Connect with us

Articles

ഗുജറാത്തിലെ 'ശാന്തി'യും വികസനം എന്ന നുണയും

Published

|

Last Updated

“നാസി ജര്‍മനി സന്ദര്‍ശിച്ച ഒരു വിദേശ സഞ്ചാരിയോട് ആരാണ് അവിടെ ഭരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു: “ഭയം” ഫാസിസ്റ്റ്് ഭരണരീതിയുടെ നിഗൂഢവും ഭീതിദവുമായ ഉള്‍പ്പിരിവുകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ബ്രഹ്തിന്റെ “ഭരണകൂടത്തിന്റെ ഉത്കണ്ഠകള്‍” എന്ന കവിത ആരംഭിക്കുന്നതിങ്ങനെയാണ്. ഏതാനും ദിവസം മുമ്പ് ഗുജറാത്തിലെ ഒരു യൂനിവേഴ്‌സിറ്റിയില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കാന്‍ പോയ സുഹൃത്തിനോട് ബ്രഹ്തിനെ അനുകരിച്ച് എന്താണ് ഗുജറാത്തിലെ യഥാര്‍ഥ അവസ്ഥ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞു: “കേള്‍ക്കുന്നതൊന്നുമല്ല സത്യം. മുസ്‌ലിംകള്‍ ഭീതിയുടെ മുള്‍മുനയില്‍ തന്നെയാണ്. എല്ലാം ശാന്തമായി എന്ന് പുറമെ തോന്നാമെങ്കിലും ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന ഫാസിസത്തിന്റെ ഭീകരമായ ആയുധപ്പുരയാണ് ഗുജറാത്ത്. ഏത് സമയവും ഒരാക്രമണം മുസ്‌ലിംകള്‍ പ്രതീക്ഷിക്കുന്നു…””
കേരളത്തിലെ ഗ്രാമഗ്രാമാന്തരങ്ങളിലുള്‍പ്പെടെ മോദിയുടെ കൂറ്റന്‍ പരസ്യ ഫഌക്‌സ് ബോര്‍ഡുകളില്‍ കാണുന്ന അലറുന്ന സിംഹം ന്യൂനപക്ഷങ്ങളില്‍ സൃഷ്ടിക്കുന്നത് ഭയമല്ലാതെ മറ്റെന്താണ്? പേടിപ്പിച്ച് കീഴ്‌പ്പെടുത്തുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് ഇതിനു പിന്നില്‍. നമ്മുടെ “ചിഹ്നശാസ്ത്ര” വിശാരദന്മാരോ മാധ്യമ വിശകലന വിദഗ്ധരോ ഈ “സിംഹ”ത്തെ അര്‍ഹിക്കും വിധം കൈകാര്യം ചെയ്തതായി കണ്ടിട്ടില്ല. ഹിംസയുടെ മൂര്‍ത്ത രൂപമായ അലറുന്ന സിംഹമെന്ന പ്രതീകം തെരുവോരങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയേയോ തിരഞ്ഞെടുപ്പ് കമീഷനേയോ ആരും സമീപിക്കാത്തതും ഭയം നിമിത്തം തന്നെയാകുമോ?
