കെ സി ബി സി യും കെ പി സി സിയും

Posted on: April 11, 2014 6:00 am | Last updated: April 11, 2014 at 9:05 am

kpcc.kcbc

കെ സി ബി സി എന്നാല്‍ കേരള കാതലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ്. കെ പി സി സി എന്നാല്‍ പറയേണ്ടതില്ല; കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. അക്ഷരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല ബുദ്ധിയുടെ കാര്യത്തിലും രണ്ട് കൂട്ടരും തുല്യരാണ്. ബിഷപ്പുമാരെ മാര്‍പ്പാപ്പയും കെ പി സി സി അംഗങ്ങളെ സോണിയാ ഗാന്ധിയും നോമിനേറ്റ് ചെയ്യുന്നു. എന്നതിനാല്‍ രണ്ട് കൂട്ടര്‍ക്കും ജനങ്ങളുമായി നേരിട്ടു ബന്ധമൊന്നുമില്ല. പക്ഷേ, രണ്ട് കൂട്ടരും എപ്പോഴും ജനങ്ങള്‍! ജനങ്ങള്‍! എന്ന് മാത്രം ഉരുവിട്ടു കൊണ്ടിരിക്കുന്നു. സ്വന്തമായി ബുദ്ധി ഉണ്ടായിട്ടും കാര്യമില്ല. ഇറക്കുമതി ചെയ്ത ബുദ്ധിയിലാണ് ഇരു കൂട്ടര്‍ക്കും താത്പര്യം. ആദ്യത്തെ കൂട്ടര്‍ ഇറ്റലിയില്‍ നിന്നും ബുദ്ധി ഇറക്കുമതി ചെയ്യുന്നു. രണ്ടാമത്തെ കൂട്ടര്‍ അമേരിക്കയിലെ കോര്‍പ്പറേറ്റുകളില്‍ നിന്ന് ബുദ്ധി മൊത്തമായും ചില്ലറയായും ഇറക്കുമതി ചെയ്തു കമ്മീഷന്‍ അടിസ്ഥാനത്തില്‍ താഴെ തലങ്ങളിലെത്തിച്ചു കൊടുക്കുന്നു.
ബാറുകള്‍ പൂട്ടിയ ഏപ്രില്‍ രണ്ടിനു തന്നെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലൈറ്റുകളില്‍ നിന്ന് വിറ്റഴിച്ച മദ്യത്തിന്റെ അളവ് തലേ വര്‍ഷം ഇതേ ദിവസം വിറ്റ മദ്യത്തിന്റെ മൂന്നിരട്ടിയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബാറുകള്‍ പൂട്ടി മദ്യവില്‍പ്പന സര്‍ക്കാര്‍ നേരിട്ടു നടത്തുന്നതു കൊണ്ട് മദ്യത്തിന്റെ ഉപഭോഗം കുറയുമെന്നും വിശ്വസിക്കാന്‍ ദന്തഗോപുരവാസികളായ ഏതാനും ചില ശുദ്ധാത്മക്കള്‍ക്ക് മാത്രേമ കഴിയൂ. പണ്ട് ചാരായനിരോധം നടപ്പിലാക്കിയ എ കെ ആന്റണിയെ അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ പുണ്യവാളനായി പ്രഖ്യാപിക്കാന്‍ കെ സി ബി സി ആലോചിച്ചതാണ്. വിദേശമദ്യ ലോബിയില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫണ്ടിലേക്കു കാശൊപ്പിക്കലായിരുന്നു ആ നിരോധത്തിന്റെ ലക്ഷ്യമെന്നു കെ സി ബി സി വളരെ വൈകിയാണ് മനസ്സിലാക്കിയത്. ഒരു കീശയില്‍ പണവും മറു കീശയില്‍ വോട്ടും സംഭരിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. കാശ് തരമായെങ്കിലും വോട്ട് കൂടുതല്‍ ലഭിച്ചത് മറു പക്ഷത്തിനായിരുന്നു.
