ടൊയോട്ട 64 ലക്ഷത്തോളം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

Posted on: April 9, 2014 3:32 pm | Last updated: April 9, 2014 at 4:08 pm

toyota

ടോക്കിയോ: ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ജപ്പാന്റെ ടൊയോട്ട തങ്ങള്‍ വിപണിയിലിറക്കിയ 63,90000 ലക്ഷം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. പുതുതായി പുറത്തിറങ്ങിയ ആര്‍ എ വി4 എസ് യു വി, യാരിസ് എന്നീ മോഡലുകള്‍ പിന്‍വലിക്കുന്നതിലുള്‍പ്പെടും. സ്റ്റിയറിംഗ് മുതല്‍ സീറ്റ് വരെ നിരവധി തകരാറുകള്‍ കാരണമാണ് കമ്പനി ഇത്രയുമധികം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്. ജപ്പാന്‍, യു എസ്, അറബ് രാജ്യങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിറ്റഴിച്ച 29 മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സിനും ഫ്യൂജി ഹെവി ഇന്‍ഡസ്ട്രീസിനും വേണ്ടി ടൊയോട്ട നിര്‍മിച്ചു നല്‍കിയ പോണ്ടിയാക് വൈബ്, സുബാറു ട്രെസിയ എന്നിവയും തിരിച്ചു വിളിക്കുന്നതിലുള്‍പ്പെടും.

വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതില്‍ ഉപഭോക്താക്കള്‍ക്കുണ്ടായ അസൗകര്യത്തില്‍ കമ്പനി ക്ഷമ ചോദിച്ചു. വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതിലൂടെ തങ്ങള്‍ക്ക് എത്ര പണം നഷ്ടമാകുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

സ്റ്റിയറിംഗ്, ആക്‌സിലറേറ്റര്‍, എയര്‍ ബാഗ്, ഡോര്‍, വൈപ്പര്‍ തുടങ്ങിയ ഭാഗങ്ങളിലുണ്ടായ തകരാറുകള്‍ കാര്‍ പിന്‍വലിക്കാന്‍ കാരണമായി കമ്പനി പറയുന്നു.