Connect with us

Kozhikode

കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പല്‍: വൃന്ദാ കാരാട്ട്

Published

|

Last Updated

വടകര: അഴിമതിയില്‍ മുങ്ങിക്കുളിച്ച യു ഡി എഫ് സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കും ദുസ്സഹമായ വിലക്കയറ്റത്തിനുമെതിരെയുള്ള ജനവിധിയായിരിക്കും ഈ തിരഞ്ഞെടുപ്പിലുണ്ടാകുകയെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആഴക്കടലില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കോണ്‍ഗ്രസ്. ആര്‍ എസ് എസും ബി ജെ പിയും ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസ്റ്റ് നയങ്ങളുമായി പ്രധാനമന്ത്രി പദം മോഹിച്ചുമത്സരിക്കുന്ന നരേന്ദ്ര മോഡിക്കും കനത്ത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിലുണ്ടാകുക. വര്‍ഗീയ ഫാസിസത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന പാര്‍ട്ടികളുമായി സഹകരിച്ച് തിരഞ്ഞെടുപ്പിന് ശേഷം ഒരു ജനാധിപത്യ മതേതര ബദല്‍ ഉയര്‍ന്നുവരും.
വടകരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം എന്‍ ഷംസീറിനെതിരെയുള്ള ആര്‍ എം പിയുടെ ആരോപണം മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിശ്വാസയോഗ്യമല്ലാത്ത ആരോപണങ്ങള്‍ക്ക് പ്രതികരിക്കേണ്ടകാര്യമില്ലെന്ന് ഇവര്‍ പറഞ്ഞു. ആര്‍ എം പി, യു ഡി എഫിന്റെ ജൂനിയര്‍ പാര്‍ട്ണറാണ്. ഇടതു മുന്നേറ്റത്തിലെ അസ്വസ്ഥതയാണ് ഇത്തരം ആരോപണത്തിന് പിന്നിലെന്നും തിരഞ്ഞെടുപ്പിന് ശേഷം ഇടത് മൂന്നാം ബദല്‍ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
എം എന്‍ ഷംസീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം കോട്ടപ്പറമ്പില്‍ നടന്ന പൊതുസമ്മേളനം വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ യു ഡി എഫിന്റെ തെറ്റായ നയങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. സ്ത്രീ സുരക്ഷക്കും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ വിദേശ മലയാളികളുടെയും പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ കേന്ദ്രമന്ത്രിയായ മുല്ലപ്പള്ളി ലോക്‌സഭയില്‍ ഒരു വാക്കുപോലും ഉരിയാടിയിട്ടില്ല. ആഭ്യന്തര സഹമന്ത്രി എന്നതിന് പകരം പ്രഖ്യാപന മന്ത്രിയായി മുല്ലപ്പള്ളി മാറുകയായിരുന്നെന്നും കോണ്‍ഗ്രസ് ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ബി ജെ പി അധികാരത്തിലെത്താന്‍ നീക്കം നടത്തുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എം വി ജയരാജന്‍, സി ഭാസ്‌കരന്‍, പി സതീദേവി പ്രസംഗിച്ചു.