അഅ്‌സം ഖാനെതിരെ കേസെടുത്തു

Posted on: April 13, 2014 12:33 am | Last updated: April 13, 2014 at 12:33 am

azam khanഗാസിയാബാദ്: റാലികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയ ഉത്തര്‍പ്രദേശ് മന്ത്രിയും എസ് പി നേതാവുമായ അഅ്‌സം ഖാനെതിരെ പോലീസ് കേസെടുത്തു. കാര്‍ഗില്‍ വിജയത്തെ ദുര്‍വ്യാഖ്യാനം ചെയ്തതിനാണ് കേസെടുത്തത്. ഇന്ത്യക്കു വേണ്ടി കാര്‍ഗില്‍ യുദ്ധം വിജയിപ്പിച്ചെടുത്തത് ഹിന്ദുക്കളല്ല, മുസ്‌ലിംകളാണെന്ന പ്രസംഗത്തിന്റെ പേരിലാണ് കേസ്. ഖാന്റെ പ്രസംഗം വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന് കണ്ടെത്തിയാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ ശിക്ഷ ലഭിക്കാം. ഇരു വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തല്‍, ഛിദ്രത സൃഷ്ടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മസൂരി പോലീസ് സ്റ്റേഷനിലാണ് കേസ്.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ കലാപത്തിന് പ്രതികാരം ചെയ്യാന്‍ വേണ്ടി വോട്ട് ചെയ്യണമെന്ന് ആഹ്വാനം നല്‍കിയതിന്റെ പേരില്‍ ബി ജെ പി നേതാവ് അമിത് ഷാക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഖാനും ഷാക്കുമെതിരെ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് നല്‍കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഷാക്കെതിരെയുള്ള നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. നരേന്ദ്ര മോദിയുടെ വലംകൈ എന്നറിയപ്പെടുന്ന നേതാവാണ് അമിത് ഷാ.