ഹാവൂ, എന്തൊരു ചൂട്

Posted on: April 5, 2014 6:16 am | Last updated: April 5, 2014 at 12:17 am

hot‘ഹാവൂ. എന്തൊരു ചൂട്’. ഓരോരുത്തരുടെ ചുണ്ടിലും അറിയാതെ വന്ന് പോകുന്ന വാക്കാണിത്. പകല്‍ പുറത്തിറങ്ങാന്‍ വയ്യ. രാത്രി ഉറങ്ങാനും. അഞ്ച് രൂപക്ക് ഒരു കുടം വെള്ളം വാങ്ങുന്ന തമിഴ്‌നാടന്‍ കാഴ്ചകളില്‍ അത്ഭുതം കൂറിയിരുന്ന മലയാളികളെ തേടി ഈ ദുരന്തവും എത്തിയിരിക്കുന്നു. കുടിക്കാന്‍ വെള്ളമില്ല. ഉള്ള വെള്ളമാകട്ടെ മാലിന്യമുക്തവുമല്ല. മണ്‍സൂണും വേനലും സന്തുലനം പാലിച്ച് സമൃദ്ധമായിരുന്ന കേരളം പോയ കാലം. തിമര്‍ത്തു പെയ്യുന്ന മണ്‍സൂണ്‍ കുറഞ്ഞു. കാലവര്‍ഷവും തുലാവര്‍ഷവും കേരളത്തോട് മുഖം തിരിക്കുന്നു. വേനല്‍ മഴക്കായുള്ള കാത്തിരിപ്പിനും നിരാശയെന്ന ഉത്തരം ലഭിച്ചതോടെ വേനല്‍ കൊടും വേനലായി മാറുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണി കൂടുതല്‍ മുറുകുകയാണ്്. ദാഹജലത്തിനായി ജനങ്ങള്‍ വലയുന്നു. കുടിവെള്ളം നിറച്ച ടാങ്കര്‍ ലോറി ഹോണ്‍ മുഴക്കുന്നത് കാത്തിരിക്കുന്ന ഗ്രാമങ്ങള്‍. സര്‍വശക്തിയും തെരുവിലെ ഹാന്‍ഡ് പമ്പില്‍ പ്രയോഗിച്ചിട്ടും ഒരു കുടം നിറക്കാന്‍ പാടുപെടുന്നവര്‍. വരള്‍ച്ചക്കൊപ്പം രൂക്ഷമായ ചൂടും. വൈദ്യുതി ഉപഭോഗത്തിന്റെ കണക്ക് നോക്കിയാല്‍ മതി ചൂടിന്റെ കാഠിന്യമറിയാന്‍. ഓരോ ദിവസവും റെക്കോര്‍ഡ് ഭേദിക്കുന്ന ഉപയോഗം. ശരാശരിയെ കടത്തിവെട്ടി ഉയരുകയാണ് ചൂടിന്റെ കാഠിന്യം. പാലക്കാടും പുനലൂരും കത്തുകയാണ്. വെയിലേറ്റ് വാടുകയല്ല; സൂര്യതാപമേറ്റ് പൊള്ളുകയാണ്.
ഭൂമുഖത്ത് ജീവന്റെ ഉത്ഭവത്തിനും വളര്‍ച്ചക്കും നിലനില്‍പ്പിനും അടിസ്ഥാനമായ ജലം ഒരപൂര്‍വ വസ്തുവും വിലപിടിച്ചതുമാകുന്നുവെന്നാണ് ഈ സാഹചര്യം നമ്മെ ബോധ്യപ്പെടുത്തുന്നത്. ലോകത്ത് ആറിലൊരാള്‍ക്ക് ശുദ്ധജലം കിട്ടുന്നില്ലെന്നാണ് ഇന്റര്‍ നാഷനല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനം. മൂന്നില്‍ രണ്ട് ജനവിഭാഗങ്ങള്‍ 2025 ഓടെ കുടിവെള്ളത്തിനായി പൊരുതുമെന്നും ഈ പഠനം വ്യക്തമാക്കുന്നു. വന്‍ സാമൂഹിക പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാക്കുന്ന മുന്നറിയിപ്പാണിത്. ലോകത്ത് ജല ഉപഭോഗം 20 വര്‍ഷം കൊണ്ട് ഇരട്ടിയാകും. ശുദ്ധജലത്തിന്റെ ലഭ്യത മൂന്നിലൊന്നായി ചുരുങ്ങുമെന്നും ഈ പഠനത്തിലുണ്ട്.
