മാവോവാദി ഭീഷണി അവഗണിച്ച് തിരഞ്ഞെടുപ്പ് ജോലിക്കായി കൂട്ടത്തോടെ പോലീസുകാരെ പിന്‍വലിക്കുന്നു

Posted on: April 9, 2014 7:39 am | Last updated: April 9, 2014 at 7:39 am

കാളികാവ്: മാവോവാദി ഭീഷണി നിലനില്‍ക്കേ ലോകസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോലീസ് സ്റ്റേഷനുകളില്‍ നിന്ന് പോലീസുകാരെ കൂട്ടത്തോടെ പിന്‍വലിക്കുന്നു.

സുരക്ഷക്കായി പ്രത്യേകം നിയോഗിച്ച പോലീസുകാരെ ഉള്‍പ്പടെയുള്ള വരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. രണ്ട് പോലീസുകാര്‍ മാത്രമാണ് തുടര്‍ച്ചെയായി രണ്ട് ദിവസം സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്കുണ്ടാകുക. സ്റ്റേഷന്‍ ചാര്‍ജുള്ള(ജി ഡി) ഒരാളും പാറാവുകാരനും മാത്രമാണ് 48 മണിക്കൂര്‍ നേരം സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടാകുക.
ജില്ലയിലെ 34 സ്റ്റേഷനുകളിലും ഇതേ രീതിയില്‍ തന്നെയാണ് പോലീസുകാരെ നിയോഗിച്ചിരിക്കുന്നത്. മാവോയിസ്റ്റുകള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാധ്യതകള്‍ അടക്കം നില നിന്നിട്ടും 48 മണിക്കൂര്‍ നേരം ഉറക്കമില്ലാതെ ജോലിചെയ്യേണ്ട അവസ്ഥയിലാണ് സ്‌റ്റേഷനില്‍ ഡ്യൂട്ടിക്ക് നിയോഗിച്ച പോലീസുകാര്‍.
ജില്ലയിലെ കാളികാവ്, പൂക്കോട്ടുംപാടം, നിലമ്പൂര്‍, എടക്കര, വഴിക്കടവ് തുടങ്ങിയ സ്റ്റേഷനുകള്‍ക്കാണ് മാവോവാദി ഭീഷണി നിലനില്‍ക്കുന്നത്. ഈ പ്രദേശങ്ങളില്‍ വീട്ടമ്മമാര്‍ അടക്കം ആയുധ ധാരികളായ അപരിചിതരെ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ തണ്ടര്‍ ബോള്‍ട്ട് അടക്കമുള്ള നിരവധി സായുധ പോലീസ് സംഘം പല തവണ തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.
സ്വാതന്ത്ര്യ ദിനം അടക്കമുള്ള ദേശിയ ആഘോഷ ദിനങ്ങളിലും മറ്റും പോലീസ് സ്റ്റേഷനുകള്‍ക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു. മാവോ വാദികള്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും പോലീസ് സ്റ്റേഷനുകള്‍ അക്രമിക്കാനും സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഉന്നത പോലീസുകാരുടെ ഈ നടപടി. ഇതില്‍ പോലീസുകാര്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ട്.