രൈന്‍ ആഭ്യന്തരമന്ത്രി ആരോപിച്ചു. സുരക്ഷാ ആസ്ഥാനങ്ങളും അധികാര കേന്ദ്രങ്ങളും പിടിച്ചെടുത്ത പ്രക്ഷോഭകരെ നേരിടാന്‍ പ്രത്യേക സൈന്യത്തെ അയക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സുരക്ഷാ ആസ്ഥാനങ്ങളിലും പോലീസ് സ്റ്റേഷനുകളിലും കനത്ത ആക്രമണം നടന്നതായും റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തിന് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ച ശേഷം പ്രക്ഷോഭകര്‍ ഗ്രാനേഡ് ആക്രമണവും വെടിവെപ്പും നടത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ക്രിമിയന്‍ മേഖല റഷ്യന്‍ ഫെഡറേഷനൊപ്പം ചേര്‍ന്നതിന് പിന്നാലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ പ്രക്ഷോഭത്തിന് പിന്നിലും റഷ്യയാണെന്ന ആരോപണം ഉക്രൈന്‍ ആവര്‍ത്തിച്ചു. എന്നാല്‍ ആരോപണം റഷ്യ നിഷേധിച്ചിട്ടുണ്ട്. ക്രിമിയക്ക് പിന്നാലെ ഉക്രൈനിലെ പ്രധാന വാണിജ്യ മേഖലയും കല്‍ക്കരി ഖനന പ്രദേശവുമായ കിഴക്കന്‍ മേഖലയും നഷ്ടമാകുമെന്ന ഭീതി ഉക്രൈനിനെ പിന്തുടരുന്നുണ്ട്. പ്രക്ഷോഭകരെ അനുനയിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ഇടക്കാല പ്രധാനമന്ത്രി പ്രശ്‌ന പ്രദേശത്ത് എത്തിയിരുന്നു. പ്രക്ഷോഭകരുടെ വിചാരണ നടപടി ഒഴിവാക്കാമെന്ന വാഗ്ദാനങ്ങളടക്കം നല്‍കിയിരുന്നെങ്കിലും വിമത നേതൃത്വം വഴങ്ങിയിട്ടില്ല.
വിക്ടര്‍ യാനുക്കോവിച്ചിനെ അട്ടിമറിച്ച് അധികാരത്തിലേറിയ ഇടക്കാല സര്‍ക്കാറിന്റെ യൂറോപ്യന്‍ യൂനിയന് അനുകൂലമായ നിലപാടുകള്‍ അംഗീകരിക്കാനാകില്ലെന്നും കിഴക്കന്‍ മേഖലയെ ജനായത്ത റിപ്പബ്ലിക്കായി പ്രഖ്യാപിക്കുമെന്നും പ്രക്ഷോഭക നേതൃത്വം വ്യക്തമാക്കിയിരുന്നു. റഷ്യന്‍ ഫെഡറേഷനില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ഹിതപരിശോധന നടത്താനുള്ള ഒരുക്കത്തിലാണ് പ്രക്ഷോഭകര്‍.