കടുത്ത ജല പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ തന്നെയാണ് ഇന്ത്യയുടെയും സ്ഥാനം. ലോക ജനസംഖ്യ 60 ശതമാനവും 2030 ഓടെ നഗരവത്കരിക്കപ്പെടുമെന്ന നിരീക്ഷണം നിലനില്‍ക്കെ ഇവരുടെ കുടിവെള്ള പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. 50 വര്‍ഷത്തിന് ശേഷം ആദ്യമാണ് രാജ്യത്ത് ഇത്രയധികം മഴ കുറയുന്നത്. വരള്‍ച്ചയുടെ കാഠിന്യം വര്‍ഷം തോറും കൂടിക്കൂടിവരികയും ചെയ്യുന്നു. രാജ്യത്തെ 640 ജില്ലകളില്‍ 400 ജില്ലകൡലും മഴ കുറഞ്ഞെന്നാണ് കണക്ക്. കേരളത്തിലെ സ്ഥിതിയും ഭയാനകം തന്നെ. ജല സമൃദ്ധി ഒരു കാലത്ത് കേരളത്തിന്റെ അഹങ്കാരമായിരുന്നു. അറബിക്കടലും സഹ്യ പര്‍വത നിരകളും അതിരിടുന്ന ഈ മണ്ണിലെ 44 നദികളും നൂറു കണക്കിന് ചെറു ജലാശയങ്ങളും നമ്മുടെ സ്വകാര്യ അഹങ്കാരമായി. വരള്‍ച്ചയുടെ ഉത്തരേന്ത്യന്‍ വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും നമ്മള്‍ മനസ്സ് നിറഞ്ഞ് നീരാടുകയായിരുന്നു. തിമിര്‍ത്തുപെയ്യുന്ന മഴ മലയാളിക്ക് ഒരു സംസ്‌കാരം തന്നെ പകര്‍ന്നു നല്‍കി. നമ്മുടെ വെള്ളം അണ കെട്ടി വഴി തിരിച്ച് കൊണ്ടുപോയി അയല്‍ സംസ്ഥാനങ്ങള്‍ ദാഹമകറ്റി.
ഭൂവിസ്തൃതിയില്‍ ഇന്ത്യയുടെ 1.2 ശതമാനമെങ്കിലും രാജ്യത്തെ ആകെ ജല സമ്പത്തിന്റെ അഞ്ച് ശതമാനം നമുക്കുണ്ടെന്ന് നമ്മള്‍ അഹങ്കരിച്ചു. ജല ദൗര്‍ലഭ്യത്തെക്കുറിച്ചുള്ള വാര്‍ത്തകളോ വരള്‍ച്ചയെക്കുറിച്ച പഠനങ്ങളോ നമ്മെ ഒരിക്കലും അലോസരപ്പെടുത്തിയില്ല. പ്രകൃതിയുടെ കനിവില്‍ നമ്മള്‍ അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇന്ന് കഥമാറുകയാണ്. വരള്‍ച്ചയും ചൂടും നമ്മെ തേടിയെത്തുകയല്ല. നാം വിളിച്ചു വരുത്തി നമ്മെ തന്നെ വരിഞ്ഞ് മുറുക്കുകയാണ്.
