ഉപരിപഠനം: ഡല്‍ഹി വിളിക്കുന്നു

Posted on: April 11, 2014 6:00 am | Last updated: April 11, 2014 at 8:57 am

educationമികച്ച ഉപരിപഠനം ലക്ഷ്യം വെക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഡല്‍ഹി എന്നും ഒരു വിസ്മയമാണ്. താരതമ്യേന കുറഞ്ഞ ജീവിതച്ചെലവും എളുപ്പത്തില്‍ അഡ്മിഷന്‍ കിട്ടാനുള്ള അവസരങ്ങളും രാജ്യത്തെ വിദ്യാഭ്യാസ, സാംസ്‌കാരിക തലസ്ഥാനം കൂടിയായ ഡല്‍ഹിയെ വ്യത്യസ്തമാക്കുന്നു. നാല് കേന്ദ്ര സര്‍വകലാശാലകള്‍, ഡീംഡ് സര്‍വകലാശാലകള്‍, സംസ്ഥാന സര്‍വകലാശാലകള്‍, സ്വകാര്യ യൂനിവേഴ്‌സിറ്റികള്‍ എന്നിവയുള്ള ഈ മഹാനഗരത്തില്‍ വിദ്യാഭ്യാസ സാധ്യതകള്‍ക്കും അവസരങ്ങള്‍ക്കും പരിമിതികളില്ല. അതുകൊണ്ട് തന്നെയാണ് ഇന്ത്യയിലെ മധ്യവര്‍ഗ വിദ്യാര്‍ഥികള്‍ ഉന്നതികള്‍ കരസ്ഥമാക്കാന്‍ ഡല്‍ഹി വഴി വിദ്യാഭ്യാസ യാത്രകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്ന കോഴ്‌സുകളുടെ വിശദവിവരങ്ങള്‍ ഇനി വായിക്കാം.

ജാമിഅ മില്ലിയ്യ യൂണിവേഴ്‌സിറ്റി
രാജ്യത്തെ അറിയപ്പെട്ട ന്യൂനപക്ഷ കേന്ദ്ര സര്‍വകലാശാലയായ ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റിയിലെ വിവിധ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. 1920കളില്‍ അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയിലുണ്ടായിരുന്ന ഒരു കൂട്ടം മുസ്‌ലിം ബുദ്ധിജീവികളാണ് ജാമിഅ സ്ഥാപിക്കുന്നത്. ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ സ്ഥാപിച്ച ജാമിഅ മില്ലിയ്യ ക്യാമ്പസ് 1925ല്‍ ഡല്‍ഹിയിലേക്ക് മാറ്റി. 1988 ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് ജാമിഅക്ക് കേന്ദ്ര സര്‍വകലാശാലാ അനുമതി നല്‍കി.
അലിഗഢില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ക്യാമ്പസിന്റെ മാറ്റം കേവലം ഭൗതികമായ ഒരു പരിവര്‍ത്തനം മാത്രമായിരുന്നില്ല. ദേശീയ താത്പര്യം മുന്നോട്ടുവെക്കുന്ന ഒരു സമഗ്ര വിദ്യാഭ്യാസ മുന്നേറ്റമായിരുന്നു ഡല്‍ഹിയിലെത്തിയതോടെ ജാമിഅ ക്യാമ്പസ് കാഴ്ചവെച്ചത്. ദേശീയ സമരത്തിന്റെ ഭാഗമായിരുന്ന, മുസ്‌ലിം മധ്യവര്‍ഗ നേതൃത്വമായി പിന്നീട് ഉയര്‍ന്നു വന്ന ഒരു ബുദ്ധിജീവി വിഭാഗത്തെ അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി വളര്‍ത്തിയിരുന്നു. മൗലാനാ മുഹമ്മദലി, ഹകീം അജ്മല്‍ ഖാന്‍, മൗലാനാ മഹ്മൂദ് ഹസന്‍ തുടങ്ങിയ ഈ മധ്യവര്‍ഗ നേതൃത്വമാണ് ജാമിഅ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്. രാജ്യത്തെ എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ കഴിയുകയും മുസ്‌ലിംകള്‍ക്ക് പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ആധുനിക, ദേശീയ വിദ്യാഭ്യാസ സമന്വയമായിരുന്നു ജാമിഅ സ്ഥാപകരുടെ ലക്ഷ്യം. മഹാത്മാ ഗാന്ധി നയിച്ച നിസ്സഹകരണ പ്രസ്ഥാനത്തിലും ഖിലാഫത്ത് മൂവ്‌മെന്റിലും ജാമിഅ സ്ഥാപകര്‍ സജീവമായി പങ്കെടുത്തു. 1924ല്‍ ഖിലാഫത്ത് പ്രസ്ഥാനം പിന്‍വലിച്ചതോടെ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടെങ്കിലും ഡോ. സകീര്‍ ഹുസൈന്‍, എ എ അന്‍സാരി, മുഹമ്മദ് മുജീബ്, ആബിദ് ഹുസൈന്‍ തുടങ്ങിയവരുടെ സജീവ സഹകരണത്തോടെ ജാമിഅ അത് തരണം ചെയ്തു. ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും മികച്ച പഠന കേന്ദ്രങ്ങളുള്ള സര്‍വകലാശാലയാണ് ജാമിഅ. വിവിധ വിഷയങ്ങളിലായി യു ജി, പി ജി , എം ഫീല്‍, പി എച്ച് ഡി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണ് ഇവിടെയുള്ളത്.

