Connect with us

Ongoing News

താരമായി വി എസ്; വില്ലനായി മീനച്ചൂട്‌

Published

|

Last Updated

vscartoonകൊട്ടിക്കയറിയ തിരഞ്ഞടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങുമ്പോള്‍ താരമായത് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തന്നെ. തിളച്ചു മറിയുന്ന തിരഞ്ഞെടുപ്പ് ചൂടിനെയും പിന്നിലാക്കി വില്ലനായത് മീനച്ചൂടും. ഉച്ചിയില്‍ കത്തി നിന്ന ദേഹം പൊള്ളുന്ന ചൂട് പോലും തൊണ്ണൂറു പിന്നിട്ട വി എസിനെ തളര്‍ത്താന്‍ പോന്നതായിരുന്നില്ല. വേദികളില്‍ നിന്ന് വേദികളിലേക്ക് ആവേശമായി പടരുകയായിരുന്നു അദ്ദേഹം. നീട്ടിയും കുറുക്കിയും എതിരാളികളെ കുത്തി മലര്‍ത്തിയും വി എസ് കത്തിക്കയറുമ്പോള്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചും വി എസിനൊപ്പം സഞ്ചരിക്കുകയായിരുന്നു ജനങ്ങളും.
വി എസ് എത്തിയ സ്ഥലങ്ങളിലെല്ലാം അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് എത്തിചേര്‍ന്നത്. മറ്റു സംസ്ഥാന ദേശീയ നേതാക്കള്‍ക്കൊന്നും ലഭിക്കാത്ത അംഗീകാരവും ആള്‍ക്കൂട്ടവുമാണ് വി എസിന് ലഭിച്ചത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യു പി എ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡ, കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി, സി പി എം അഖിലേന്ത്യാ സെക്രട്ടറി പ്രകാശ് കാരാട്ട്, സി പി എം. പി ബി അംഗങ്ങളായ സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സി പി ഐ അഖിലേന്ത്യാ നേതാക്കളായ എ ബി ബര്‍ദന്‍, സുധാകര്‍ റെഡ്ഢി, കേന്ദ്ര മന്ത്രിമാരായ എ കെ ആന്റണി, വയലാര്‍ രവി, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരായിരുന്നു പ്രചാരണ രംഗത്തെ പ്രമുഖര്‍.
എന്നാല്‍, ഓരോ വാക്കുകളും രാഷ്ട്രീയ കേരളം സൂക്ഷ്മമായി വിലയിരുത്തുകയും വിശകലനം ചെയ്യുകയും ചെയ്തത് വി എസിന്റെ പ്രസംഗങ്ങള്‍ മാത്രമായിരുന്നു. പാര്‍ട്ടി നിലപാടുകള്‍ക്കൊപ്പം നില്‍ക്കുകയും ഔദ്യോഗിക നിലപാടുകള്‍ പറയാന്‍ തയ്യാറാകുകയും ചെയ്തതോടെ പാര്‍ട്ടിയിലെയും മുന്നണിയിലെയും എല്ലാ വിഭാഗത്തിനും സ്വീകാര്യനാകുകയും ചെയ്തു വി എസ്. പരമാവധി മണ്ഡലങ്ങളില്‍ വി എസിനെ എത്തിക്കാനായിരുന്നു സ്ഥാനാര്‍ഥികളും മുന്നണിയും ശ്രദ്ധിച്ചിരുന്നത്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി മലപ്പുറം മണ്ഡലം വരെയാണ് ഇത്തവണ വി എസ് പ്രചാരണത്തിനെത്തിയത്.
എന്നാല്‍, വി എസ് ഇളക്കിവിട്ട ആവേശം കേരളത്തിലെ ഇടതു കേന്ദ്രങ്ങളെയാകെ ആവേശം കൊള്ളിച്ചിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസ്, ആര്‍ എസ് പിയുടെ മുന്നണിമാറ്റം, സോളാര്‍ വിഷയം, സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ പരീക്ഷണം എന്നിവയില്‍ പാര്‍ട്ടി നിലപാട് വി എസ് പറഞ്ഞതോടെയാണ് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്നവര്‍ പോലും ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറായത്. കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്ഥമായി വി എസില്‍ നിന്ന് യു ഡി എഫിന് സഹായം ലഭിക്കാത്ത തിരഞ്ഞെടുപ്പ് കൂടിയാണിത്. തന്റെ അഭിപ്രായങ്ങളും നിലപാടുകളും പലപ്പോഴും പാര്‍ട്ടിയെയും മുന്നണിയെയും പ്രയാസപ്പെടുത്തുകയും എതിരാളികള്‍ക്ക് ഊര്‍ജം പകരുകയും ചെയ്യുന്ന സന്ദര്‍ഭങ്ങല്‍ ഏറെയുണ്ടായിട്ടുണ്ട്. ഇത്തവണ അത്തരമൊരു സഹായം വി എസില്‍ നിന്ന് യു ഡി എഫിന് ലഭിച്ചതുമില്ല. അതുകൊണ്ടു തന്നെ പതിവില്‍ നിന്ന് വ്യത്യസ്ഥമായി യു ഡി എഫ് നേതാക്കളുടെ ആക്രമണം ഏറെ ഏല്‍ക്കേണ്ടി വന്നത് വി എസിന് തന്നെയാണ്. വി എസിനെ നിലപാട് മാറ്റമാണ് യു ഡി എഫും ആര്‍ എം പിയും രാഷ്ട്രീയ വിഷയമായി ഉയര്‍ത്തിയത്.
സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും ഇത്തവണ ഏറെ പ്രയാസമായത് ചൂടു തന്നെയാണ്. ഉച്ച സമയത്തെ സ്വീകരണ കേന്ദ്രങ്ങളില്‍ പോലും ഇത്തവണ ആളുകള്‍ കുറവായിരുന്നു. ചൂടിന്റെ കാഠിന്യം കാരണം ഉച്ച സമയത്ത് സ്ഥാനാര്‍ഥികളെല്ലാം പ്രചാരണത്തിന് അല്‍പ്പം ഇടവേള നല്‍കിയിരുന്നു.

Latest