മദ്യവില്‍പ്പന ഒരു തൊഴിലും മദ്യനിര്‍മാണം ഒരു വ്യവസായവുമാണെന്നാണ് സങ്കല്‍പ്പം. അങ്ങനെയെങ്കില്‍ നമ്മുടെ മാറി മാറി വരുന്ന സര്‍ക്കാറുകള്‍, വേശ്യാലയങ്ങളും മോഷണ പരിശീലന സ്ഥാപനങ്ങളും തൊഴിലും വ്യവസായവും ആണെന്ന ധാരണ പരത്തുകയില്ലെന്നാരു കണ്ടു. മദ്യവില്‍പ്പനയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാറുകള്‍ ഒരുതരം ശവംതീനിപ്പക്ഷികളുടെ റോളാണ് അഭിനയിക്കുന്നത്. ഫൈവ് സ്റ്റാര്‍, ത്രീ സ്റ്റാര്‍ എന്നൊക്കെപ്പറഞ്ഞാല്‍ ഇവിടുത്തെ സാധാരണക്കാരന് എന്തു മനസ്സിലാകാനാണ്? ത്രീ സ്റ്റാര്‍ സൗകര്യമുള്ള ബാറുകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി നല്‍കിയാല്‍ മതിയെന്ന കോടതി നിരീക്ഷണം അത്ര മോശം കാര്യമൊന്നുമല്ല. ഹൈക്കോടതിയിലേയും സുപ്രീം കോടതിയിലേയും ഒക്കെ ജഡ്ജിമാര്‍, ഉയര്‍ന്ന ഫീസ് വാങ്ങി കേസ് വാദിക്കുന്ന വക്കീലന്മാര്‍, ഡോക്ടര്‍മാര്‍, ഉയര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ ഇവര്‍ക്കൊക്കെ സൈ്വരമായിരുന്ന് അല്‍പ്പം വീശണമെങ്കില്‍ ഇരുന്നും കിടന്നും ഒക്കെ കുടിക്കാന്‍ സൗകര്യമുള്ള നക്ഷത്ര പരിവേഷമുള്ള ബാറുകള്‍ തന്നെ വേണം. തട്ടു കടയില്‍ നിന്നും പുട്ടും ബോട്ടിയും തട്ടുന്ന ഇവിടുത്തെ ‘സാധാരണക്കാരന്‍’ കുടിച്ചതിനു ശേഷം ഒന്നു നന്നായി പെടുക്കുന്നതിനു സൗകര്യമുള്ള ഒരു ബാര്‍ മാത്രമാണ് പ്രതീക്ഷിക്കുന്നത്. അതുപോലും സാധിക്കാതെ, മനുഷ്യമാലിന്യങ്ങള്‍ കൊണ്ടും മലീമസമായ ഒട്ടും ഹൈജീനിക്കല്ലാത്ത ബാറുകളാണ് കേരളത്തിലെ അധികം ബാറുകളും എന്നാണ് അനുഭവസ്ഥര്‍ സാക്ഷിക്കുന്നത്. ഇത് മനസ്സിലാക്കിയായിരിക്കണം ഇത്തരം ബാറുകള്‍ പൂട്ടിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കോടതി പറഞ്ഞത്. കോടതി നിര്‍ദേശം നടപ്പിലാക്കാനൊന്നുമല്ല സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിയ ഈ അടച്ചുപൂട്ടല്‍ നാടകം. തിരഞ്ഞെടുപ്പ് ഫണ്ടിലേക്കു പണം പിരിച്ചെടുക്കാനുള്ള ഒരടവായിരുന്നു ഈ അടക്കല്‍ പരിപാടി എന്ന കാര്യം വൈകാതെ തന്നെ നാട്ടുകാര്‍ക്ക് ബോധ്യപ്പെടും. കോടികളുടെ അഴിമതിയാണ് ഇതോട് ബന്ധപ്പെട്ട് നടന്നത്. തിരെഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിഷ്ടം