പബ്ലിക് പ്രോസിക്യൂട്ടറെ നീക്കിയതെന്തിന്?

Posted on: April 11, 2014 6:00 am | Last updated: April 10, 2014 at 8:36 pm

അമൃതാനന്ദമയി മഠം അന്തേവാസിയായിരുന്ന സത്‌നാം സിംഗ് കൊല്ലപ്പെട്ടത് സംബന്ധിച്ച അന്വേഷണത്തില്‍ പോലീസും സര്‍ക്കാറും ഒളിച്ചുകളി നടത്തുന്നുവെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍ സുരേഷിനെ കേസിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കിയ നടപടി. സത്‌നാം സിംഗിന് മഠത്തില്‍ നിന്നേറ്റ മര്‍ദനത്തെക്കുറിച്ച് പോലീസ് സ്വതന്ത്രവും സത്യസന്ധവുമായ അന്വേഷണം നടത്തയിട്ടില്ലെന്ന് അദ്ദേഹം ചൊവ്വാഴ്ച ഹൈക്കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അഡ്വ. ജനറല്‍ കെ പി ദണ്ഡപാണി കേസ് നടത്തിപ്പിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പൊടുന്നനെ അദ്ദേഹത്തെ നീക്കിയത്.

മഠത്തിലെ ദര്‍ശന വേളയില്‍ സത്‌നാംസിംഗ് അമൃതാനന്ദമയിയുടെ അടുത്തേക്ക് ഓടിച്ചെന്നതാണ് സംഭവത്തിന്റെ തുടക്കം. ഇത് അമൃതാനന്ദമയിയെ അക്രമിക്കാനാണെന്ന ധാരണയില്‍ അമ്മഭക്തര്‍ അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചു. തുടര്‍ന്ന് സത്‌നാമിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത പോലീസ് അറസ്റ്റ് ചെയ്തു പേരൂര്‍ക്കട മാനസിക രോഗാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ സത്‌നാമിനെ താമസിപ്പിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍പ്പിച്ച വാര്‍ഡിലായിരുന്നു. അവിടെ നിന്നും ഏല്‍ക്കേണ്ടി വന്നു അദ്ദേഹത്തിന് ക്രുരമര്‍ദനം. താമസിയാതെ മരണവും സംഭവിച്ചു. പോലീസ് റിപ്പോര്‍ട്ടില്‍ മരണ കാരണമായി പറയുന്നത് ആശുപത്രിയില്‍ നിന്നേറ്റ മര്‍ദനമാണ്. മഠത്തിലെ സഭവങ്ങള്‍ക്ക് മരണത്തില്‍ പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചില്ല. റിപ്പോര്‍ട്ടില്‍ അതേക്കുറിച്ചു പരാമര്‍ശമില്ല. പബ്ലിക് പ്രൊസിക്യൂട്ടര്‍ ഇക്കാര്യങ്ങളെല്ലാം കോടതിയെ ധരിപ്പിച്ചിരുന്നു. കേസ് സി ബി ഐക്കു കൈമാറണമെന്നാവശ്യപ്പെട്ടു സത്‌നാം സിംഗിന്റെ പിതാവ് ഹരീന്ദ്രസിംഗ്പാല്‍ സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കവേ, സി ബി ഐ അന്വേഷണത്തിന്റെ അനിവാര്യത കോടതിയെ ബോധ്യപ്പെടുത്താനാണ് പോലീസ് അന്വേഷണത്തിന്റെ അപര്യാപ്തത തുറന്നുകാട്ടിയത്.
സംഭവത്തില്‍ തുടക്കം മുതലേ ദുരൂഹതയുണ്ട്. അമൃതാനന്ദമയിയെ വധിക്കാനൊരുങ്ങിയ മതതീവ്രാദി എന്ന മുദ്ര കുത്തിയാണ് 2012 ആഗസ്റ്റ് രണ്ടിന് അദ്ദേഹത്തെ അറസ്റ്റ് ചെയതത്. പെട്ടെന്നുണ്ടായ എന്തോ മാനസിക വിഭ്രാന്തിയില്‍ നിരായുധനായി അമൃതാനന്ദ മയിയുടെ അടുത്തേക്ക് ഓടിയടുത്ത അദ്ദേഹം അവര്‍ക്ക് നേരെ കൈയോങ്ങുകയോ അക്രമത്തിന് മുതിരുകയോ ചെയ്തിട്ടില്ലെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അതെന്തായാലും സത്‌നാമിന് അമൃതാനന്ദമയീ ഭക്തരില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. അതേ സമയം ദര്‍ശന സമയത്ത് വേദിയിലേക്ക് പാഞ്ഞുകയറിയ സത്‌നാമിനെ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ കീഴ്‌പ്പെടുത്തുകയായിരുന്നെന്നും ആരും മര്‍ദിച്ചിട്ടില്ലെന്നുമാണ് ഔദ്യോഗിക ഭാഷ്യം. അയാളുടെ ശരീരത്തില്‍ മര്‍ദനത്തിന്റെ നിരവധി അടയാളങ്ങള്‍ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ഉത്തരമില്ല. ടി പി ചന്ദ്രശേഖരന്റെ ശരീരത്തിലെ മുറിവകളുടെ എണ്ണം ആഘോഷിച്ച മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും ഈ മുറിവുകള്‍ കാണാതെ പോയി.
സ്തനാമിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലക്കും കഴുത്തിലും കിഡ്‌നിക്കും ഗുരുതര പരിക്കുകള്‍ ഏറ്റതായും 77ഓളം മുറിവുകള്‍ ശരീരത്തില്‍ ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 24 മുറിവുകള്‍ മരണത്തിന്റെ മുന്ന് ദിവസമെങ്കിലും മുമ്പ് സംഭവിച്ചതാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണറിയുന്നത്. അങ്ങനെയെങ്കില്‍ അവ മഠത്തില്‍ നടന്ന മര്‍ദനത്തിന്റേതാകണം. എന്നാല്‍ മരണം നടന്ന ദിവസം മാനസീകാരോഗ്യ കേന്ദ്രത്തിലുണ്ടായ സംഘട്ടനം മാത്രമാണ് മരണത്തിന് ഹേതു എന്ന രീതിയിലാണ് കുറ്റപത്രം തയാറാക്കിയത്. ഇത് സത്യസന്ധമായി കോടതിയില്‍ അറിയിച്ചതിന് പബ്ലിക്ക് പ്രൊസിക്യൂട്ടറെ കേസിന്റെ ചുമതലയില്‍ നീക്കിയത് ആരെ സംരക്ഷിക്കാനാണ്? പൂക്കടയും ക്ഷണക്കത്തും ‘മാശാ അല്ലാ’യുമൊക്കെ തലനാരിഴ കീറി പരിശോധിക്കാനറിയുന്ന നമ്മുടെ പോലീസിനെന്തേ സത്‌നാമിന് നേരെ മഠത്തില്‍ നടന്ന അക്രമം അന്വേഷിക്കാന്‍ വൈമനസ്യം?
സത്‌നാമിന്റെ മരണത്തിലും അന്വേഷണത്തിലെ ഒളിച്ചു കളിയിലും പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷിന് മാത്രമല്ല, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ കെ ജി ബാലകൃഷ്ണനടക്കമുള്ള മറ്റു പല ഉന്നതര്‍ക്കും ദരൂഹതയും സന്ദേഹവും അനുഭവപ്പടുന്നുണ്ട്. ഡല്‍ഹിയില്‍ അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞതാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം സി ബി ഐയെ ഏല്‍പിച്ചു സത്യാവസ്ഥ പുറത്തുകൊണ്ടു വരേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്.