പോളിംഗ് കഴിഞ്ഞപ്പോള്‍ യു ഡി എഫില്‍ കലഹം

Posted on: April 12, 2014 12:14 am | Last updated: April 12, 2014 at 12:14 am

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ യു ഡി എഫിനുള്ളില്‍ തര്‍ക്കം തുടങ്ങി. ചീഫ് വിപ്പ് പി സി ജോര്‍ജും പത്തനംതിട്ടയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്തെത്തിയതും ഗണേഷ്‌കുമാറിന് മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ബാലകൃഷ്ണ പിള്ള രംഗത്തു വന്നതുമാണ് മുന്നണിക്കുള്ളില്‍ വരും ദിവസങ്ങളില്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുക.
പത്തനംതിട്ടയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ജനവിരുദ്ധന്‍ ആയിരുന്നുവെന്നും യു ഡി എഫ് പ്രചാരണം പാളിയെന്നും ചീഫ് വിപ്പ് പി സി ജോര്‍ജ് അഭിപ്രായപ്രകടനം നടത്തിയതാണ് യു ഡി എഫിനുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. സ്ഥാനാര്‍ഥിയെ പത്തനംതിട്ടയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരടക്കം ആരുടെയും പിന്തുണ സ്ഥാനാര്‍ഥിക്കില്ല. ഘടകകക്ഷികളെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിപ്പിച്ചില്ല. സഹോദരനും പണപ്പിരിവ് നടത്തുന്ന കുറച്ചുപേരും മാത്രമാണ് അദ്ദേഹത്തിനൊപ്പം ഉള്ളതെന്നും പിറവം മണ്ഡലത്തില്‍ ഇത് പ്രതിഫലിക്കുമെന്നും ജോര്‍ജ് പറയാതെ പറഞ്ഞു വെച്ചു.
അതേസമയം ജോര്‍ജിന്റെ ആരോപണങ്ങള്‍ക്കെതിരെ ആന്റോ ആന്റണിയും രംഗത്തെത്തി. ജോര്‍ജിന്റെ വോട്ട് പോലും തനിക്ക് ലഭിച്ചതായി കരുതുന്നില്ലെന്നും പാലുകൊടുത്ത കൈക്ക് കൊത്തുന്നയാളാണ് ജോര്‍ജെന്നും ആന്റോ ആന്റണി പറഞ്ഞു. ജോര്‍ജ് ഉദ്ദേശിച്ചതുപോലുള്ള പ്രവര്‍ത്തനം പത്തനംതിട്ടയില്‍ നടന്നിട്ടില്ല. എന്നാല്‍ പൂഞ്ഞാറില്‍ നടന്നു. തിരഞ്ഞെടുപ്പില്‍ തന്നെ സഹായിക്കാതെ എതിര്‍ സ്ഥാനാര്‍ഥിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ തനിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടശേഷം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം സ്ഥാനാര്‍ഥിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീകരന്‍ പ്രതികരിച്ചു.
ജോര്‍ജ് തന്റെ അഭിപ്രായങ്ങള്‍ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി നേതൃത്വത്തെ അറിയിക്കണമായിരുന്നെന്നും അല്ലാതെ തിരഞ്ഞെടുപ്പിന് ശേഷം ഇത്തരം പ്രസ്താവനകള്‍ നടത്തുകയല്ല വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗണേഷ്‌കുമാറിനെ മന്ത്രിസഭയിലെടുക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള രംഗത്തെത്തിയിരിക്കുന്നതും മുന്നണിയില്‍ ചൂടേറിയ ചര്‍ച്ചയാകും. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മന്ത്രിസഭാ പുന:സംഘടന ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും എന്നാല്‍ ഇതിനുള്ള സാഹചര്യമില്ലെന്ന് രമേശ് ചെന്നിത്തലയും കെ പി സി സി പ്രസിഡന്റ് വി എം സുധീരനും പ്രതികരണങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ് മകനെ മന്ത്രിസഭയിലെടുക്കണമെന്ന ആവശ്യവുമായി പിള്ള രംഗത്ത് വന്നിട്ടുള്ളത്. മന്ത്രിസ്ഥാനം തിരികെ നല്‍കുമെന്ന് പറഞ്ഞതു കാരണമാണ് ഗണേഷ് രാജിവച്ചത്.
മന്ത്രിയാകാന്‍ അനൂപ് ജേക്കബിനേക്കാള്‍ യോഗ്യത ഗണേഷിനാണ്. തിരഞ്ഞെടുപ്പിനു മുമ്പ് യു ഡി എഫിനോടു പ്രതികാരം ചെയ്യാമായിരുന്നു. അതിനുള്ള സാഹചര്യമുണ്ടായിരുന്നുവെന്നും പിള്ള പ്രതികരിച്ചു. മുന്നണി ബന്ധത്തെ ഉലക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്താതെ കുറച്ചു നാള്‍ മൗനത്തിലായിരുന്ന പി സി ജോര്‍ജും മന്ത്രിസ്ഥാനത്തിനായി രണ്ടും കല്‍പ്പിച്ച് പിള്ളയും രംഗത്തു വന്നത് മുന്നണി ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്നു കാണണം.