പോലെ കറന്നെടുക്കാന്‍ പാകത്തില്‍ തൊഴുത്തില്‍ കെട്ടിയിരിക്കുന്ന ഒരു കറവപ്പശുവാണ് അബ്കാരി. ഈ പശുവിന്റെ കറവക്കാരാണ് നമ്മുടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍. തിരഞ്ഞെടുപ്പ് ഫലം ആര്‍ക്കനുകൂലമായിരിക്കും എന്ന് നിശ്ചയമില്ലാത്തതുകൊണ്ടുകൂടിയാകാം ഈ തവണ ബാറുടമകള്‍ കേട്ട പാട് പണം നല്‍കാന്‍ വിസമ്മതിച്ചത്. അപ്പോള്‍ വി എം സുധീരന്‍ വീണതു വിദ്യയാക്കിക്കൊണ്ട് യു ഡി എഫ് സര്‍ക്കാറിന്റെ ഘട്ടം ഘട്ടമായുള്ള മദ്യ നിരോധ നയത്തിന്റെ ഭാഗമാണിതെന്നുള്ള പ്രഖ്യാപനം നടത്തി.
ഒരു മതവിഭാഗം എന്ന നിലയില്‍ മദ്യം ഒരു നിഷിദ്ധ വസ്തുവായി കരുതുന്ന ഒരേയൊരു വിഭാഗം മുസ്‌ലിംകള്‍ മാത്രമാണ്. സമ്പൂര്‍ണ മദ്യനിരോധം ഇസ്‌ലാം മത പണ്ഡിതന്മാര്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടു പോരുന്നു. മുസ്‌ലിംകള്‍ക്കിത്ര മേല്‍ സ്വാധീനമുള്ള ഒരു സര്‍ക്കാര്‍ കേരളത്തില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഇനിയൊട്ട് ഉണ്ടാകാനുമിടയില്ല. ഇപ്പോഴും ഗാന്ധിജിയുടെ ആശയങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്തവരായി കേരളത്തിലെ കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന വിരലിലെണ്ണാവുന്ന ഗാന്ധിയന്മാരില്‍ ഒരാളാണ് കെ പി സി സി പ്രസിഡന്റ് കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ മുസ്‌ലിം ലീഗിനു ഇസ്‌ലാമിക ആദര്‍ശങ്ങളോട് കൂറുണ്ടെങ്കില്‍ കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധം നടപ്പിലാക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. അവരൊന്ന് മനസ്സ് വെച്ചാല്‍ മതി. ഒരേ സമയം അമ്മയുടെ കൂടെക്കിടക്കാനും അമ്മാവന്റെ തോളത്തു കയറി സഞ്ചരിക്കാനുമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യം തുറന്നു കാണിക്കേണ്ടിയിരിക്കുന്നു. കുടിയന്മാരില്‍ നിന്നും നികുതി; ബാറുടമകളില്‍ നിന്നും സംഭാവന/കൈക്കൂലി; മദ്യവിരോധികളില്‍ നിന്നും ആദരവ്. മൂന്നും ഒപ്പം വേണമെന്ന സര്‍ക്കാറിന്റെ നിര്‍ബന്ധ ബുദ്ധിയാണിപ്പോള്‍ മറ നീക്കി പുറത്തുവന്നിരിക്കുന്നത്.
