Connect with us

Wayanad

ഉത്പാദനം കുറഞ്ഞു;കുരുമുളക് വില കുതിക്കുന്നു

Published

|

Last Updated

കല്‍പ്പറ്റ: ഉത്പാദനം കുറഞ്ഞതിനെ തുടര്‍ന്ന് കുരുമുളകിന്റെ വില കുതിച്ചുകയറി. 625 രൂപയാണ് ഒരു കിലോ കുരുമുളകിന് കഴിഞ്ഞ ദിവസം ലഭിച്ച വില. ചരിത്രത്തിലാദ്യമായാണ് കറുത്ത പൊന്നിന്റെ വില ഇത്രയേറെ ഉയരുന്നത്. ചെറുകിട വ്യാപാരികള്‍ കിലോയ്ക്ക് 600 രൂപ നിരക്കിലാണ് കുരുമുളക് എടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ 340 രൂപ മുതല്‍ 350 രൂപ വരെയാണ് ഒരു കിലോ കുരുമുളകിന് ലഭിച്ചിരുന്ന വില.
ആവശ്യത്തിന് അനുസൃതമായി കുരുമുളക് ഉത്പാദനം ഇല്ലാത്തതാണ് വില ഉയരാന്‍ കാരണം. വരും ദിവസങ്ങളില്‍ കുരുമുളകിന്റെ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ് കുരുമുളക് ഉത്പാദനത്തില്‍ വയനാട് ഏറെ മുന്നിലായിരുന്നു. വര്‍ഷം ശരാശരി 60,000 ടണ്‍ കുരുമുളക് വയനാട്ടില്‍ ഉത്പാദിപ്പിച്ചിരുന്ന വയനാട്ടില്‍ ഈ വര്‍ഷം 2500 ടണ്‍ മാത്രമാണ് ആകെ ഉത്പാദനം. സംസ്ഥാനത്താകെ ഈ വര്‍ഷം 7500 മുതല്‍ 8000 ടണ്‍ വരെ മാത്രമേ കുരുമുളക് ഉത്പാദനം ഉണ്ടാകൂവെന്നാണ് കണക്കാക്കുന്നത്. വയനാടിനെകൂടാതെ ഇടുക്കിയാണ് കുരുമുളക് ഉത്പാദനമുള്ള മറ്റൊരു ജില്ല. വര്‍ഷം 12,000 ടണ്‍ കുരുമുളക് ഉത്പാദിപ്പിച്ചിരുന്ന ഇടുക്കിയില്‍ ഈ വര്‍ഷം 4500 ടണ്‍ മാത്രമേ ഉത്പാദനമുണ്ടാകൂവെന്നാണ് കണക്കാക്കുന്നത്.
കര്‍ണാടകയിലെ കുടകിലും തമിഴ്‌നാട്ടിലെ നീലഗിരിയിലും ഉത്പാദനം കുറഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ കിലോയ്ക്ക് 635 രൂപ മുതല്‍ 650 രൂപ വരെയായി കുരുമുളകിന്റെ വില ഉയര്‍ന്നിട്ടുണ്ട്. കുടകില്‍ നിന്ന് കൊച്ചിയിലെ കയറ്റുമതി കേന്ദ്രത്തിലേക്കായിരുന്നു നേരത്തെ കുരുമുളക് എത്തിയിരുന്നത്. എന്നാല്‍ നികുതി വെട്ടിച്ച് ഇവ ഇപ്പോള്‍ തമിഴ്‌നാട്ടിലെ ഈറോഡിലേക്കാണ് കടത്തുന്നത്.
കാലാവസ്ഥാ വ്യതിയാനവും ദ്രുതവാട്ടം പോലുള്ള രോഗങ്ങളുമാണ് കുരുമുളക് ഉത്പാദനം കുറയാനിടയാക്കിയത്

Latest