മര്‍കസ് എക്‌സലന്‍സി ക്ലബ്ബ് നോളജ് സെമിനാര്‍ നാളെ

Posted on: April 10, 2014 12:18 am | Last updated: April 10, 2014 at 11:55 pm

കോഴിക്കോട്: വാണിജ്യ, വ്യവസായ രംഗത്തെ പ്രമുഖരുടെ കൂട്ടായ്മയായ മര്‍കസ് എക്‌സലന്‍സി ക്ലബ്ബ് (എം ഇ സി) സംഘടിപ്പിക്കുന്ന നോളജ് സെമിനാര്‍ നാളെ കാലിക്കറ്റ് ടവറില്‍ നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന പരിപാടിയില്‍ ആരോഗ്യ, വിദ്യാഭ്യാസ, നിയമ, സാങ്കേതിക രംഗത്തെ പ്രൊഫഷനലുകളും വാണിജ്യ, വ്യാവസായിക രംഗത്തെ പ്രമുഖരുമാണ് പങ്കെടുക്കുന്നത്.

എം ഇ സി പ്രസിഡന്റും ആപ്‌കോ ഗ്രൂപ്പ് സി എം ഡിയുമായ എ പി അബ്ദുല്‍ കരീം ഹാജിയുടെ അധ്യക്ഷതയില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ബൈപ്പാസ് ഓപ്പറേഷനിലെ അഡ്വാന്‍സ് ടെക്‌നോളജി ഇന്ത്യയില്‍ പരിചയപ്പെടുത്തിയ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. മൂസക്കുഞ്ഞി വര്‍ധിച്ചു വരുന്ന ഹൃദയാഘാതത്തിന്റെ കാരണങ്ങളെയും പ്രതിരോധ മാര്‍ഗങ്ങളെയും അധികരിച്ച് സംസാരിക്കും.
മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനും മദീന വികസന പദ്ധതിയുടെ സാങ്കേതിക ഉപദേശകനുമായ ഡോ. അബ്ദുസ്സലാം സാമ്പ്രദായിക വിദ്യാഭ്യാസ രീതിശാസ്ത്രത്തില്‍ മര്‍കസ് നോളജ് സിറ്റി വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങള്‍ പരിചയപ്പെടുത്തും. വിദ്യാഭ്യാസ രംഗത്തെ സാമൂഹിക പദ്ധതികളുടെ സാമ്പത്തിക പ്രഭാവത്തെ സംബന്ധിച്ച് പ്രമുഖ ബിസിനസ് കണ്‍സല്‍ട്ടന്റായ എസ് എസ് എ ഖാദര്‍ ബംഗളൂരു പ്രഭാഷണം നടത്തും. സാങ്കേതിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന പ്രിന്റഡ് ഇലക്‌ട്രോണിക് ടെക്‌നോളജിയെ കുറിച്ച് ഡോ. ഉമര്‍ സലീം പ്രസന്റേഷന്‍ അവതരിപ്പിക്കും. തുടര്‍ന്ന് ഓപ്പണ്‍ ഡിസ്‌കഷനും നടക്കും.