National
ഗാനരചയിതാവ് ഗുല്‍സാറിന് ഫാല്‍കെ പുരസ്‌കാരം

മുംബൈ: ഇത്തവണത്തെ ദാദാസാഹെബ് ഫാല്‍കെ പുരസ്‌കാരം ഗാനരചയിതാവും സംവിധായകനുമായ ഗുല്‍സാറിന്. 50 കൊല്ലത്തോളം ഇന്ത്യന്‍ സിനിമക്ക് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ക്കാണ് ഗുല്‍സാറിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
പ്രഗത്ഭ സംവിധായകന്‍ ബിമല്‍റോയിയുടെ 1963ല്‍ പുറത്തിറങ്ങിയ “ബന്ദിനി”ക്കുവേണ്ടിയാണ് ഗുല്‍സാര്‍ ആദ്യമായി ഗാനരചന നടത്തിയത്. എന്നാല്‍ ഇത് പുറത്തിറങ്ങിയില്ല. പിന്നീട് പുറത്തിറങ്ങിയ “കാബൂളിലാല”യിലൂടെയാണ് ഗുല്‍സാറിന്റെ വരികള്‍ ലോകം കേള്‍ക്കുന്നത്. പഴയതലമുറയിലും പുതുതലമുറയിലും പെട്ട സംവിധായകരോടും സംഗീത സംവിധായകരോടും കൂടെ ഗുല്‍സാര്‍ പ്രവര്‍ത്തിച്ചു. സംഗീത സംവിധായകന്‍മാരായ എസ് ഡി ബര്‍മന്‍, ആര്‍ ഡി ബര്‍മന്‍, മദന്‍മോഹന്‍, സലീല്‍ ചൗധരി, പുതുതലമുറയിലെ എ ആര്‍ റഹ്മാന്‍, അനു മലിക്ക്, ശങ്കര്‍ എഹ്‌സാന്‍ ലോയ്, ജതിന്‍ ലലിത്, നദീം ശ്രാവണ്‍ തുടങ്ങിയവരുടെ കൂടെ ഗുല്‍സാര്‍ പ്രവര്‍ത്തിച്ചു.
1934ല്‍ പാകിസ്ഥാനില്‍ ജനിച്ച ഗുല്‍സാറിന് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.