സര്‍ക്കാറുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും കാര്യം പോകട്ടെ എന്ന് വെക്കാം. അവര്‍ക്കിങ്ങനെയൊക്കെയേ ആകൂ. എന്നാല്‍ ഇതായിരിക്കരുതല്ലോ വലിയ ഇടയന്മാരുടെ സംഘടനയായ കെ സി ബി സി ചെയ്യേണ്ടത്. അവര്‍ക്ക് ഭൂമിയിലും സ്വര്‍ഗത്തിലും ഒരുപോലെ കെട്ടാനും അഴിക്കാനുമുള്ള അവകാശം ലഭിച്ചിട്ടുണ്ടെന്നാണ് സങ്കല്‍പ്പം. മദ്യപാനത്തിന്റെ ഫലമായി തോരാത്ത കണ്ണീര്‍ പൊഴിക്കുന്ന പാവപ്പെട്ട വീട്ടമ്മമാരുടെ കണ്ണ്‌നീരിനറുതി കുറിക്കണമെന്ന കാര്യത്തില്‍ നമ്മുടെ ഈ വലിയ ഇടയന്മാര്‍ക്ക് നിര്‍ബന്ധമുണ്ട്. അത് ഘട്ടം ഘട്ടമായി അവസാനിപ്പിച്ചാല്‍ പോര; ഒറ്റയടിക്ക് അവസാനിപ്പിക്കണം എന്നവര്‍ക്ക് എന്തുകൊണ്ട് നിര്‍ബന്ധിച്ചു കൂടാ? അവര്‍ മനസ്സ് വെച്ചാല്‍ വഴിയുണ്ട്. കേരളത്തിലെ അബ്കാരി ബിസിനസ്സുകാരില്‍ ഏറെപ്പേരും ഒന്നാം തരം കൃസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചു വളര്‍ന്നവരും പള്ളിക്ക് കൃത്യമായി പിരിവ് നല്‍കുന്നവരുമാണ്. പള്ളിയേയും പുണ്യവാളന്മാരേയും മാത്രമല്ല മെത്രാന്മാരുടെ അരമനകളേയും നിലനിര്‍ത്തുന്നത് അബ്കാരികളാണെന്നാണ് അവരുടെ അവകാശവാദം. അത് ശരിയോ തെറ്റോ ആകട്ടെ ഓരോ ഇടവകയിലും ഉള്ള മദ്യക്കച്ചവടക്കാരുടെ ലിസ്റ്റ് തയ്യാറാക്കി അവരെ പള്ളിക്കൂട്ടായ്മയില്‍ നിന്നും ബഹിഷ്‌കരിക്കാന്‍ കെ സി ബി സിക്ക് ധൈര്യമുണ്ടോ?
മദ്യഷാപ്പുടമസ്ഥരെ മാത്രമല്ല മദ്യം വില്‍പ്പന തൊഴിലായി സ്വീകരിച്ചവര്‍ക്കെതിരെയും ഊരുവിലക്ക് പ്രഖ്യാപിക്കണം. കുടിക്കുന്നവര്‍ മാത്രം പാപികളും വില്‍ക്കുന്നവര്‍ പുണ്യവാളന്മാരെന്നും ഉള്ള കെ സി ബി സി നിലപാട് മാറണം. മദ്യം കുടിച്ച് ഭാര്യയെത്തല്ലിയാല്‍, കുട്ടികളെ പട്ടിണിക്കിട്ടാല്‍, അയല്‍ക്കാരുമായി വഴക്കുണ്ടാക്കിയാല്‍, അതെല്ലാം വികാരിയച്ഛന്റെ ചെവിയില്‍ ഒരാണ്ട് കുമ്പസാരം നടത്തി ഒറ്റയടിക്കു പാപമോചനം ലഭിക്കുമെന്നിരിക്കെ, വിശ്വാസികളെന്തിനാണ് പേടിക്കുന്നത്? പഴയ ചാരായക്കടയിലെന്നതു പോലെ ഇപ്പോഴത്തെ ബാറുകളിലും യേശു ക്രിസ്തുവിന്റെ പൂര്‍ണകായ ചിത്രം ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ടെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അങ്ങനെയുണ്ടെങ്കില്‍ അത് എടുത്തുമാറ്റണമെന്ന നിര്‍ദേശമെങ്കിലും കെ സി ബി സിക്കു നല്‍കിക്കൂടേ? ചെത്തരുത്, വില്‍ക്കരുത്, കുടിക്കരുത് എന്നു തറപ്പിച്ച് പറഞ്ഞ ഗുരുവിന്റെ ചിത്രം ഫ്രെയിം ചെയ്തു വെച്ചിട്ടില്ലാത്ത കള്ള് ഷാപ്പുകളില്ലത്രെ. ഇപ്പോള്‍ ഗുരുദേവനു പുറമെ ഇ എം എസ്, ഏ കെ ജി തുടങ്ങിയ കമ്മ്യൂണിസ്റ്റ് ദൈവങ്ങളും കള്ളുഷാപ്പുകളുടെ ഭിത്തികളെ അലങ്കരിക്കുന്നുവെന്നാണ് പത്രപ്രവര്‍ത്തകനായ ഒരു സ്‌നേഹിതന്‍ പറഞ്ഞത്.