അത്യാധുനിക സംവിധാനങ്ങളെല്ലാം നമ്മുടെ കാല്‍ചുവട്ടിലുണ്ട്. പക്ഷേ, കുടിക്കാന്‍ വെള്ളം പണം കൊടുത്തുവാങ്ങേണ്ട ദുരിതാവസ്ഥയാണ്. മഴ കുറഞ്ഞതിനൊപ്പം ജല ചൂഷണവും ദീര്‍ഘവീക്ഷണമില്ലാത്ത വികസനവുമാണ് ‘ഹാവൂ എന്തൊരു ചൂടെ’ന്ന് നമ്മെയും പറയാന്‍ പഠിപ്പിക്കുന്നത്. ഏപ്രില്‍, മെയ് അവധിക്കാലമാണ് മുമ്പ് വേനലായി നാം കണ്ടിരുന്നത്. ഇന്ന് ഡിസംബറിന് മുമ്പെ ജില്ലകളെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിക്കേണ്ട ദുരവസ്ഥയാണുള്ളത്. കുടിക്കാന്‍ കിട്ടുന്ന വെള്ളത്തിന്റെ ഗുണമേന്മയെക്കുറിച്ചുള്ള സംശയങ്ങള്‍ വേറെയും.
നിളയും വേമ്പനാടും അഷ്ടമുടിയും ശാസ്താംകോട്ട കായലും ശുദ്ധജലത്തിന് പകരം കണ്ണീരൊഴുക്കുകയാണിന്ന്. കാലവര്‍ഷം 24 ശതമാനവും തുലാവര്‍ഷം 33 ശതമാനവും കേരളത്തില്‍ കുറഞ്ഞെന്നാണ് കണക്ക്. ഭൂഗര്‍ഭ ജല വിതാന തോത് രണ്ട് മുതല്‍ ആറ് മീറ്റര്‍ വരെ താഴ്ന്നതായി ഭൂഗര്‍ഭജലവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. സംസ്ഥാനത്തെ അമ്പതോളം ബ്ലോക്കുകളില്‍ അപകടകരമായ സ്ഥിതിയാണ്. എണ്ണത്തില്‍ ശരാശരിക്ക് മുകളിലുള്ള ജലസ്രോതസ്സുകളാലും ജലാശയങ്ങളാലും സമൃദ്ധമായ കേരളത്തിലെ ഭൂഗര്‍ഭ ജല താഴ്ച ആശങ്കയുളവാക്കുന്നു. തിരുവനന്തപുരത്തും പാലക്കാട്ടുമാണ് ഭൂഗര്‍ഭ ജലവിതാനത്തിലേറ്റവും കുറവ്. മലപ്പുറം, കോഴിക്കോട്, ഇടുക്കി ജില്ലകളിലൊഴികെ ജലവിതാനത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്.
സംസ്ഥാനത്തെ പുഴകളിലും കിണറുകളിലും മറ്റു ജല സംഭരണികളിലും കഴിഞ്ഞ കാലത്തെ അപേക്ഷിച്ച് ജല നിരപ്പ് കുറഞ്ഞുവരികയാണ്. ഭാരതപ്പുഴയുള്‍പ്പെടെ സംസ്ഥാനത്തെ നാല് പ്രധാന നദികളിലും രണ്ട്് മുതല്‍ നാല് മീറ്റര്‍ വരെ ജല നിരപ്പ് താഴ്ന്നിട്ടുണ്ട്. ശുദ്ധജല, ജലസേചന സംഭരണികളും വറ്റി തീരാറായ നിലയിലാണുള്ളത്. ദിവസങ്ങള്‍ നീളുന്ന മഴ ലഭിച്ചാല്‍ മാത്രമേ ജലവിതാനത്തില്‍ ഇനി മാറ്റം വരൂ. മഴയുടെ കുറവ് മൂലം മണ്ണിലെ അമ്ലാംശം വര്‍ധിച്ചത് കൃഷിയെ സാരമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വരള്‍ച്ചയുടെ കാഠിന്യം കൃഷി ഭൂമിയിലും പ്രതിഫലിക്കുന്നുണ്ട്. മഴയുടെ കുറവാണ് പ്രതിസന്ധിയുടെ മുഖ്യ കാരണം. എന്ത് കൊണ്ട് മഴ കുറയുന്നുവെന്ന് സൂക്ഷ്മമായി വിശകലനം ചെയ്താല്‍ നാം വരുത്തിയ വിനയെന്ന കൃത്യമായ ഉത്തരം ലഭിക്കും. ലോകത്തിലെ മനോഹരമെന്ന് വിശേഷിപ്പിക്കുന്ന കേരളം അതിവേഗം മരുപ്പറമ്പായി മാറുന്ന ദുരന്തത്തിന്റെ ലക്ഷണങ്ങള്‍. രാജവെമ്പാല കാട് വിട്ട് നാട്ടിലിറങ്ങുന്നതും വരണ്ട പ്രദേശങ്ങളില്‍ കാണുന്ന മയിലടക്കം 34 ഇനം മരുപ്പക്ഷികള്‍ കേരളത്തില്‍ കണ്ട് തുടങ്ങിയതും വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ ലക്ഷണങ്ങളായി ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു.
