Connect with us

Gulf

ഇന്‍ഷൂറന്‍സ് പദ്ധതി: 40 കമ്പനികള്‍ക്ക് ഡി എച്ച് എയുടെ അനുമതി

Published

|

Last Updated

ദുബൈ: ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ 40 ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അനുമതി നല്‍കിയതായി ഡി എച്ച് എ (ദുബൈ ഹെല്‍ത്ത് അതോറിറ്റി) ഡയറക്ടര്‍ ജനറല്‍ എഞ്ചി. ഈസ അല്‍ മൈദൂര്‍ വ്യക്തമാക്കി. ദുബൈക്കായി സമര്‍പ്പിച്ച ഇന്‍ഷൂറന്‍സ് പദ്ധതികളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം. ദുബൈ താമസക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കാന്‍ നടപടി തുടങ്ങിയതിന്റെ ഭാഗം കൂടിയാണ് നടപടി.
ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചവയില്‍ നിന്നായിരുന്നു 40 കമ്പനികളെ തിരഞ്ഞെടുത്തത്. ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അംഗീകാരം നല്‍കിയതിലൂടെ ഏകീകൃത രീതിയിലുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും ഗുണനിലവാരം കാത്തുസൂക്ഷിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താവിന് ഇന്‍ഷൂറന്‍സിലൂടെ ലഭിക്കുന്ന സുരക്ഷിതത്വം, നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം എന്നിവയെ അടിസ്ഥാനമാക്കി ഡി എച്ച് എ മാനദണ്ഡം വെച്ചിരുന്നു. 4,000 ദിര്‍ഹത്തിന് താഴെ പ്രതിമാസ ശമ്പളം വാങ്ങുന്നവര്‍ക്ക് അത്യാവശ്യ ആരോഗ്യ സംരക്ഷണം ഉറപ്പാക്കും.
1,000ല്‍ അധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തിന് മുമ്പായി ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭ്യമാക്കണമെന്നു ഹെല്‍ത്ത് ഫണ്ടിംഗ് ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസുഫും വ്യക്തമാക്കി. 100 മുതല്‍ 999 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ 2015 ജൂലൈ അവസാനത്തിന് മുമ്പായും 100 ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ 2016 ജൂണിന് മുമ്പായും ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.