Connect with us

Ongoing News

തീവ്രവാദ ബന്ധമില്ല; തൃശൂരില്‍ അറസ്റ്റിലായത് അടിപിടി കേസ് പ്രതി

Published

|

Last Updated

തൃശൂര്‍: മെഡിക്കല്‍ കോളജിനടുത്ത് ക്വാട്ടേഴ്‌സില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത യുവാവ് തീവ്രവാദിയല്ലെന്ന് സ്ഥിരീകരണം. 2004ല്‍ കണ്ണമാലി പോലീസെടുത്ത അടിപിടി കേസിലെ പ്രതിയാണ് അറസ്റ്റിലായ ജിനു വര്‍ഗീസ് എന്ന അഫ്‌സല്‍. തൃശൂരിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുമ്പോള്‍ തൃശൂര്‍ പോലീസിനെ കണ്ണമാലി പോലീസ് അറിയിക്കാതിരുന്നതാണ് അറസ്റ്റ് ചെയ്തത് എന്‍ ഐ എ ആണെന്ന സംശയം ബലപ്പെടുത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തു നിന്നാണ് അഫ്‌സലിനെ എറണാകുളം കണ്ണമാലി പോലീസ് അറസ്റ്റ് ചെയ്തത്. തൃശൂരില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എന്‍ ഐ എയും വ്യക്തമാക്കിയിരുന്നു.

അറസ്റ്റ് ചെയ്യപ്പെട്ട ജിനു വര്‍ഗീസ് എറണാകുളം സ്വദേശിയാണ്. മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറുടെ വീട്ടില്‍ ജോലിച്ചെയ്യുന്ന ഇയാളും മാതാവും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. മുസ്‌ലിമായതിന് ശേഷമാണ് അഫ്‌സല്‍ എന്ന പേര് സ്വീകരിച്ചത്.
ഇതോടെ, അടിപിടി കേസിലെ പ്രതിയേ അന്താരാഷ്ട്ര ഭീകരനായി ചിത്രീകരിച്ചുകൊണ്ട് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ വെട്ടിലായി. ഇന്ത്യന്‍ മുജാഹിദ്ദീന്‍ തലവന്‍ തെഹ്‌സിന്‍ അക്തര്‍, ബോംബ് നിര്‍മാണ വിദഗ്ധനായ പാക് ഭീകരന്‍ വഖാസ് അഹമ്മദ് എന്നിവര്‍ക്ക് സഹായം നല്‍കിയ തൃശൂരിലെ ഡോക്ടര്‍ കസ്റ്റഡിയില്‍ എന്നായിരുന്നു ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം 23/2004 എ കേസിലെ പിടികിട്ടാപ്പുള്ളിയായ ജിനു വര്‍ഗീസിനെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിയായി മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. ബന്ധുക്കളുമായുണ്ടായ അടിപിടി കേസില്‍ ജാമ്യമെടുക്കാതെ മുങ്ങിനടക്കുകായിരുന്നു ഇയാള്‍. കഴിഞ്ഞ 30ന് ഉച്ചക്ക് രണ്ടോടെ മെഡിക്കല്‍ കോളജിന് അടുത്തുള്ള ഫഌറ്റി ല്‍ നിന്നാണ് ഡല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക സംഘം ഡോക്ടറെ കസ്റ്റഡിയിലെടുത്തതെന്നും ഡ ല്‍ഹി പോലീസ് (സ്‌പെഷ്യല്‍ സെല്‍), കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി (ഐ ബി) എന്നിവയിലെ ഉദ്യോഗസ്ഥരാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ ഡോക്ടറെ പിടികൂടിയതെന്നും ഒരു പത്രം ഒന്നാം പേജില്‍ നല്‍കിയ വാര്‍ത്തയില്‍ പറയുന്നു.
തിരഞ്ഞെടുപ്പിനിടെ രാജ്യത്തുടനീളം സ്‌ഫോടനങ്ങളുണ്ടാക്കാന്‍ അന്തിമ പദ്ധതിയിടുതിനിടെ രാജസ്ഥാനില്‍ പിടിയിലായ വഖാസിനെയും അക്തറിനെയും ചോദ്യം ചെയ്തപ്പോഴാണ് കേരളത്തിലെ ഒരു മെഡിക്കല്‍ കോളജിലുള്ള ഡോക്ടറുടെ സഹായം ലഭിച്ചതായി ഡല്‍ഹി പോ ലീസിന് വിവരം കിട്ടിയതെന്നും പി ജി പരിശീലനത്തിന് തൃശൂരിലെത്തും മുമ്പ് മലബാറിലെ ഒരു മെഡിക്കല്‍ കോളജില്‍ ഇയാള്‍ ഡോക്ടറായിരുന്നെന്നും പത്രം പറയുന്നു.

Latest