ഫാസിസം എന്ന മൂര്‍ത്ത യാഥാര്‍ഥ്യത്തെ ആശയതലത്തില്‍ നേര്‍ക്കുനേര്‍ നേരിടേണ്ട ഘട്ടമാണിത്. തിരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ, ഇന്ത്യയെ വിഴുങ്ങാന്‍ വാ പിളര്‍ന്നു നില്‍ക്കുന്ന ഫാസിസത്തെ തുറന്നുകാട്ടാനോ സംഘ് പരിവാറിന്റെ “ആദര്‍ശ ഭീകരത”യെ പൊളിച്ചു കാണിക്കാനോ പ്രബല മതേതര പ്രസ്ഥാനങ്ങള്‍ക്കു പോലും കഴിയുന്നില്ല എന്നതാണ് ഖേദകരം. കോണ്‍ഗ്രസ് നേതാക്കളില്‍ ആരെങ്കിലുമൊരാള്‍ അല്‍പ്പം കടുപ്പിച്ച് പറയുമ്പോഴേക്കും രാഹുല്‍ ഗാന്ധിയടക്കം ഉടനെ അതിനെ തിരുത്തുകയോ മയപ്പെടുത്തുകയോ ചെയ്യും. കെജ്‌രിവാള്‍ അഴിമതിയെ തുറന്നുകാട്ടാന്‍ ധൈര്യപ്പെടുന്നുവെങ്കിലും പരിവാര്‍ ഫാസിസത്തെപ്പറ്റി ഏറെക്കുറെ മൗനമാണ്. സാര്‍വദേശീയതലത്തില്‍ ഫാസിസത്തോട് മല്‍പ്പിടിത്തം നടത്തുന്ന പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. നിര്‍ഭാഗ്യവശാല്‍, ഇന്ത്യയില്‍ അതിന്റെ സാന്നിധ്യം മെലിഞ്ഞുണങ്ങിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത, ഫാസിസ്റ്റ് വിരുദ്ധരെ അസ്വസ്ഥപ്പെടുത്തേണ്ടതാണ്. ഇന്ത്യയില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറ്റവും വേരുകളുള്ള കേരളത്തില്‍ അവരുടെ ഫാസിസ്റ്റ്‌വിരുദ്ധ ആശയ പോരാട്ടം തൊലിപ്പുറത്തിനപ്പുറം മജ്ജയെ തൊടുന്നതുമല്ല.
ഒരു നുണ നുറ് വട്ടം ആവര്‍ത്തിച്ചാല്‍ സത്യമാകും എന്ന തത്വം ഫാസിസത്തിന്റെതാണ്. വികസനം എന്ന വാക്കാണ് ഇന്ത്യയിലിപ്പോള്‍ നൂറ്റൊന്നാവര്‍ത്തിച്ച് “സത്യ”മാക്കിക്കൊണ്ടിരിക്കുന്നത്. കണക്കുകള്‍ നിരത്തി കേരളത്തിനു പിറകിലാണ് വികസനത്തിന്റെ കാര്യത്തില്‍ ഗുജറാത്തെന്ന് സമര്‍ഥിക്കാന്‍ ഒരു ഗവേഷണത്തിന്റെ പോലും ആവശ്യമില്ല.
ഇന്ത്യയിലെ വന്‍കിട വ്യവസായികളുടെ മാത്രം വികസന നായകനാണ് മോദി. മാധ്യമങ്ങളെ വിലക്കെടുത്തും കോടികള്‍ വാരി വിതറിയും ഗുജറാത്തിലെ വികസനമെന്ന പെരും നുണ ആവര്‍ത്തിച്ചുറപ്പിക്കുകയാണ് സംഘ് പരിവാര്‍. ഇനി ഈ വികസന വാദം അംഗീകരിച്ചാല്‍ പോലും മോദിയെ ഇന്ത്യന്‍ ജനതക്ക് പരിചയം വംശഹത്യാ നായകന്‍ എന്ന നിലയിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭ ദശകങ്ങളില്‍ ലോകത്തിലെ തന്നെ ഏറ്റവും വികസിച്ച രാജ്യം ജര്‍മനിയായിരുന്നു. എന്നാല്‍, ചരിത്രത്തില്‍ അക്കാലത്തെ ജര്‍മനി അറിയപ്പെടുന്നത് ജൂത വംശഹത്യയുടെ പേരിലാണ്.
