Connect with us

Kerala

പരസ്യപ്രചാരണത്തിന് നാളെ സമാപനം; അങ്കത്തട്ടില്‍ തീ പാറുന്നു

Published

|

Last Updated

തിരുവനന്തപുരം: വോട്ടെടുപ്പിന് വെറും മൂന്ന് നാള്‍ ശേഷിക്കെ, അങ്കത്തട്ടില്‍ തീ പാറുന്നു. ആരോപണപ്രത്യാരോപണങ്ങളില്‍ മുറുകുകയാണ് പ്രചാരണരംഗം. കൊണ്ടും കൊടുത്തുമാണ് കുതിപ്പ്. മുന്നിലാരെന്നത് മാത്രം പ്രവചനാതീതം. ഇന്നും നാളെയും പ്രചാരണം ഉച്ചസ്ഥായിയിലാകും. നാളെ വൈകുന്നേരമാണ് കലാശക്കൊട്ട്. വൈകുന്നേരം ആറ് മണിക്ക് പരസ്യപ്രചാരണം അവസാനിക്കും. ബുധനാഴ്ച നിശ്ശബ്ദ പ്രചാരണവും കഴിഞ്ഞാല്‍ വ്യാഴാഴ്ച കേരളം വിധിയെഴുതും. ഫലം പ്രവചനാതീതമെങ്കിലും പ്രചാരണ രംഗത്തെ കുതിപ്പ് ഒപ്പത്തിനൊപ്പമാണ്. അവകാശവാദങ്ങളില്‍ ഇരുമുന്നണികളും പിശുക്ക് കാണിക്കുന്നില്ല.

13 സീറ്റ് ഉറപ്പാണെന്നാണ് യു ഡി എഫിന്റെ കണക്ക്. അത് 16 വരെ ഉയര്‍ന്നാല്‍ അത്ഭുതപ്പെടേണ്ടെന്നും ആത്മവിശ്വാസം. എല്‍ ഡി എഫ് 12 സീറ്റ് ഉറപ്പാക്കുന്നു. അതിന് മുകളിലേക്ക് എത്രയെന്ന് വോട്ടെടുപ്പിന് ശേഷം കണക്ക് നോക്കി പറയാമെന്നും എല്‍ ഡി എഫ് നേതൃത്വം വ്യക്തമാക്കുന്നു. മലബാര്‍ ഇടതിനൊപ്പവും മധ്യകേരളം വലതിനൊപ്പവും നില്‍ക്കുമെന്നാണ് വിലയിരുത്തല്‍. തെക്കന്‍ കേരളമാകട്ടെ മനസ്സ് തുറന്നിട്ടുമില്ല. ഇതുവരെ പുറത്ത് വന്ന സര്‍വേ ഫലങ്ങളില്‍ യു ഡി എഫിനാണ് മുന്‍തൂക്കം. എല്‍ ഡി എഫിന് ശക്തമായൊരു തിരിച്ചടി ആരും പ്രവചിക്കുന്നുമില്ല. ഏഷ്യാനെറ്റ് സീ ഫോര്‍ സര്‍വേ, 11 സീറ്റ് യു ഡി എഫിനും ഒന്‍പത് സീറ്റ് എല്‍ ഡി എഫിനുമെന്നാണ് പ്രവചിച്ചത്. സി എന്‍ എന്‍- ദി വീക്ക് സര്‍വേ 13 മുതല്‍ 17 സീറ്റ് വരെ യു ഡി എഫിനെന്ന് പ്രവചിച്ചു. എന്നാല്‍ എന്‍ ഡി ടി വി സര്‍വേയില്‍ 11 സീറ്റ് എല്‍ ഡി എഫിനെന്നാണ് പ്രവചനം. ഏറ്റുമുട്ടലിന്റെ രൂക്ഷത തന്നെയാണ് വിരുദ്ധ സര്‍വേ ഫലങ്ങളും വ്യക്തമാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, ആലപ്പുഴ, ചാലക്കുടി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വടകര സീറ്റുകള്‍ ഇരുമുന്നണികളും ഒരുപോലെ വിജയം ഉറപ്പിച്ച് അവകാശപ്പെടുന്ന മണ്ഡലങ്ങളാണ്. ഇവ ആര്‍ക്കൊപ്പമെന്നതാകും സംസ്ഥാനത്തെ മുന്നണികളുടെ മുന്‍തൂക്കം ആര്‍ക്കെന്നതില്‍ നിര്‍ണായകമാകുക. സി പി എമ്മിന്റെ സിറ്റിംഗ് സീറ്റുകളില്‍ പോലും അട്ടിമറി വിജയം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക്. കോണ്‍ഗ്രസ് ഉറപ്പിച്ചുവെച്ച സീറ്റുകളില്‍ പ്രമുഖര്‍ക്ക് അടിതെറ്റുമെന്ന് സി പി എമ്മും അടിവരയിടുന്നു.

