Connect with us

Wayanad

ശ്രീകണ്ഠപുരത്തെ ഭക്ഷ്യവിഷബാധ; 25ഓളം പേര്‍ കൂടി ചികിത്സ തേടി

Published

|

Last Updated

ശ്രീകണ്ഠപുരം: മലപ്പട്ടം പതിനാറാം പറമ്പില്‍ വിവാഹ വീട്ടില്‍ ഭക്ഷ്യവിഷബാധയേറ്റ് 25ഓളം പേര്‍ കൂടി ഇന്ന് രാവിലെ ചികിത്സ തേടി. ഇതില്‍ മലപ്പട്ടം സ്വദേശികളായ ആവണി (5), ശ്രേയ (14) എന്നിവരെ ജില്ലാ ആശുപത്രിയിലും, ചുളിയാട് സ്വദേശികളായ അമല്‍ദേവ് (3), തീര്‍ത്ഥ (8), ഗ്രീഷ്മ (16), ഷൈലജ (37), അഞ്ജിത (10), മാളവിക (മൂന്നര) എന്നിവരെ ഇരിക്കൂര്‍ സി എച്ച് സിയിലും പ്രവേശിപ്പിച്ചു.
ഇതോടെ ഇതുവരെ ചികിത്സതേടിയവരുടെ എണ്ണം 200ഓളമായി. ഒരാഴ്ചയോളമായിട്ടും നിരവധി പേരാണ് ഇപ്പോഴും ചികിത്സ തേടിയെത്തുന്നത്. ആശുപത്രി വിട്ടവര്‍ തന്നെ വീണ്ടും ചികിത്സ തേടിയെത്തുന്നുമുണ്ട്. ഭക്ഷ്യവിഷബാധയുടെ ആഘാതം 15 ദിവസത്തിനുള്ളില്‍ മാത്രമാണ് ചിലരില്‍ അനുഭവപ്പെടുകയെന്നും അതുകൊണ്ട് നേരിയക്ഷീണം അനുഭവപ്പെടുമ്പോള്‍ തന്നെ ചികിത്സ തേടാന്‍ ആളുകള്‍ തയ്യാറാകണമെന്ന് മയ്യില്‍ സി എച്ച് സിയിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ജോണ്‍സണ്‍ ജോസഫ് പറഞ്ഞു.
പാചകം ചെയ്യാനുപയോഗിച്ച വെള്ളതില്‍ നിന്നാണ് ഭക്ഷ്യവിഷബാധയുണ്ടായതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളം ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനയ്ക്കയച്ചിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ കണ്ണൂര്‍ റീജണല്‍ ലാബില്‍ നടത്തിയ പരിശോധനഫലം ഇന്നലെ ലഭ്യമായപ്പോള്‍ വെള്ളത്തില്‍ വളരെ കൂടുതല്‍ അളവില്‍ ബാക്ടീരിയകള്‍ അടങ്ങിയതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവാഹ വീട്ടുകാര്‍ പാത്രം കഴുകാനായി സമീപത്തെ റബ്ബര്‍ തോട്ടത്തിലെ കിണറ്റിലെ വെള്ളം കോരിവെച്ചത് ഉപയോഗിച്ചായിരുന്നു പാചകക്കാരന്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നത്.
ആരോഗ്യ വകുപ്പ് അധികൃതര്‍ കിണര്‍ വറ്റിച്ച് നടത്തിയ പരിശോധനയില്‍ ചേറ് മീനുകളും തുറന്നിട്ടത് കാരണം കിണറില്‍ നിറയെ ചപ്പചവറുകളും ഉണ്ടായിരുന്നു. ഇതാണ് സാധാരണ കിണറുകളിലുള്ളതിനേക്കാള്‍ ബാക്ടീരിയകളുടെ അളവ് വര്‍ധിക്കാനിടയാക്കിയതെന്ന് ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ജോണ്‍സണ്‍ ജോസഫ് പറഞ്ഞു.

Latest