തഴക്കത്തോട് മുട്ടാന്‍ യുവത്വം

  Posted on: April 7, 2014 8:03 am | Last updated: April 7, 2014 at 8:03 am

  kasargod 1സീറ്റ് നിലനിര്‍ത്താന്‍ എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് ഗോദയില്‍ അടവുകള്‍ പയറ്റുമ്പോള്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യു ഡി എഫ്. അതോടൊപ്പം, മണ്ഡലത്തില്‍ തങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള കര്‍മരംഗത്താണ് ബി ജെ പി. കഴിഞ്ഞ തവണ പി കരുണാകരന് ലഭിച്ച ഭൂരിപക്ഷത്തേക്കാള്‍ ഏറെയാണ് ഇത്തവണ കന്നി വോട്ടര്‍മാരുടെ എണ്ണം. ഒരു ലക്ഷത്തിലധികം വരുന്ന പുതു വോട്ടര്‍മാര്‍ തന്നെ വിചാരിച്ചെങ്കിലേ ഇത്തവണ ജയസാധ്യതയുള്ളൂവെന്ന് ഇരു മുന്നണികള്‍ക്കും ബി ജെ പിക്കും വ്യക്തമായി അറിയാം. ഏഴ് ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്ന പ്രത്യേകതയുള്ള സംസ്ഥാനത്തെ ഏക ലോക്‌സഭാ മണ്ഡലമാണ് കാസര്‍കോട്. മലയാളം, കന്നഡ, തുളു, മറാഠി, ഉറുദു, കൊങ്കിണി, ബ്യാരി ഭാഷകള്‍ സംസാരിക്കുന്നവരാണ് മണ്ഡലത്തിലുള്ളത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലുള്ളത്.