തിരഞ്ഞെടുപ്പ് നാള്‍ അടുത്തതോടെ ഗോദയില്‍ വീറും വാശിയുമേറിയിട്ടുണ്ട്. വോട്ടുറപ്പിക്കാന്‍ സകല അടവും പയറ്റുകയാണ് സ്ഥാനാര്‍ഥികളും നേതാക്കളും. എതിരാളിയെ കുരുക്കാന്‍ സര്‍വതന്ത്രങ്ങളും പയറ്റുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും തുടങ്ങിവെച്ച യു ഡി എഫിന്റെ പ്രചാരണം ഇപ്പോള്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയാണ് നയിക്കുന്നത്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൂന്ന് കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു. എറണാകുളത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗുമെത്തി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മൂന്ന് കേന്ദ്രങ്ങളില്‍ പ്രസംഗിക്കും. കേന്ദ്രമന്ത്രി വയലാര്‍ രവി, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ തുടങ്ങിയ നേതാക്കളും ഓരോ കേന്ദ്രത്തിലുമെത്തുന്നു. പൊതുയോഗങ്ങളില്‍ പ്രസംഗിക്കുന്ന പതിവ് രീതിക്കപ്പുറം നേതാക്കള്‍ പങ്കെടുക്കുന്ന കുടുംബയോഗങ്ങളാണ് ഇത്തവണത്തെ പ്രത്യേകത. പ്രതിരോധമന്ത്രി എ കെ ആന്റണി പോലും കുടുംബയോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.

പാര്‍ട്ടിക്കൊപ്പം നിന്ന് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഊര്‍ജത്തിലാണ് എല്‍ ഡി എഫ് പ്രചാരണം തുടങ്ങിയത്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പന്ന്യന്‍ രവീന്ദ്രനും നയിച്ച പ്രചാരണ ഗോദയിലേക്ക് പ്രകാശ് കാരാട്ടും എ ബി ബര്‍ദനുമെത്തിയിട്ടുണ്ട്. സീതാറാം യെച്ചൂരി, വൃന്ദാ കാരാട്ട്, സുധാകര്‍ റെഡ്ഢി, എസ് രാമചന്ദ്രന്‍ പിള്ള തുടങ്ങിയ നേതാക്കളും കളത്തിലുണ്ട്. ബി ജെ പിക്ക് വേണ്ടി എല്‍ കെ അഡ്വാനിയാണ് ഇനി എത്താനുള്ളത്. നരേന്ദ്ര മോദിയും വെങ്കയ്യ നായിഡുവും സുബ്രഹ്മണ്യം സ്വാമിയും കേരളത്തില്‍ പ്രചാരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളും അന്തിമ ഘട്ടത്തിലാണ്. ഉദ്യോഗസ്ഥന്‍മാരുടെ പരിശീലനം പൂര്‍ത്തിയായി. വോട്ടിംഗ് യന്ത്രങ്ങളില്‍ ചിഹ്നം ചേര്‍ക്കുന്ന പ്രക്രിയ അന്തിമ ഘട്ടത്തിലാണ്. സമാധാനപരമായ വോട്ടിംഗ് പ്രക്രിയകള്‍ക്കായി കേന്ദ്രസേനയും സംസ്ഥാനപോലീസും സംയുക്തമായി സുരക്ഷ ഒരുക്കുന്നു.

 

Latest