Connect with us

Editorial

പാര്‍ട്ടി ഫണ്ടുകളുടെ സ്രോതസ്സ്

Published

|

Last Updated

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാകുന്ന പരമാവധി തുക 70 ലക്ഷം രൂപയായി നിജപ്പെടുത്തുകയും ഇതിനേക്കാള്‍ കൂടുതല്‍ തുക ചെലവഴിക്കുന്നുണ്ടോ എന്നറിയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിപുലമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും എല്ലാ നിയന്ത്രണങ്ങളും ഭേദിച്ചു സഹസ്ര കോടികളാണ് മുഖ്യ പാര്‍ട്ടികള്‍, വിശിഷ്യാ ബി ജെ പിയും കോണ്‍ഗ്രസും, തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി ഒഴുക്കുന്നത്. ടെലിവിഷന്‍, പത്രങ്ങള്‍, റേഡിയോ, വഴിയോരങ്ങള്‍, തെരുവുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ തുടങ്ങി കണ്ണെത്തുന്നിടമെല്ലാം മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളുടെ വര്‍ണാഭമായ പരസ്യങ്ങളും പോസ്റ്ററുകളും ഫഌക്‌സ് ബോര്‍ഡുകളും കൈയടക്കിയിരിക്കുന്നു. പ്രചാരണ രംഗത്ത് മുന്നിട്ടു നില്‍ക്കുന്ന ബി ജെ പിയുടെ പരസ്യ പ്രചാരണത്തിന് മാത്രം ഇത്തവണ 10,000 കോടി രൂപ ചെലവ് വരുമെന്നാണ് ഏകദേശ കണക്ക്. 80,000 കോടിയോളം കോണ്‍ഗ്രസും ഇടിച്ചു തള്ളുന്നുണ്ട്. അവിഹിതമായി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ചെലവഴിക്കുന്ന തുക ഇതിന് പുറമെയാണ്.
രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും പാര്‍ട്ടികളുടെ ഫണ്ട് ശേഖരണ രീതിയും സുതാര്യമായിരിക്കണമെന്നാണ് ചട്ടമെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ വാരി എറിയുന്ന പണത്തിന്റെ ഉറവിടങ്ങള്‍ ഏതൊക്കെയാണെന്ന് അവര്‍ വെളിപ്പെടുത്താറില്ല. പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചതാണെങ്കിലും അത് പാലിക്കാറില്ല. അത്തരം സംഭാവനകള്‍ തടയാനായി ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റം വരുത്തണമെന്നും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി സ്ഥാനാര്‍ഥികള്‍ പ്രത്യേക അക്കൗണ്ട് തുറക്കണമെന്നും നിര്‍ദേശമുണ്ട്. അത് നടപ്പാക്കാനും സര്‍ക്കാറോ സ്ഥാനാര്‍ഥികളോ തയാറായിട്ടില്ല. വന്‍കിട വ്യവസായികളും കോര്‍പ്പറേറ്റുകളും അധോലോക രാജാക്കന്മാരുമൊക്കെയാണ് പാര്‍ട്ടികളെ കൈയയച്ചു സഹായിക്കുന്നതെന്നത് രഹസ്യമല്ല. വിദേശ സംഭാവന നിയന്ത്രണ നിയമ ( എഫ് സി ആര്‍ എ) പ്രകാരം വിദേശത്ത് നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതിന് പാര്‍ട്ടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, പല വിദേശ കമ്പനികളില്‍ നിന്നും ബി ജെ പിയും കോണ്‍ഗ്രസും സംഭാവനകള്‍ സ്വീകരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബി ജെ പി 1942കോടിയും കോണ്‍ഗ്രസ് 983 കോടിയും വിദേശ സ്ഥാപനങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിച്ചതായി ചൂണ്ടിക്കാട്ടി ഒരു സന്നദ്ധ സംഘനട സമര്‍പ്പിച്ച ഹരജിയിന്മേല്‍, ഇരു പാര്‍ട്ടികള്‍ക്കുമെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞ മാസം 28ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു.കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു പി എ സര്‍ക്കാര്‍ അതറിഞ്ഞില്ലെന്ന മട്ടിലാണ്.
വിദേശ സംഭാവന നിയന്ത്രണച്ചട്ടം ലംഘിച്ചു ആം ആദ്മി പാര്‍ട്ടിയുടെ അക്കൗണ്ടില്‍ പണമെത്തുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്, അവരുടെ വിദേശ സാമ്പത്തിക സഹായത്തിന്റെ ഉറവിടങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ യു പി എ സര്‍ക്കാര്‍ അതീവ ഉത്സാഹം കാണിച്ചിരുന്നു. ആം ആദ്മിയുടെ ഫണ്ട് ശേഖരണത്തിന് പിന്നില്‍ രാജ്യതാത്പര്യത്തിനു നിരക്കാത്ത നിരവധി ഘടകങ്ങളുണ്ടെന്നും രാജ്യത്തിന്റെ ശൈഥില്യത്തിന് ശ്രമിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും സഹായം പാര്‍ട്ടിക്ക് ലഭിക്കുന്നുണ്ടെന്നും കോണ്‍ഗ്രസും ബി ജെ പിയും കുറ്റപ്പെടുത്തിയിരുന്നതുമാണ്. ഇത്തരമൊരു ആരോപണമുന്നയിക്കുമ്പോള്‍ തങ്ങളുടെ ഫണ്ട് ശേഖരണ പ്രവര്‍ത്തനത്തിന്റെ സുതാര്യത തുറന്നു കാണിക്കാനും സഹായത്തിന്റെ ഉറവിടങ്ങള്‍ വെളിപ്പെടുത്താനും ഈ പാര്‍ട്ടികള്‍ക്ക് ബാധ്യതയില്ലേ?
മത, സാമുദായിക സംഘടനകള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും വിദേശങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ട്. അവ സ്രോതസ്സുകള്‍ വെളിപ്പെടുത്തുകയും യഥാസമയം കണക്കുകള്‍ ബോധിപ്പിക്കുകയും വേണം. മാനദണ്ഡങ്ങള്‍ പാലിക്കാതെ വിദേശ സഹായം സ്വീകരിച്ച 450 സംഘ ടനകള്‍ക്ക് രണ്ട് വര്‍ഷം മുമ്പ് ആഭ്യന്തര മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്ന് പണം എത്തുന്നതായുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരം നിയന്തണങ്ങള്‍ ആവശ്യവുമാണ്. എന്നാല്‍ രാഷ്ട്രീയക്കാരും ഇത് പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. രാജ്യത്തെ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി തെളിഞ്ഞ സാഹചര്യത്തില്‍ വിശേഷിച്ചും. അടുത്ത കാലത്തായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയ സ്‌ഫോടനങ്ങള്‍, രാഷ്ട്രീയ ലാക്കോടെ ചില പാര്‍ട്ടികള്‍ ആസൂത്രണം ചെയ്തതാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതാണ്. തിരഞ്ഞടുപ്പ് ഫണ്ടിലേക്കെന്ന പേരില്‍ സമാഹരിക്കുന്ന ഫണ്ടുകള്‍ ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനുള്ള സാധ്യത ഏറെയാണ്. രാഷ്ട്രീയേതര സംഘനടകളുടെതെന്ന പോലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഫണ്ടിംഗ് വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശവും നിരീക്ഷണവിധേയവുമാക്കേണ്ടതുണ്ട്.

Latest