മൂവായിരത്തില്‍പ്പരം ആളുകള്‍ കൊല്ലപ്പെടുകയും മൂന്നര ലക്ഷത്തോളം പേര്‍ കുടിയൊഴിപ്പിക്കപ്പെടുകയും എണ്ണൂറില്‍പരം സ്ത്രീകള്‍ ക്രൂരമായി ബലാത്‌സംഗത്തിന് ഇരയാക്കപ്പെടുകയും രണ്ടായിരത്തിലേറെ സ്ത്രീകള്‍ വിധവകളാക്കപ്പെടുകയും മൂവായിരത്തിലേറെ കുട്ടികള്‍ അനാഥരാക്കപ്പെടുകയും ചെയ്ത ഗുജറാത്തിലെ മുസ്‌ലിം വംശഹത്യയുടെ പേരിലായിരിക്കും ചരിത്രത്തില്‍ മോദിയുടെ നാമം ആലേഖനം ചെയ്യപ്പെടുക. നരേന്ദ്ര മോദി വാക്കാല്‍ മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നവുമല്ലിത്. ഗുജറാത്തിലെ മുസ്‌ലിംകളുടെ വര്‍ത്തമാനാവസ്ഥ പഠനവിധേയമാക്കിയാല്‍ പോലും മോദിയുടെ പല വാദങ്ങളുടെയും പൊള്ളത്തരം ബോധ്യമാകും. 2002ലെ വംശഹത്യാ വേളയില്‍ സകലതും നഷ്ടപ്പെട്ട മുസ്‌ലിംകള്‍ക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല. നാള്‍ക്കുനാള്‍ അവരുടെ അവസ്ഥ ദുസ്സഹമാകുകയാണ്. കലാപത്തില്‍ 80 ശതമാനം മുസ്‌ലിംകളുടെയും വീടുകള്‍ നശിപ്പിക്കപ്പെട്ടിരുന്നുവെന്നാണ് കണക്ക്. ഇവര്‍ക്ക് ഇന്നേവരെ മോദി സര്‍ക്കാര്‍ വീട് വെച്ചുകൊടുത്തിട്ടില്ല. ഉദ്യോഗസ്ഥ, പോലീസ് തസ്തികകളില്‍ മുസ്‌ലിം പ്രാതിധിധ്യം കുറഞ്ഞുവരുന്നു എന്നാണ് സച്ചാര്‍ കമ്മീഷനാനന്തര പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഗുജറാത്തിലെ മുസ്‌ലിംകളുടെ മാത്രമല്ല, ദലിത് ആദിവാസി വിഭാഗങ്ങളുടെയും അവസ്ഥ ഭിന്നമല്ല. അതിനാല്‍ ഗുജറാത്തിലേക്ക് നോക്കാന്‍ പറയുന്നവര്‍ വസ്തുതകളുടെ പിന്‍ബലത്തിലല്ല, മാധ്യമ ദുഷ്പ്രചാരണത്തില്‍ വീണുപോയവരോ നിക്ഷിപ്ത താത്പര്യ സംരക്ഷകരോ ആണ്. അറിഞ്ഞോ അറിയാതെയോ, അവര്‍ എം എസ് ഗോള്‍വാക്കര്‍ ജര്‍മനിയെപ്പറ്റി പറഞ്ഞ വാക്കുകളാണ് ആവര്‍ത്തിക്കുന്നത്. അതിങ്ങനെയാണ്: “വംശത്തിന്റെയും സംസ്‌കാരത്തിന്റെയും വിശുദ്ധി കാത്തുരക്ഷിക്കാന്‍ ജര്‍മനി അവിടുത്തെ സെമിറ്റിക് വംശജരെ (ജുതരെ) ഉന്മൂലനം ചെയ്തുകൊണ്ട് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നു. വംശാഭിമാനത്തിന്റെ ഉന്നത മാതൃക അവിടെ പ്രകടമാക്കപ്പെട്ടിരിക്കുന്നു. ഹിന്ദുസ്ഥാനില്‍ നമുക്ക് പഠിക്കാനും നേട്ടമുണ്ടാക്കാനും പറ്റിയ നല്ല ഒരു പാഠമാണിത്.”
