രാമക്ഷേത്രം, ഏകസിവില്‍ കോഡ്: തീവ്ര ഹിന്ദുത്വവുമായി ബി ജെ പി പ്രകടന പത്രിക

Posted on: April 7, 2014 10:11 am | Last updated: April 8, 2014 at 12:03 am

BJP

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കും, ഏക സിവില്‍ കോഡ് നടപ്പാക്കും തുടങ്ങി തീവ്ര ഹിന്ദുത്വ അജണ്ടയിലൂന്നിയ മുദ്രാവാക്യങ്ങളുമായി ബി ജെ പി ആദ്യഘട്ട പ്രകടന പത്രിക പുറത്തിറക്കി. നരേന്ദ്ര മോഡിയുടെ രംഗ പ്രവേശനത്തോടെ കോണ്‍ഗ്രസ് പ്രധാനമായും ന്യൂനപക്ഷ കേന്ദ്രീകൃതമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത് തിരിച്ചറിഞ്ഞാണ് ബി ജെ പി തങ്ങളുടെ അടിസ്ഥാന നിലപാടുകളിലേക്ക് തിരിച്ചുപോവാന്‍ തീരുമാനിച്ചത്.

‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്നതാണ് പ്രകടന പത്രികയിലെ പ്രധാന മുദ്രാവാക്യം. കള്ളപ്പണം തടയാന്‍ ഉന്നതാധികാര സമിതി രൂപീകരിക്കും, വിലക്കയറ്റം തടയാന്‍ ആസൂത്രണത്തില്‍ മാറ്റം വരുത്തും, നികുതി ഘടന പരിഷ്‌കരിക്കും, തീവ്രവാദത്തിനെതിരെ ശക്തമായ നടപടി, ബഹു ബ്രാന്റ് ചില്ലറ വ്യാപാര മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കില്ല, ആണവ നയം പരിഷ്‌കരിക്കും, കാശ്മീരി പണ്ഡിറ്റികളുടെ അവകാശങ്ങള്‍ നടപ്പാക്കും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

മുരളി മനോഹര്‍ ജോഷിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി, എല്‍ കെ അഡ്വാനി, രാജ്‌നാഥ് സിംഗ്, സുഷമാ സ്വരാജ് തുടങ്ങി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പത്രിക പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.