Connect with us

Wayanad

തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

Published

|

Last Updated

കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ ചൗഹാന്‍ ഡോലെയുടെയും ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാറിന്റെയും നേതൃത്വത്തില്‍ വയനാട് ലോക്‌സഭാമണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ യോഗം കലക്ടറുടെ ചേബറില്‍ ചേര്‍ന്നു. ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച രീതിയിലുള്ള സൗകര്യങ്ങളൊരുക്കണമെന്ന് ജില്ലാ കലക്ടര്‍. പോളിങ് ബൂത്തുകളില്‍ കുടിവെള്ളം, ടോയ്‌ലറ്റ്, പ്രായമായവര്‍ക്കും അംഗവൈകല്യമുള്ളവര്‍ക്കും റാമ്പ് സൗകര്യം, വെയിലേല്‍ക്കാതിരിക്കുന്നതിന് പന്തല്‍ എന്നിവ ഒരുക്കും. തിരഞ്ഞെടുപ്പാവശ്യത്തിന് സ്വകാര്യ ബസ്സുകള്‍ ഉപയോഗിക്കുന്നതിനാല്‍ വോട്ടെടുപ്പിന്റെ തലേ ദിവസം ഉദ്യോഗസ്ഥര്‍ക്ക് സാധന സാമഗ്രികള്‍ ഏറ്റുവാങ്ങാന്‍ വരുന്നതിനും പോകുന്നതിനും കെ. എസ്. ആര്‍. ടി. സി, പ്രിയദര്‍ശിനി ബസ്സുകള്‍ കൂടുതല്‍ സര്‍വ്വീസ് നടത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് .
പ്രശ്‌ന സാധ്യതാ ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കുന്നതോടൊപ്പം സൂക്ഷ്മ നിരീക്ഷകനുമുണ്ടാവും. വോട്ടെടുപ്പ് മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തും.വോട്ടെടുപ്പിനിടയില്‍ ഉദ്യോഗസ്ഥര്‍ക്ക് ദേഹാസ്വാസ്ഥ്യമോ അസുഖ ബാധയോ ഉണ്ടായാല്‍ ചികിത്സയ്ക്ക് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും ആവശ്യമായ ഉപകരണങ്ങളുമായി ആരോഗ്യവകുപ്പിന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് പോളിങ് സ്റ്റേഷനിലെത്തി ചികിത്സ നല്‍കും.
വോട്ടെടുപ്പിനിടയില്‍ വോട്ടിങ്ങ് യന്ത്രങ്ങള്‍ തകരാറിലായാല്‍ മാറ്റി നല്‍കുന്നതിന് 500 റിസര്‍വ് യന്ത്രങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.പോളിങ് തടസ്സപ്പെടാതിരിക്കാന്‍ വളരെപെട്ടെന്ന് ഇവ പോളിങ് സ്റ്റേഷനിലെത്തിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇലക്ഷന്‍ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും നിരീക്ഷിക്കുന്നതിന് 55 സെക്ടര്‍ മജിസ്‌ട്രേട്ടുമാരെ നിയമിച്ചിട്ടുണ്ട്.
നാളെ വൈകിട്ട് 6 മുതല്‍ 11ന് രാവിലെ 6 വരെ ജില്ലയില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളായ കുട്ട, ബാവലി, ബൈരക്കുപ്പ, പാട്ടവയല്‍, നമ്പ്യാര്‍കുന്ന്, താളൂര്‍, എരുമാട് എന്നിവിടങ്ങളിലെ മദ്യ വില്‍പന ശാലകളും അടച്ചിടണമെന്ന് അതത് കലക്ടര്‍മാരോട് ആവശ്യപ്പെട്ടതായും കലക്ടര്‍ അറിയിച്ചു.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫഌയിങ് സ്‌ക്വാഡുകളുടെയും തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ സ്‌ക്വാഡുകളുടെയും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കും. അനധികൃത പണം പിടിച്ചെടുക്കുന്നതിന് വാഹന പരിശോധന ശക്തമാക്കും. എട്ടിന് വൈകുന്നേരം ആറിന് സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചരണം അവസാനിപ്പിക്കണം. ഇത് നിരീക്ഷിക്കുന്നതിന് സംവിധാനമുണ്ടാകും.
വോട്ടിംഗ് ശതമാനം ഉയര്‍ത്തുന്നതിന് കൂടുതല്‍ പ്രചാരണ പരിപാടികള്‍ നടപ്പാക്കും. തെഴിലാളികള്‍ക്ക് വോട്ട് ചെയ്യുന്നതിന് അവസരമൊരുക്കാന്‍ തോട്ടം ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
യോഗത്തില്‍ സബ് കലക്ടര്‍ വീണ എന്‍ മാധവന്‍, എ ഡി എം കെ ഗണേശന്‍, ഡെപ്യൂട്ടി കലക്ടര്‍(ഇലക്ഷന്‍) യു നാരായണന്‍കുട്ടി, അസി.റിട്ടേണിംഗ് ഓഫീസര്‍മാരായ എ. അബ്ദുള്‍ സമദ്, എം ഒ മൈക്കിള്‍, കെ ശ്രീലത, കെ കെ സുനില്‍കുമാര്‍, ജെയിംസ് മാത്യു, കെ എം ജെയിംസ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Latest