Connect with us

Kozhikode

വേനല്‍ ചൂട് വകവെക്കാതെ വിജയരാഘവന്റെ പ്രചാരണം

Published

|

Last Updated

കോഴിക്കോട്: യു ഡി എഫ് ഉയര്‍ത്തുന്ന വികസന അവകാശവാദങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കി പ്രചാരണ രംഗത്ത് കുതിക്കുകയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി വിജയരാഘവന്‍. കഴിഞ്ഞ തവണ ചുരുക്കം വോട്ടിന് നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കാന്‍ പാര്‍ട്ടി സംഘടനാ സംവിധാനം പൂര്‍ണമായും ഉപയോഗപ്പെടുത്തിയുള്ള പ്രചാരണമാണ് എല്‍ ഡി എഫ് നടത്തുന്നത്. കനത്ത ചൂടിലും വിജയരാഘവന്റെ മണ്ഡല പര്യനങ്ങളിലെ സ്വീകരണ വേദികളിലെല്ലാം സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് എത്തുന്നത്.
സ്ഥാനാര്‍ഥിയുടെ വരവ് അറിയിച്ചുള്ള അകമ്പടി വാഹനങ്ങള്‍ എത്തുന്നതിനും എറെ മുമ്പ് തന്നെ സ്വീകരണ കേന്ദ്രങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിറയുന്നു. ഇന്നലെ ബേപ്പൂര്‍ മണ്ഡലത്തിലുള്ള വിജയാരഘവന്റെ പര്യടനം ചാലിയം ലൈറ്റ് ഹൗസില്‍ നിന്നാണ് ആരംഭിച്ചത്. വാദ്യമേളങ്ങളും പടക്കവും കലാപരിപാടികളുമായാണ് സ്ഥാനാര്‍ഥിക്ക് പലയിടത്തും സ്വീകരണം. ഈച്ചപ്പാടം, മങ്ങാട്ട് നിലം, ചിറക്കാംകുന്ന്, കൊറ്റമംഗലം, മഠത്തില്‍ പാടം, നാത്തുനിപ്പാടം, ചാലാറ്റി, മുണ്ടക്കാട്പറമ്പ്, തോണിച്ചിറ, നായര്‍കുളം തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം ആവേശകരമായ വരവേല്‍പ്പാണ് ലഭിച്ചു.
കേന്ദ്ര സര്‍ക്കാറിന്റെ അഴിമതിയും വിലക്കയറ്റവും സോളാര്‍ കേസുമെല്ലാമാണ് ഓരോ സ്വീകരണ വേദികളിലെയും പ്രധാന പ്രചാരണ വിഷയങ്ങള്‍.
തന്റെ സ്വതസിദ്ധമായ നര്‍മത്തില്‍ കലര്‍ന്ന പ്രസംഗവുമായി ശ്രോതാക്കളുടെ കൈയ്യടി നേടാന്‍ വിജയരാഘവന് കഴിയുന്നു. ബാബു പറശ്ശേരി, ഭരതക്കുറുപ്പ്, ടി മൊയ്തീന്‍കോയ, എം ഗിരീഷ്, ബാദുഷ കടലുണ്ടി എന്നിവരാണ് ബേപ്പൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചത്. വിജയരാഘവന്‍ ഇന്ന് കോഴിക്കോട് സൗത്ത് നിയോജക മണ്ഡലത്തിലാണ് പര്യടനം നടത്തുക. രാവിലെ ഒമ്പതിന് പാളയം പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം രാത്രി ഏഴിന് ചക്കുംകടവില്‍ സമാപിക്കും.

---- facebook comment plugin here -----

Latest