ജലം ലഭ്യമാക്കാനും സംരക്ഷിക്കപ്പെടാനും വൃക്ഷങ്ങളും മണ്ണ്, കുളം, ഉറവകള്‍, പുഴ, അരുവികള്‍ എന്നിവ നിലനില്‍ക്കണം. വെള്ളത്തൈ പിടിച്ച് നിര്‍ത്താന്‍ ജലസംരക്ഷണ സംവിധാനമായ മരങ്ങള്‍ അനിവാര്യമാണ്. കുന്നും പാടവും ചതുപ്പും ജലസംരക്ഷണ സംവിധാനങ്ങളാണ്. മാറുന്ന ജീവിത ശൈലിയും പുത്തന്‍ വികസന സങ്കല്‍പ്പങ്ങളും ഈ ബാലപാഠം മറക്കാന്‍ നമ്മെ പഠിപ്പിക്കുന്നു. ശുദ്ധജലം എന്നാല്‍ കുപ്പി വെള്ളമാണെന്ന് നമ്മെ അറിയാതെ പഠിപ്പിക്കുന്നു. കുപ്പിവെള്ളത്തില്‍ തന്നെ ബ്രാന്‍ഡഡ് കമ്പനികളുടേതാണ് മികച്ചതെന്ന് കൊച്ചുകുട്ടികള്‍ പോലും അറിയാതെ പഠിക്കുന്നു. അരുവികളില്‍ നിന്നൊഴുകി വരുന്ന ഔഷധവീര്യമുള്ള വെള്ളത്തിന് പകരമാണ് നാം കുപ്പിവെള്ളം പ്രതിഷ്ഠിക്കുന്നത്. വികസനം എന്ന ഒറ്റ വാക്കിലേക്ക് നാം പരിമിതപ്പെടുകയാണ്. നഷ്ടപ്പെടുന്ന പ്രകൃതി സമ്പത്തിനെക്കുറിച്ച് ആരും വ്യാകുലപ്പെടുന്നില്ല. നെല്‍വയലുകള്‍ സംരക്ഷിക്കപ്പെടാന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കുന്നതിന് പകരം അതില്‍ നല്‍കേണ്ട ഇളവുകളെക്കുറിച്ചാണ് ഇന്നത്തെ ചര്‍ച്ച. കോണ്‍ക്രീറ്റ് കൃഷിക്ക് വേണ്ടിയുള്ള പഴുതുകള്‍ തേടുകയാണിവിടെ. നാട്ടിന്‍ പുറത്തെ പ്രയോഗം പോലെയാണ് കാര്യങ്ങള്‍. ഈ പോക്ക് പോയാല്‍ അത് അവസാനത്തെ പോക്കായിരിക്കും.

ALSO READ  ലൈഫ് പാർപ്പിട പദ്ധതി മാത്രമല്ല, ജീവിതം തന്നെ