  മണ്ഡലത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി എം പി എന്ന നിലക്ക് പി കരുണാകരന്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഇടതുപക്ഷം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നത്. മറാഠി വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും എന്‍ഡോസള്‍ഫാന്‍ വിഷയത്തിലും പാര്‍ലിമെന്റിനകത്തും പുറത്തുമായി നടത്തിയ ഇടപെടലുകളും ഇടതു മുന്നണി എടുത്തുയര്‍ത്തുന്നുണ്ട്. ബേക്കല്‍, പടന്നക്കാട്, പയ്യന്നൂര്‍, ചെറുവത്തൂര്‍ റെയില്‍വേ മേല്‍പ്പാലങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകളും വോട്ടാക്കാനുള്ള ശ്രമത്തിലാണ് എല്‍ ഡി എഫ്. സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളായ കല്ല്യാശ്ശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട്, ഉദുമ എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ പ്രതീക്ഷ അര്‍പ്പിച്ച് സീറ്റ് നിലനിര്‍ത്താമെന്ന വിശ്വാസത്തില്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ അടവുകള്‍ പയറ്റുമ്പോള്‍ അട്ടിമറി വിജയമെന്ന ലക്ഷ്യവുമായാണ് യു ഡി എഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
  നീലേശ്വരം പള്ളിക്കരയിലെ മേല്‍പ്പാലത്തിന്റെ പ്രശ്‌നമാണ് യു ഡി എഫ് പ്രധാനമായും ഉന്നയിക്കുന്നത്. എം പി യുടെ വീടിനു സമീപത്തായുള്ള മേല്‍പ്പാലം യാഥാര്‍ഥ്യമാക്കാനായില്ലെന്നും വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളും മണ്ഡലത്തിലെത്തിക്കാന്‍ സാധിച്ചില്ലെന്നും യു ഡി എഫ് ആരോപിക്കുന്നു. ജില്ലയെ വികസനത്തിന്റെ കാര്യത്തില്‍ പിന്നാക്കം കൊണ്ടുപോയെന്നാണ് യു ഡി എഫിന്റെ ആരോപണം. എച്ച് എ എല്‍, കേന്ദ്ര സര്‍വകലാശാല, മഞ്ചേശ്വരം തുറമുഖം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്നതിന് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു ഡി എഫ് സര്‍ക്കാറിന് കഴിഞ്ഞുവെന്നും ഇത്തരത്തില്‍ ഇനിയും ബഹുമുഖങ്ങളായ പദ്ധതികള്‍ നടപ്പിലാക്കാന്‍ യു ഡി എഫ് സന്നദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ടി സിദ്ദീഖ് പ്രചാരണവുമായി മുന്നോട്ടു പോകുന്നത്.
  പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മറ്റു സ്ഥാനാര്‍ഥികളെ അപേക്ഷിച്ച് സുരേന്ദ്രന്‍ ഒരു ചുവട് മുന്നിലാണുള്ളത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് സുരേന്ദ്രന്‍ മത്സരിക്കുമെന്ന് ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് വെങ്കയ്യ നായിഡു പ്രഖ്യാപിച്ചിരുന്നു. ഇത് പാര്‍ട്ടിക്കകത്ത് ചില അസ്വാരസ്യങ്ങള്‍ക്കിടയാക്കുകയും ചെയ്തിരുന്നു. ബി ജെ പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ സുരേന്ദ്രന്‍, സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുമ്പ് തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ഭാഷാ ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങളും പി എസ് സി പരീക്ഷക്ക് മലയാളം നിര്‍ബന്ധമാക്കിയതും ഉള്‍പ്പടെയുള്ള ജനകീയ പ്രശ്‌നങ്ങളില്‍ പെട്ടെന്ന് ഇടപ്പെടുകയും സമരപരിപാടികള്‍ക്ക് നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത സുരേന്ദ്രനെ സ്ഥാനാര്‍ഥിയാകുന്നതിലൂടെ ബി ജെ പിക്ക് മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. കേരളത്തില്‍ ആദ്യം താമര വിരിയിക്കാനാകുമെന്ന് ഉറച്ചു വിശ്വസിച്ച് ബി ജെ പി ഇറങ്ങിക്കളിക്കുന്ന മണ്ഡലമാണ് കാസര്‍കോട്.
  മണ്ഡലത്തിലെ മുക്കിലും മൂലയിലും കയറിയിറങ്ങി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിച്ച സ്ഥാനാര്‍ഥികള്‍ അവസാന ഘട്ട പ്രചാരണത്തിന്റെ തിരക്കിലാണ്. പ്രബല കക്ഷികള്‍ കടുത്ത പോരാട്ടത്തിന് അരയും തലയും മുറുക്കി രണാങ്കണത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി അടവുകള്‍ പയറ്റുമ്പോള്‍ കുളം കലക്കി മീന്‍ പിടിക്കുകയെന്ന പ്രയോഗത്തെ അന്വര്‍ഥമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചെറു കക്ഷികളും സ്വതന്ത്ര സ്ഥാനാര്‍ഥികളും നടത്തുന്നത്. മുന്നണികളെയും ബി ജെ പി യെയും കടന്നാക്രമിച്ചും അല്ലാതെയുമാണ് ആം ആദ്മി പാര്‍ട്ടിയും എസ് ഡി പി ഐയും തൃണമൂല്‍ കോണ്‍ഗ്രസും അടക്കമുള്ള കക്ഷികള്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി രംഗത്തിറങ്ങിയിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ വിഷയമാണ് മറ്റു കക്ഷികളും സ്വതന്ത്രന്മാരും ആയുധമാക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ലെന്നും ജില്ലയുടെ വികസനത്തിന് ഒരു മുന്നണിയും കാര്യമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.
  മുന്നണികളും ബി ജെ പിയും ദേശീയ നേതാക്കളെയടക്കം പങ്കെടുപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് കൊഴുപ്പുകൂട്ടാന്‍ കഠിന പ്രയത്‌നങ്ങളാണ് നടത്തുന്നത്. ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാസര്‍കോട്ടെത്തി അണികള്‍ക്ക് ആവേശം പകര്‍ന്നു. നാളെ സി പി എം ദേശീയ നേതാവ് വൃന്ദാ കാരാട്ടും എട്ടിന് നരേന്ദ്ര മോദിയും കാസര്‍കോട്ടെത്തും.
  മുന്നണി സ്ഥാനാര്‍ഥികള്‍ക്കും ബി ജെ പിക്കും പുറമെ എ എ പി, തൃണമൂല്‍ കോണ്‍ഗ്രസ്, ബി എസ് പി, എസ് ഡി പി ഐ തുടങ്ങിയ കക്ഷികളും സ്വതന്ത്രന്‍മാരുമടക്കം പതിനാല് സ്ഥാനാര്‍ഥികളാണ് കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നത്.