രാഹുലിനെ പുകഴ്ത്തി വരുണ്‍; പിന്നീട് തിരുത്തി

Posted on: April 3, 2014 12:24 am | Last updated: April 3, 2014 at 12:24 am

varun newന്യൂഡല്‍ഹി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് പിതൃസഹോദര പുത്രനും ബി ജെ പി നേതാവുമായ വരുണ്‍ ഗാന്ധിയുടെ പുകഴ്ത്തല്‍. അമേത്തിയില്‍ രാഹുല്‍ ഗാന്ധി നടപ്പാക്കിയ വികസനങ്ങളെ വരുണ്‍ പ്രശംസിച്ചു. സുല്‍ത്താന്‍പൂരിലെ ബി ജെ പി സ്ഥാനാര്‍ഥിയായ വരുണ്‍ തന്റെ മണ്ഡലത്തിലും അമേത്തിയിലേത് പോലെ വികസനം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. അമേത്തിയില്‍ രാഹുല്‍ കൊണ്ടുവന്നതുപോലെ ചെറുകിട പദ്ധതികള്‍ കൊണ്ടുവരാനാണ് താന്‍ ആലോചിക്കുന്നതെന്നും വരുണ്‍ പറഞ്ഞു. വരുണ്‍ ഗാന്ധിയുടെ വാക്കുകളെ രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്തു. കൃഷി, സ്ത്രീശാക്തീകരണം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലെ വികസനമാണ് അമേത്തിയില്‍ നടപ്പാക്കിയതെന്നും ഇതിനെ അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും രാഹുല്‍ പറഞ്ഞു. വരുണിന്റെ പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം തിരുത്തി ട്വീറ്റ് ചെയ്തു. അമേത്തിയിലെ സ്വയം സഹായസഹകരണ സംഘങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് താന്‍ വെളിപ്പെടുത്തിയതെന്ന് ജനങ്ങളെ ശാക്തീകരിക്കാനാണ് ശ്രമിച്ചതെന്നും പിന്നീട് വരുണ്‍ ഗാന്ധി തിരുത്തി. താന്‍ ഏതെങ്കിലും പാര്‍ട്ടിയെ അനുകൂലിക്കുകയോ, സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രചാരണം നടത്തുകയോ ചെയ്തിട്ടില്ലെന്നും വരുണ്‍ ഗാന്ധിയുടെ ട്വീറ്റില്‍ പറഞ്ഞു.