വി ആര്‍ കൃഷ്ണയ്യര്‍ മുതല്‍ നടന്‍ സുരേഷ് ഗോപി വരെ ഒളിഞ്ഞും തെളിഞ്ഞും മോദിയെ കാണുകയോ സ്തുതിക്കുകയോ ചെയ്യുമ്പോഴും നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് ഒരു പഴയ കൂടിക്കാഴ്ചയാണ്. ആര്‍ എസ് എസ് നേതാവായിരുന്ന ബി എസ് മൂഞ്ചേ 1931ല്‍ മുസോളിനിയുമായി നടത്തിയ കൂടിക്കാഴ്ച. “താങ്കളുടെ മാതൃക ഞങ്ങള്‍ ഇന്ത്യയിലും നടപ്പാക്കും” എന്ന് പ്രഖ്യാപിച്ചാണ് മൂഞ്ചേ ഇന്ത്യയിലേക്ക് മടങ്ങിയത്. മൂഞ്ചേ എഴുതി: “ഇന്ത്യയിലുടനീളം ഹിന്ദൂയിസത്തെ ക്രമീകരിക്കാന്‍ പഴയ ശിവജിയെയോ വര്‍ത്തമാന കാലത്തെ ഇറ്റലിയിലെ ഹിറ്റ്‌ലറെയോ പോലുള്ള ഒരു ഹിന്ദു ഏകാധിപതി ഉണ്ടാകണം. അതുവരെ നാം കൈ കെട്ടി നോക്കിനില്‍ക്കാതെ ശാസ്ത്രീയമായ ഒരു പദ്ധതിയുണ്ടാക്കി പ്രവര്‍ത്തിക്കണം.”
ഹിറ്റ്‌ലറും മുസോളിനിയും നടപ്പാക്കിയ ഹിംസാത്മകത തന്നെയാണ് ഇന്ത്യയില്‍ അധികാരമുള്ള സംസ്ഥാനങ്ങളില്‍ പരിവാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും. ഒരുവേള, ഇന്ത്യന്‍ പാര്‍ലിമെന്റില്‍ അവര്‍ അധികാരത്തിലേറിയാല്‍ നടപ്പാക്കാന്‍ പോകുന്നതും. പുള്ളിപ്പുലിക്ക് അതിന്റെ പുള്ളി മായ്ക്കാനാകാത്തതു പോലെ ഫാസിസ്റ്റുകള്‍ക്ക് അവരെവിടെയാണെങ്കിലും അവരുടെ ക്രൂര മുഖം മാറ്റാനാകില്ല.
ഇന്ത്യന്‍ ഫാസിസത്തെപ്പറ്റി ആഴമാര്‍ന്ന വിശകലനം നടത്തിയ മാധ്യമ പ്രവര്‍ത്തകനായ ആശിഷ് ഖേതനുമായി കമല്‍റാം സജീവ് നടത്തിയ സുദീര്‍ഘവും പ്രൗഢവുമായ അഭിമുഖത്തില്‍ (ഒരുപക്ഷേ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തിലുണ്ടായ ഏറ്റവും മികച്ച അഭിമുഖം) “കൂട്ടക്കൊലക്കു ശേഷം പല തവണ താങ്കള്‍ ഗുജറാത്ത് സന്ദര്‍ശിച്ചു. കലാപത്തിനു ശേഷമുള്ള പത്ത് വര്‍ഷത്തില്‍ ഗുജറാത്തിന്റെ പരിവര്‍ത്തനം എങ്ങനെയാണ് താങ്കള്‍ വിലയിരുത്തുന്നത്? പൊതുസമൂഹം ഇപ്പോഴും വിഘടിച്ചു നില്‍ക്കുകയാണോ?” എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു ഖേതന്റെ മറുപടി: “ഗുജറാത്തിന്റെ ചരിത്രം നമുക്കറിയാം. അത് വര്‍ഗീയ കലാപങ്ങളുടെതാണ്. ഒരു കാലത്ത് ഗാന്ധിയുടെ നാടായിരുന്നു ഗുജറാത്ത്. ഇന്നത് പ്രവീണ്‍ തൊഗാഡിയമാരുടെയും നരേന്ദ്ര മോദിമാരുടെയും