കെ സി ബി സി, കെ പി സി സി, ശ്രീനാരായണീയര്‍, മുസ്‌ലിംകള്‍ ഈ വക വലതു മൂരാച്ചികളേക്കാള്‍ ഒക്കെ കൂടുതലായി മദ്യവിരോധം പ്രകടിപ്പിക്കുന്നത് തങ്ങളാണെന്നാണ് വിപ്ലവ വീര്യം കെട്ടടങ്ങിയിട്ടില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ പറയുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്തൊക്കെ കഴിക്കാം, എന്തെല്ലാം കഴിച്ചുകൂടാ എന്ന കാര്യത്തില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗീകരിച്ചു താഴെ തലങ്ങളില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ലഘുലേഖയില്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകര്‍ മദ്യം കഴിക്കുക പോയിട്ട് മദ്യഷാപ്പിനടുത്തു കൂടെ പോലും പോകരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളുടെ സ്ഥിതിയെന്നിരിക്കെ, പാവപ്പെട്ടവര്‍ക്ക് റേഷന്‍ കടകള്‍ വഴി ആരോഗ്യത്തിനു ഹാനികരമല്ലാത്ത മദ്യം ന്യായമായ വിലക്കു നല്‍കും എന്ന പ്രകടനപത്രികയിലൂടെ പറഞ്ഞു വോട്ട് നേടാന്‍ കെജ്‌രിവാളിന്റെ ചൂലടയാളമാക്കിയ ആം ആദ്മി പാര്‍ട്ടിക്കു പോലും കഴിയുമെന്ന് തോന്നുന്നില്ല. ആ നിലക്കു ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനു ധൈര്യമായി സമ്പൂര്‍ണ മദ്യനിരോധം നടപ്പില്‍ വരുത്തി നാടിനെയും നാട്ടാരെയും രക്ഷിക്കാം.
അതിനു പകരം ഈ ‘ഘട്ടം ഘട്ടമായി’ എന്നു പറഞ്ഞുള്ള തട്ടിപ്പ് അവസാനിപ്പിക്കണം. ഈ കാര്യം കെ പി സി സിയോടു കെ സി ബി സി അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ തുറന്നു പറയുക. കെ പി സി സി അത് സര്‍ക്കാറിനോടും പറയുക. സര്‍ക്കാറിനു വേണമെങ്കില്‍ പ്രതിപക്ഷത്തോട് അഭിപ്രായം ആരായാം. അവരും അതിനോട് അനുകൂലിക്കാതിരിക്കാന്‍ ന്യായമില്ല. എതിര്‍ക്കാന്‍ ഒരു ചെറിയ ന്യൂനപക്ഷം കുടിയന്മാരേ ഉണ്ടാകൂ. അവര്‍ക്കാണെങ്കില്‍ യാതൊരു സംഘടനാശേഷിയുമില്ല. അവരുടെ ഭാര്യമാര്‍ പോലും കുടി വിഷയത്തില്‍ അവര്‍ക്കെതിരായിരിക്കും. ലോകത്തിലൊരിടത്തും കുടിയന്മാരൊരു സംഘടനയുണ്ടാക്കി എന്തെങ്കിലും നേടിയെടുത്ത ചരിത്രമില്ല. പിന്നെ ആരെയാണീ സര്‍ക്കാറുകള്‍ക്ക് പേടി? സമ്പൂര്‍ണ മദ്യനിരോധം നടപ്പിലാക്കുന്ന കാര്യത്തില്‍ സര്‍ക്കാറിനു വേണമെങ്കില്‍ ഇവിടുത്തെ സ്ത്രീകളുടെ സഹകരണം തേടാവുന്നതാണ്. അതിനുള്ള ഒരേയൊരു എളുപ്പ വഴി പറഞ്ഞുതരാം.
