Connect with us

Gulf

മസീറയിലേക്കുള്ള പുതിയ ഫെറി സര്‍വീസുകള്‍ വൈകുന്നു

Published

|

Last Updated

മസ്‌കത്ത്: മസീറ ദ്വീപിലേക്കു സഞ്ചരിക്കുന്നതിനായി രണ്ടു പുതിയ ഫെറികള്‍ രാജ്യത്തെത്തിച്ച് മാസങ്ങള്‍ പിന്നിട്ടുവെങ്കിലും സര്‍വീസ് വൈകുന്നു. സാങ്കേതിക കാരണങ്ങളാലാണ് വൈകുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സര്‍വീസ് നടത്തുന്നതിന് ആവശ്യമായ മുഴുവന്‍ ഘകടങ്ങളും പൂര്‍ത്തിയാക്കാത്തതാണ് കാരണമെന്ന് അറിയുന്നു.
ശന്‍ഹയില്‍ നിന്നും മസീറയിലേക്ക് അതിവേഗ സഞ്ചാരം സാധ്യമാക്കുന്ന ഫെറി സര്‍വീസുകള്‍ക്ക് മാര്‍ച്ചില്‍ തുടക്കം കുറിക്കുമെന്നാണ് നാഷനല്‍ ഫെറി കമ്പനി നേരത്തെ അറിയിച്ചിരുന്നത്. ആധുനിക സൗകര്യങ്ങളുള്ള രണ്ടു ഫെറികളാണ് ഇതിനായി ഇവിടെ എത്തിച്ചിരുന്നത്. സര്‍വീസ് ആരംഭിക്കുന്നതിനുള്ള ശ്രമം നടത്തി വരികയാണെന്നും ഇനി അധികം വൈകില്ലെന്നും കമ്പനി സി ഇ ഒ സൈദ് മഹ്ദി ബിന്‍ മുഹമ്മദ് പറഞ്ഞു. ഈ മാസം തന്നെ സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന് കരുതുന്നു. പ്രവര്‍ത്തനം ദ്രുതഗതിയില്‍ നടന്നു വരുന്നുണ്ട്. അടുത്ത മാസം തന്നെ സര്‍വീസ് തുടങ്ങാനാണ് ആഹ്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയിലാണ് രണ്ടു ഫെറികള്‍ രാജ്യത്തെത്തിയത്. 38 വാഹനങ്ങള്‍, നാലു ട്രക്കുകള്‍, 154 യാത്രക്കാര്‍ എന്നിവ വഹിക്കാന്‍ കഴിവുള്ള ഫെറികള്‍ക്ക് മണിക്കൂറില്‍ 15 നോട്ടിക് മൈല്‍ സഞ്ചാര വേഗതയുണ്ടാകും. ഇപ്പോള്‍ ശന്‍ഹക്കും മസീറക്കുമിടയില്‍ പഴയ ജങ്കാറുകളാണ് സര്‍വീസ് നടത്തുന്നത്.
അതിനിടെ രാജ്യത്ത് ഫെറികളില്‍ സഞ്ചരിക്കുന്നവര്‍ 6.9 ശതമാനം വര്‍ധിച്ചതായി നാഷനല്‍ ഫെറി കമ്പനി അറിയിച്ചു. ഈ വര്‍ഷം ആദ്യ മൂന്നു മാസത്തെ കണക്കാണിത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോഴാണ് വര്‍ധന. കഴിഞ്ഞ മാസം 10,493 യാത്രക്കാരാണ് ഫെറികള്‍ ഉപയോഗിച്ചത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഫെറി ഉപയോഗിച്ചത് 9,810 പേരായിരുന്നു. അഞ്ചു വര്‍ഷമായി രാജ്യത്ത് ഫെറു സര്‍വീസുകളില്‍ യാത്രക്കാര്‍ വര്‍ധിച്ചു വരികയാണ്. വിവിധ ഗവര്‍ണറേറ്റുകളില്‍ ഫെറി സര്‍വീസുകള്‍ വികസിപ്പിച്ചു വരുന്നുണ്ട്.
ഫെറികള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ കടത്തുന്നത് മൂന്നു ശതമാനം വര്‍ധിച്ചു. ഈ വര്‍ഷം ആദ്യ മൂന്നു മാസം 1,466 വാഹനങ്ങളാണ് ഫെറികളില്‍ കടത്തിയത്. വാണിജ്യ, വ്യവസായ മേഖലക്കും ഫെറി സര്‍വീസുകള്‍ ഗുണം ചെയ്യുന്നതായും റിപ്പോര്‍ട്ട് പറയുന്നു.