ബിരുദ കോഴ്‌സിലേക്കുള്ള പ്രവേശനം
വിവിധ ഫാക്കല്‍റ്റികളിലായി നൂറുക്കണക്കിന് ബിരുദ(യു ജി) കോഴ്‌സുകള്‍ ജാമിഅ മില്ലിയ്യയിലുണ്ട്. എന്‍ട്രന്‍സ് ടെസ്റ്റിലൂടെയാണ് പ്രവേശം. ഹ്യുമാനിറ്റീസ് ആന്‍ഡ് ലാംഗ്വേജസ്, സോഷ്യല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ് എന്നീ ഫാക്കല്‍റ്റികളിലെ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശം കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് വഴിയാണ്. ഓരോ ഫാക്കല്‍റ്റിയിലും അപേക്ഷിക്കുന്ന എല്ലാ ഡിഗ്രി കോഴ്‌സുകളിലേക്കുമായി ഒരു പ്രവേശന പരീക്ഷ എഴുതിയാല്‍ മതി. ജനറല്‍ നോളജ്, ഇംഗ്ലീഷ് ഭാഷയിലെ പ്രാവീണ്യം, അഭിരുചി, റീസനിംഗ് തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളായിരിക്കും പ്രവേശന പരീക്ഷയിലുണ്ടാകുക. പ്ലസ്ടുവിന് മിനിമം അന്‍പത് ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.

പി ജി കോഴ്‌സിലേക്കുള്ള പ്രവേശനം
പ്രവേശന പരീക്ഷയിലെ മെറിറ്റ്, ഇന്റര്‍വ്യൂവിലെ പ്രകടനം എന്നിവ മാനദണ്ഡമാക്കിയാണ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശം നല്‍കുന്നത്. ചില പി ജി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍ക്ക് പുറമെ ഡിസ്‌ക്രിപ്റ്റീവ് ചോദ്യങ്ങളും ഉണ്ടാകും. എന്‍ട്രന്‍സില്‍ വിജയിച്ചാല്‍ അതാത് ഫാക്കല്‍റ്റികള്‍ നടത്തുന്ന അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖത്തിലെ പ്രകടനം കൂടി കണക്കിലെടുത്താണ് പ്രവേശം നല്‍കുന്നത്. ഡിഗ്രിക്ക് മിനിമം അന്‍പത്തിയാറ് ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.

എം ഫില്‍
മുഴുവന്‍ എംഫില്‍ കോഴ്‌സുകളിലേക്കും ഇപ്പോള്‍ അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷന്‍ നല്‍കുന്നത്. അഭിരുചി, വിഷയത്തിലുള്ള അവഗാഹം, ഭാഷ എന്നിവ കേന്ദ്രീകരിച്ചുള്ള ചോദ്യങ്ങളാണ് എന്‍ട്രന്‍സിനുണ്ടാകുക.

പി എച്ചി ഡി
പി എച്ച് ഡി കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ഇപ്പോള്‍ ക്ഷണിച്ചിട്ടില്ല. സെപ്തംബര്‍ ആദ്യവാരം യൂനിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും.