ബി സി 400 വര്‍ഷങ്ങള്‍ക്കു മുമ്പ് ജീവിച്ചിരുന്ന അരിസ്റ്റോ ഫെനീസ് എന്ന നാടകകൃത്ത് ലിസീസ്ട്രാറ്റ എന്ന പേരില്‍ ഒരു നാടകം എഴുതിയിട്ടുണ്ട്. കഥാനായികയുടെ പേര് തന്നെയാണ് ലിസീസ്ട്രാറ്റ. പശ്ചാത്തലം പൊലൊപൊനീഷ്യന്‍ യുദ്ധം. അതായത് യവന രാജ്യങ്ങളായ ഏതന്‍സും സ്പാര്‍ട്ടായും തമ്മിലുള്ള നിരന്തര യുദ്ധം. 29 വര്‍ഷങ്ങള്‍ ഈ യുദ്ധം നീണ്ടുനിന്നു. അക്രമങ്ങളും പ്രതിരോധവും പകര്‍ച്ച വ്യാധികളും തുടരെത്തുടരെ ജനങ്ങളെ വിഷമിപ്പിച്ചു. രോഗബാധയില്‍ 10,000ത്തോളം പേര്‍ മരിച്ചു. യുദ്ധം ഒരു കാരണവശാലും അവസാനിപ്പിച്ചു കൂടെന്നായിരുന്നു ഇരു ഭാഗത്തും ഉള്ള നേതാക്കള്‍ വാദിച്ചിരുന്നത്. ജനങ്ങളുടെ കഷ്ടപ്പാടിനെക്കുറിച്ച് അവര്‍ക്കാര്‍ക്കും യാതൊരു ശ്രദ്ധയും ഇല്ലായിരുന്നു. യുദ്ധം യുദ്ധം എന്നുപറഞ്ഞ് ജനങ്ങളെ ആവേശം കൊള്ളിക്കുന്നതും യുദ്ധച്ചെലവിലേക്ക് കൂടുതല്‍ നികുതി ചുമത്തുന്നതും അവര്‍ പതിവാക്കിയിരുന്നു. യുദ്ധത്തിന്റെ ദുരിതങ്ങളില്‍പ്പെട്ട് നാട്ടുകാര്‍ നട്ടം തിരിയുകയാണ്. വീട്ടിലിരുന്ന് കഷ്ടപ്പാടുകളെല്ലാം അനുഭവിക്കേണ്ട സ്ത്രീകള്‍ സഹികെട്ടു. പുരുഷന്മാര്‍ വീണ്ടും യുദ്ധം തുടരണമെന്നുള്ള അഭിപ്രായക്കാരായിരുന്നു. ഈ ഘട്ടത്തിലാണ് പരിഹാര മാര്‍ഗവുമായി ലിസീസ്ട്രാറ്റ എന്ന ബുദ്ധിമതിയായ വനിത പ്രവേശിക്കുന്നത്. യുദ്ധത്തിലെ രണ്ട് കക്ഷികളിലും പെട്ട രാജ്യങ്ങളില്‍ നിന്നെല്ലാം സ്ത്രീകള്‍ അവരുടെ ആഹ്വാനം അനുസരിച്ച് ഒന്നിച്ചുകൂടി. യുദ്ധം അവസാനിപ്പിക്കാനുള്ള ഒരു നൂതന പദ്ധതി ലിസിസ്ട്രാറ്റ അവര്‍ക്ക് മുമ്പില്‍ വെച്ചു. കേട്ട മാത്രയില്‍ നിസ്സാര സംശയങ്ങളും തര്‍ക്കങ്ങളും ഉണ്ടായെങ്കിലും സാവകാശം എല്ലാവരും ലിസീസ്ട്രാറ്റ അവതരിപ്പിച്ച പദ്ധതിയോടു യോജിക്കുന്നു.
