ഹജ്ജ്: സ്വകാര്യ സംഘങ്ങള്‍ക്ക് ക്വാട്ട 36,000

Posted on: April 7, 2014 5:30 am | Last updated: April 8, 2014 at 12:03 am

hajj1കൊണ്ടോട്ടി: ഇന്ത്യയില്‍ ഈ വര്‍ഷം സ്വകാര്യ ഹജ്ജ് സംഘങ്ങള്‍ക്ക് ക്വാട്ട 36,000 ആയി നിശ്ചയിച്ചു. കഴിഞ്ഞ വര്‍ഷം 14,600 ആയിരുന്നു ക്വാട്ട. വിദേശ രാജ്യങ്ങള്‍ക്കുള്ള ക്വാട്ടയില്‍ 20 ശതമാനം കുറവ് വരുത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സ്വകാര്യ സംഘങ്ങള്‍ക്കുള്ള ക്വാട്ടയാണ് കുറച്ചത്. ഇതിനാല്‍ കഴിഞ്ഞ വര്‍ഷം 14,600 പേര്‍ക്കാണ് സ്വകാര്യ സംഘങ്ങള്‍ വഴി ഹജ്ജിനു പോകാനായത്.

ക്വാട്ടയില്‍ വന്ന കുറവ് സ്വകാര്യ സംഘങ്ങളില്‍ നിന്ന് മാത്രമാക്കിയത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഈ വര്‍ഷം മുതല്‍ ഹജ്ജ് കമ്മിറ്റികളില്‍ നിന്ന് കൂടി കുറവ് വരുത്തിയതോടെയാണ് സ്വകാര്യ സംഘങ്ങള്‍ക്ക് ക്വാട്ട വര്‍ധിച്ചത്. ഹജ്ജ് കമ്മിറ്റികള്‍ മുഖേന ഈ വര്‍ഷം മൂന്ന് ലക്ഷത്തിലധികം അപേക്ഷകള്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് ലഭിച്ചു. ഏറ്റവും കൂടുതല്‍ അപേക്ഷ കേരളത്തില്‍ നിന്നാണ്; 56,088. ത്രിപുര, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ അപേക്ഷകരുടെ എണ്ണം കുറവാണ്. അപേക്ഷകളിന്മേലുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതോടെ ഇന്ത്യയിലെ ആദ്യ നറുക്കെടുപ്പ് കേരളത്തിലാണ്. ഈ മാസം 19നാണ് നറുക്കെടുപ്പ്.

അതേസമയം 20 ശതമാനം വെട്ടിക്കുറച്ചത് ഹജ്ജ് കമ്മിറ്റിക്ക് കൂടി ബാധകമാക്കിയത് ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി, രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് നിവേദനം നല്‍കി. തിരഞ്ഞെടുപ്പായതിനാല്‍ വിദേശകാര്യ മന്ത്രിക്ക് തിരക്കായതിനാലാണ് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് ഹജ്ജ് കമ്മിറ്റി വഴി അപേക്ഷിക്കുന്നതെന്നും ക്വാട്ട കുറക്കുന്നത് നിര്‍ധനര്‍ക്കുള്ള അവസരം നിഷേധിക്കലാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.