അവസാന തിയ്യതി
വ്യത്യസ്ത കോഴ്‌സുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതികളാണ് നിശ്ചയിച്ചിരിക്കുന്നത്. ഏപ്രില്‍ അവസാന വാരത്തോടെ മുഴുവന്‍ കോഴ്‌സുകളിലേക്കുമുള്ള അപേക്ഷാ സമര്‍പ്പണം അവസാനിക്കും. വിവരങ്ങള്‍ www.jmi.ac.in എന്ന വെബ്‌സൈറ്റില്‍ ഇതേ സൈറ്റില്‍ നിന്ന് അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

സീറ്റ് സംവരണം
ജാമിഅയിലെ മുഴുവന്‍ കോഴ്‌സുകളിലേക്കും മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അന്‍പത് ശതമാനം സീറ്റ് സംവരണമുണ്ട്. ഒ ബി സി വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍വകലാശാലകള്‍ നല്‍കുന്ന 27 ശതമാനം സംവരണത്തിന് പുറമെയാണിത്. അതേ സമയം, കേരളത്തില്‍ നിന്നുള്ള മുസ്‌ലിം വിദ്യാര്‍ഥികള്‍ ഈ അവസരം വേണ്ട വിധത്തില്‍ പ്രയോജനപ്പെടുത്തുന്നില്ല എന്നതാണ് വാസ്തവം.

ഹോസ്റ്റല്‍
യൂനിവേഴ്‌സിറ്റി ക്യാമ്പസില്‍ ഹോസ്റ്റല്‍ സൗകര്യം തീര്‍ത്തും പരിമിതമായതിനാല്‍ ജാമിഅക്ക് തൊട്ടടുത്തുള്ള എസ് എസ് എഫ് വിസ്ഡം ഹോസ്റ്റലുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാണ്. കുറഞ്ഞ ചെലവില്‍ താമസ, ഭക്ഷണ സൗകര്യങ്ങള്‍ ഇവിടെ ലഭിക്കും.

തയ്യാറെടുപ്പ്
ഓരോ കോഴ്‌സിന്റെയും പ്രവേശന പരീക്ഷ സിലബസ് യൂനിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഈ സിലബസ് അനുസരിച്ചുള്ള വിശദ പഠനമാണ് ആവശ്യം. സംശയങ്ങള്‍ക്ക് ജാമിഅയുടെ ഔദ്യോഗിക ഹെല്‍പ്പ്‌ലൈനില്‍ ബന്ധപ്പെടാം. ഇ മെയില്‍: [email protected], ഫോണ്‍: 01126983578, 01126985227

ജാമിഅ ഹംദര്‍ദ്
ഡല്‍ഹിയിലെ ജാമിഅ ഹംദര്‍ദ് യൂനിവേഴ്‌സിറ്റി മറ്റൊരു പ്രധാന ഉപരിപഠന കേന്ദ്രമാണ്. ഹംദര്‍ദിലെ വിവിധ യു ജി, പി ജി, പി എച്ച് ഡി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. ബിരുദ ബിരുദാനന്തര ബിരുദ, പി എച്ച് ഡി കോഴ്‌സുകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. ഫലം ജൂണ്‍ 24ന്. ജൂലൈ ഒന്നിന് ക്യാമ്പുകള്‍ ആരംഭിക്കും. ബി ടെക്, ബി സി എ, ബി എസ് സി(ഐ ടി) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാന്‍ മെയ് 15 വരെ സമയമുണ്ട്. എം ബി എ കോഴ്‌സുകളിലേക്കുള്ള അപേക്ഷകള്‍ ഏപ്രില്‍ 10ന് മുമ്പായി സമര്‍പ്പിക്കണം.
കേരളത്തിലെ കണ്ണൂരില്‍ ജാമിഅ ഹംദര്‍ദിന് ക്യാമ്പസുണ്ട്. ബി ബി എ, ബി സി എ, ബി കോം, ബി എ ഇംഗ്ലീഷ്, ബി എസ് സി സൈക്കോളജി എന്നീ കോഴ്‌സുകളാണ് കണ്ണൂര്‍ ക്യാമ്പസിലുള്ളത്. കോഴ്‌സുകള്‍, അപേക്ഷാ ഫോം, ഫീസ് തുടങ്ങളിയ വിശദ വിവരങ്ങള്‍ക്ക് www.jamiahamdard.edn എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.