ഒരു ചട്ടിയില്‍ നിറയെ വീഞ്ഞ് പകര്‍ന്ന് വെച്ച് അതിന്മേല്‍ കൈവെച്ച് കൊണ്ട് സ്ത്രീകളെല്ലാവരും ഒരു പ്രതിജ്ഞ എടുക്കുന്നു. ‘യുദ്ധം അവസാനിക്കുന്നതു വരെ ഞങ്ങള്‍ ഞങ്ങളുടെ പുരുഷന്മാരുമായി സഹശയനം ചെയ്യുകയില്ല. ഇത് സത്യം സത്യം’ ഇതായിരുന്നു പ്രതിജ്ഞ. വേണ്ടപോലെ അണിഞ്ഞൊരുങ്ങി ഭര്‍ത്താക്കന്മാരുടെയും കാമുകന്മാരുടെയും വികാരം ഉണര്‍ത്തിയതിനു ശേഷം അവരുമായി സഹകരിക്കാതിരുന്നാല്‍ തങ്ങള്‍ പറയുന്നതു കേട്ട് എത്രയും വേഗം അവര്‍ യുദ്ധം അവസാനിപ്പിക്കും എന്ന് ലിസിസ്ട്രാറ്റ അവര്‍ക്ക് പറഞ്ഞു കൊടുത്തു. നടപടിയുടെ പ്രത്യാഘാതം ഉടന്‍ വെളിപ്പെട്ടു. രസകരമാണ് നാടകത്തിന്റെ ഉപരി രംഗങ്ങള്‍. കേരളത്തിലെ പുരുഷന്മാരെ മദ്യ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ നമ്മുടെ സ്ത്രീകള്‍ ഇങ്ങനെയൊരു പ്രതികരണം ആത്മാര്‍ഥമായി എടുത്താല്‍ തീര്‍ച്ചയായും ഇവിടുത്തെ പുരുഷന്മാര്‍ പൂര്‍ണമായും കുടി നിര്‍ത്തും എന്നു മാത്രമല്ല; ബാറുകളുടെ മുന്നിലൂടെ വഴി നടക്കുക പോലുമില്ല. കാര്യമായ ജോലിയൊന്നുമില്ലാത്ത നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെ മഹിളാ വിഭാഗം മുന്‍കൈയെടുത്ത് ഇങ്ങനെയൊരു തീരുമാനമെടുത്ത് നടപ്പാക്കാന്‍ സ്ത്രീകള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചാല്‍ പുരുഷന്മാര്‍ രക്ഷപ്പെടുക തന്നെ ചെയ്യും. ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക നിങ്ങളുടെ വാക്കുകള്‍ വിശ്വസിച്ച് കുടി നിര്‍ത്തിയ പുരുഷന്മാരെ അതിനു ശേഷമെങ്കിലും വേണ്ടതു പോലെ സത്കരിക്കുന്നതിനു അമാന്തം വരുത്തരുത്. വെണ്ണ കൈവശമുള്ളപ്പോള്‍ നറുനെയ് വേറെ കരുതേണ്ടതില്ലെന്ന് ആണുങ്ങള്‍ക്കു ബോധ്യപ്പെടുത്തി കൊടുക്കണം.
(കെ സി വര്‍ഗീസ്, ഫോണ്‍-9446268581)