നാടാണ്. ഇതാണ് ക്രൂരമായ യാഥാര്‍ഥ്യം. ഇത് നമ്മള്‍ അംഗീകരിച്ചേ മതിയാകൂ. ഗുജറാത്ത് ഗാന്ധിയുടെ നാടല്ല ഇനി. വലിയ വലിയ കാര്യങ്ങള്‍ നടക്കുമ്പോള്‍ അവര്‍ ഗാന്ധിയെക്കുറിച്ച് പറയും. കാഴ്ചപ്പാടുകളില്‍, സമീപനങ്ങളില്‍, ദൈനംദിന ഇടപെടലുകളില്‍ ഒക്കെ അവര്‍ ഗാന്ധിയെ പൂര്‍ണമായി മറന്നുകഴിഞ്ഞു. ഗാന്ധി അവിടെ ഒരു ടൂറിസ്റ്റ് ആകര്‍ഷണം മാത്രമാണ്. കാരണം, ഗാന്ധിയുടെ പേരിനൊപ്പം അറിയപ്പെടുന്ന സബര്‍മതി ആശ്രമവും വേറെ ചില സ്ഥാപനങ്ങളും ഇപ്പോഴും അവിടെയുണ്ട്. പക്ഷേ, ഗാന്ധി ഗുജറാത്തില്‍ നിന്ന് പൂര്‍ണമായും അപ്രത്യക്ഷനായിക്കഴിഞ്ഞു. കഴിഞ്ഞ 20-30 വര്‍ഷംകൊണ്ട് കാവിപരിവാര്‍ വളരെ ചിട്ടയോടു കൂടി അവിശ്വാസത്തിന്റെയും വര്‍ഗീയ വിദ്വേഷത്തിന്റെയും വിത്തുകള്‍ സമൂഹത്തില്‍ പാകിയിട്ടുണ്ട്.
ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, പോലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി ഗുജറാത്തിലെ സകല സ്ഥാപനങ്ങളും മാറ്റിമറിക്കപ്പെട്ടു. മുസ്‌ലിംകളും മറ്റു ന്യൂനപക്ഷങ്ങളുമാണ് ശത്രുക്കളും തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരുമെന്ന് അവര്‍ കരുതുന്നു. അവകാശങ്ങള്‍ അട്ടിമറിച്ചും ചവിട്ടിത്തേച്ചും ഇവരെ സമൂഹത്തിന്റെ അരികുകളിലേക്ക് പിടിച്ചുതള്ളിയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് സംഘ് പരിവാറിന്റെ ശ്രമം. മുസ്‌ലിംകളെ പ്രശ്‌നമായി ഇവര്‍ കാണുന്നു. കൂട്ടക്കൊലകളും കലാപങ്ങളും മൗലികാവകാശധ്വംസനവും പരിഹാരമാണെന്നും സംഘ് പരിവാര്‍ വിശ്വസിക്കുന്നു. മുസ്‌ലിംകള്‍ക്ക് ഗുജറാത്തില്‍ ജീവിക്കാം. പക്ഷേ, രണ്ടാം തരം പൗരന്മാരായി മാത്രം. ഭൂരിപക്ഷം ഹിന്ദുക്കളും അനുഭവിക്കുന്ന ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്കും ഗ്യാരണ്ടി ചെയ്തിട്ടുള്ള അവകാശങ്ങളോ വിശേഷാധികാരങ്ങളോ ഇല്ലാതെ. ഇന്നും ഗുജറാത്ത് അഗാധമായി ധ്രുവീകരിക്കപ്പെട്ട, വര്‍ഗീയവത്കരിക്കപ്പെട്ട ഒരു സംസ്ഥാനമാണ്. കലാപങ്ങളില്ല എന്നതുകൊണ്ട് ഗുജറാത്ത് മാറി എന്ന അര്‍ഥമില്ല, ഗുജറാത്ത് സര്‍ക്കാര്‍ മാറി എന്നര്‍ഥമില്ല, മോദിക്ക് മാറ്റമുണ്ടായിയെന്നും അര്‍ഥമില്ല..”
നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ ഇന്ത്യ ഇത്തരത്തില്‍ വലിയൊരു ഗുജറാത്തായി മാറും. ഭയത്തിന്റെ ഭീകരാന്തരീക്ഷം രാജ്യത്തെ വിഴുങ്ങും. ജര്‍മനിയില്‍ നിന്നും ഇറ്റലിയില്‍ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കുന്നത് ഇന്ത്യന്‍ ഫാസിസം ജനാധിപത്യത്തെയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് എന്നത് മാത്രമാണ്. ലക്ഷക്കണക്കിന് മനുഷ്യരെ കൊലപ്പെടുത്താന്‍ ഹിറ്റ്‌ലര്‍ക്ക് പാര്‍ലമെന്റ് സംവിധാനത്തെ തകര്‍ക്കേണ്ടിയിരുന്നെങ്കില്‍ ആയിരങ്ങളെ കൊന്നൊടുക്കാന്‍ ഇന്ത്യന്‍ ഫാസിസത്തിന് അതിന്റെ ആവശ്യമില്ല. “ജനാധിപത്യത്തില്‍പോലും ഫാസിസത്തിന് ഒരു മുറിയുണ്ട്” എന്നത് വിസ്മരിക്കരുത്.
വാല്‍ക്കഷ്ണം: പുതിയ ലക്കം “പച്ചക്കുതിര”യില്‍ ടി പത്മനാഭനുമായി താഹ മാടായി നടത്തിയ അഭിമുഖത്തില്‍നിന്ന്.
ചോദ്യം: ബി ജെ പി മുന്നില്‍ നിര്‍ത്തുന്നത് നരേന്ദ്ര മോദിയെയാണ്. എന്തു തോന്നുന്നു?
ഉത്തരം: ഞാന്‍ മോദിയുടെ ഫോട്ടോ വെച്ചിട്ടില്ല. വി ആര്‍ കൃഷ്ണയ്യരും നടേശ ഗുരുവും നരേന്ദ്ര മോദിയെ ആരാധിക്കാന്‍ തുടങ്ങി. നമ്മുടെ പല സാഹിത്യകാരന്മാരും മോദിയെ ആരാധിച്ചു തുടങ്ങിയിട്ടുണ്ട്. അത് ഒരു മുഴം നീട്ടിയുള്ള എറിയലാണ്. മോദിയെ പുകഴ്ത്തിയാല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ജ്ഞാനപീഠവും കിട്ടുന്നതിന് ഒരു പ്രയാസവുമില്ല. മോദിയെ ആദ്യം തന്നെ എതിര്‍ത്തു പ്രസംഗിച്ചിരുന്ന ഒരാളാണ് ഞാന്‍. വി ആര്‍ കൃഷ്ണയ്യര്‍ മോദിക്ക് സ്തുതിഗീതം പാടിയപ്പോള്‍ ഞാന്‍ പയ്യന്നൂരിലെ ഒരു പരിപാടിയില്‍ മോദിക്കെതിരെ പ്രസംഗിച്ചു. കൃഷ്ണയ്യരും സഖാവാണെന്നാണല്ലോ ഇവിടുത്തെ പാര്‍ട്ടി വിചാരിക്കുന്നത്. വി ആര്‍ കൃഷ്ണയ്യര്‍ ഒരു സഖാവുമല്ല… ഒരു സഖാവുമല്ല…

---- facebook comment plugin here -----

Latest