‘പര നാറി’ ആര്‍ എസ് പിയുടെ വഞ്ചന തുറന്നുകാട്ടുന്ന പദം: എസ് ആര്‍ പി

Posted on: April 8, 2014 12:20 am | Last updated: April 8, 2014 at 12:20 am

കൊല്ലം:സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ ‘പര നാറി’’ പ്രയോഗത്തെ ന്യായീകരിച്ച് പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. ആര്‍ എസ് പിയുടെ വഞ്ചന തുറന്നുകാട്ടുന്ന വിശേഷണ പദമാണ് പിണറായി ഉപയോഗിച്ചതെന്നും മറ്റു നല്ല പദങ്ങള്‍ വേറെ ചൂണ്ടിക്കാട്ടിയാല്‍ അതുപയോഗിക്കാമെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബിന്റെ ‘ലോക്‌സഭ-2014’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലത്ത് യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനെ പരമ നാറിയെന്ന് വിശേഷിപ്പിച്ച പിണറായിയുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ ഇതേക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായാണ് എസ് ആര്‍ പി നിലപാട് വ്യക്തമാക്കിയത്. എതിര്‍ സ്ഥാനാര്‍ഥിയെ കുറിച്ച് വ്യക്തിപരമായി പറയുന്നത് ശരിയല്ലെങ്കിലും പരമനാറിയായാല്‍ എങ്ങനെ പറയാതിരിക്കുമെന്നുമാണ് പിണറായി ആക്ഷേപിച്ചിരുന്നത്. തങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാനുള്ള രാഷ്ട്രീയ സത്യസന്ധത ആര്‍ എസ് പി നേതൃത്വം കാണിക്കണമായിരുന്നുവെന്ന് എസ് ആര്‍ പി പറഞ്ഞു. നാളെ ഇതിനേക്കാള്‍ നല്ലൊരു വാഗ്ദാനം മറ്റൊരിടത്ത് നിന്ന് ലഭിച്ചാല്‍ ആര്‍ എസ് പി, യു ഡി എഫ് വിടില്ലെന്നതിന് എന്താണ് ഉറപ്പുള്ളതെന്ന് അദ്ദേഹം ചോദിച്ചു.