‘സര്‍വേകള്‍ കോര്‍പറേറ്റുകളുടെ കര്‍സേവ’

Posted on: April 3, 2014 6:00 am | Last updated: April 3, 2014 at 12:07 am

PINARAYI VIJAYANകാലിക്കറ്റ് പ്രസ്‌ക്ലബിന്റെ ‘ഡല്‍ഹി ചലോ’
മുഖാമുഖം
പരിപാടിയില്‍
പിണറായി വിജയന്‍

തിരഞ്ഞെടുപ്പു സര്‍വേകള്‍ കോര്‍പ്പറേറ്റുകള്‍ നടത്തുന്ന കര്‍സേവയായി മാറിയിരിക്കുന്നു. സര്‍വേ നടത്താന്‍ ആരാണോ എല്‍പ്പിക്കുന്നത് അവര്‍ക്ക് വേണ്ട ഫലമാണ് പുറത്തുവരുന്നത്. മുടക്കുന്ന കാശിന് അനുസരിച്ചാരിക്കും സര്‍വേയുടെ ഫലം. നിലവിലുള്ള യാഥാര്‍ഥ്യവുമായി ഇതിന് ഒരു ബന്ധവുമില്ല. ഇപ്പോള്‍ യു ഡി എഫ് തിരഞ്ഞെടുപ്പില്‍ വലിയ പ്രയാസം നേരിടുകയാണ്. സര്‍വേ ഫലമാകട്ടെ അവര്‍ക്ക് 20 ല്‍ 17 ഉം നല്‍കുന്നു. സര്‍വേ എന്നത് ഏല്‍പ്പിച്ചു നടത്തുന്ന ജോലിയാണ് എന്നതിന്റെ തെളിവാണിത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സര്‍വേ ഫലങ്ങള്‍ യു ഡി എഫിന് തൊണ്ണൂറിലധികം സീറ്റുകള്‍ പ്രവചിച്ചിരുന്നതാണ്. പക്ഷേ, അത് യഥാര്‍ഥ ഫലത്തില്‍ കണ്ടില്ലെന്നത് ഓര്‍ക്കണം
വി എസ് അച്യുതാനന്ദന്‍
വി എസ് പാര്‍ട്ടിയുടെ സമുന്നതായ നേതാവാണ്. അദ്ദേഹത്തെ പോലൊരാള്‍ പാര്‍ട്ടിയുടെ നിലപാടുകളുമായി യോജിച്ച് പോകുന്ന നില വന്നപ്പോള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഒന്നായി പ്രവര്‍ത്തിക്കുന്ന സാഹചര്യമാണുള്ളത്. ഇത് ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരാണ് വി എസിനെതിരെ തിരിയുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വി എസിനെ പി ബിയില്‍ എടുക്കുമോ എന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ലിത്. വി എസിനെ പോലെ സമുന്നതനായ ഒരു നേതാവ് ഏത് ഘടകത്തിന്റെ ഭാഗമാകുന്നു എന്നതിലുമല്ല കാര്യം. കേരളം മുഴുവന്‍ തലങ്ങും വിലങ്ങും ഓടാന്‍ വി എസിനെ പോലൊരാള്‍ക്ക് കഴിയില്ല. അതു കൊണ്ടാണ് മലബാറിലെ ചില ജില്ലകളില്‍ അദ്ദേഹത്തിന്റെ സാനിധ്യമില്ലാതെ പോകുന്നത്. ഇതിനെ പോലും വക്രീകരിച്ചാണ് ചിലര്‍ കാണുന്നത്.
ആര്‍ എസ് പി
മുന്നണി സംവിധാനത്തിന് നേതൃത്വം കൊടുക്കുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള കുഴപ്പം സംഭവിച്ചിട്ടില്ല. മുന്നണിക്കകത്തിരുന്ന് മറുപക്ഷത്തിനൊപ്പം ഗൂഢാലോചന നടത്തി മുന്നണി വിടുകയായിരുന്നു ആര്‍ എസ് പി ചെയ്തത്. സീറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട മുന്നണിയോഗത്തില്‍ പോലും ആര്‍ എസ് പി പങ്കെടുത്തില്ല. എല്‍ ഡി എഫ് യോഗത്തിലേക്ക് മുന്നണി കണ്‍വീനറും മറ്റു ഇടതു നേതാക്കളും വിളിച്ചപ്പോള്‍ സമയം കഴിഞ്ഞെന്നായിരുന്നു അവരുടെ മറുപടി. ഈ സമയത്ത് തന്നെ കൊല്ലം സീറ്റ് തന്നാലും ഇനി എല്‍ ഡി എഫിലേക്കില്ലെന്ന് അസീസ് പ്രഖ്യാപിക്കുകയും ചെയ്തു. അതേ ദിവസം തന്നെ യു ഡി എഫ് സ്ഥാനാര്‍ഥിയായി പ്രേമചന്ദ്രനെതിരെ പ്രഖ്യാപിക്കുകയും ചെയ്തു. നേരത്തെ തന്നെ ഇക്കാര്യങ്ങളില്‍ തീരുമാനമെടുത്ത് കഴിഞ്ഞതിനാലാണ് വേഗത്തില്‍ ഇങ്ങനെയൊക്കെ സംഭവിച്ചത്. എന്തു വിടുവായത്തവും വിളിച്ചു പറയുന്നതു കൊണ്ടാണ് ചന്ദ്രചൂഡന്‍ നാക്ക് പണയം വെക്കുന്നു എന്നു പറയേണ്ടി വന്നത്. എന്നാല്‍ ഇപ്പോള്‍ രാഷ്ട്രീയ സമചിത്തതയും അദ്ദേഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നു.
എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍
തിരുവനന്തപുരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ ക്കുറിച്ച് വിദ്യാഭ്യാസ കച്ചവടക്കാരന്‍ എന്ന് എ കെ ആന്റണി പറഞ്ഞത് അസംബന്ധമാണ്. സാധാരണക്കാരോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച മനുഷ്യനാണ് ബെന്നറ്റ്. അദ്ദേഹത്തെ വിമര്‍ശിക്കാന്‍ ആന്റണി ഉപയോഗിച്ച വാക്കുകള്‍ പഴയ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെതാണ്. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ഗുജറാത്ത് കേഡറിലെ ഉദ്യോഗസ്ഥനായിരുന്നു എന്നതിനാല്‍ അദ്ദേഹം മോീിയുടെ ആളാകുന്നത് എങ്ങനെയാണ്? കറ പുരളാത്ത വ്യക്തിത്വമാണ് ക്രിസ്റ്റിയുടെത്. കയര്‍ ബോര്‍ഡ് സെക്രട്ടറിയായിരുന്നപ്പോള്‍ അദ്ദേഹം പാവങ്ങളോട് കരുണ കാണിച്ചത് കേരളം കണ്ടിട്ടുണ്ട്. എറണാകുളം നല്ല നിലയിലാണ് അദ്ദേഹത്തെ സ്വീകരിച്ചിട്ടുള്ളത്. കോണ്‍ഗ്രസ് നേതാവാണ് എന്ന ഒരൊറ്റ അയോഗ്യത മാത്രമാണ് പീലിപ്പോസ് തോമസിനുണ്ടായിരുന്നത്. അത് ഇപ്പോള്‍ മാറിക്കിട്ടി. കോണ്‍ഗ്രസ് നേതാക്കളില്‍ കാണുന്ന ദൂഷ്യങ്ങളൊന്നും അദ്ദേഹത്തിനില്ല. ആറന്‍മുള വിമാനത്താവളത്തിന് പിന്നില്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വമായിട്ടും നാടിനൊപ്പം നിലകൊണ്ടയാളാണ് അദ്ദേഹം. പൊതുവില്‍ നല്ല അംഗീകാരമുള്ള ജനകീയനായ നേതാവാണ് പൊന്നാനിയിലും മത്സരിക്കുന്നത്. ഒരു സ്ഥാനാര്‍ഥിക്ക് വേണ്ട യോഗ്യതകളെല്ലാം ചാലക്കുടിയിലെ ഇടതുസ്ഥാനാര്‍ഥിക്കുമുണ്ട്. ജീവന്‍ കൊടുത്ത് പൊരുതുന്ന നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കുണ്ട്. സ്ഥാനാര്‍ഥികളായി മാറണം എന്ന് ആഗ്രഹിക്കുന്നവരല്ല അവരെല്ലാം.
ടി പി കേസ്
ടി പി ചന്ദ്രശേഖരന്‍ വധക്കേസ് ഈ തിരഞ്ഞെടുപ്പില്‍ ഒരു വിഷയമേയല്ല. സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റു പല വിഷയങ്ങളും നാട്ടിലുണ്ട്. വി എസ് വഞ്ചിച്ചു എന്ന് രമ പറഞ്ഞതിന് മറുപടി അര്‍ഹിക്കുന്നില്ല. വി എസ് ആരാണ്? എവിടെ നില്‍ക്കുന്നു? ഇവര്‍ ആരാണ്? എവിടെ നില്‍ക്കുന്നു? എന്നൊക്കെ ജനങ്ങള്‍ക്കറിയാം. ടി പി കേസ് സി ബി ഐ ഏറ്റെടുക്കാത്തതില്‍ സി പി എം ആഹ്ലാദിക്കേണ്ടതില്ല എന്ന ആന്റണിയുടെ പ്രസ്താവന അന്വേഷണ ഏജന്‍സികളില്‍ തങ്ങളുടെ രാഷ്ട്രീയ സ്വാധീനം അവര്‍ ഉപയോഗിക്കാറുണ്ട് എന്നതിന്റെ തെളിവാണ്. കൂട്ടിലെ തത്തയാണ് സി ബി ഐ എന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടല്ലോ.
കോടതി വിധികള്‍
ഹൈക്കോടതി ജഡ്ജിയെ കോടിയേരി ബാലകൃഷ്ണന്‍ കണ്ടതുമായി ബന്ധപ്പെട്ട് ചില കോണ്‍ഗ്രസ് നേതാക്കള്‍ തരം താണ നിലയിലാണ് പ്രസ്താവനകള്‍ നടത്തുന്നത്. ശ്രീധരന്‍ നായരുമൊത്ത് സരിത മുഖ്യമന്ത്രിയെ കണ്ടതുമായി ബന്ധപ്പെട്ട കേസില്‍ ഇതേ ജഡ്ജി തന്നെ മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുന്ന വിധി പറഞ്ഞിട്ടുണ്ട്. അതില്‍ വിഷമം തോന്നിയെങ്കിലും ഞങ്ങള്‍ എതിര്‍ക്കാന്‍ പോയില്ല. അന്ന് ആ വിധിയെ പുകഴ്ത്തിയ കോണ്‍ഗ്രസ് നേതാക്കളാണ് ഇപ്പോള്‍ തരം താഴ്ന്ന പ്രസ്താവനകള്‍ നടത്തുന്നത്. പൊതുപ്രവര്‍ത്തകനായ കോടിയേരി പരിചയക്കാരനായ ഒരു ജഡ്ജിയെ കണ്ടു എന്നതിനെ മഹാപാതകമാക്കി കാണുന്നത് മറ്റൊരു വിഷയവുമില്ലാത്തതിനാലാണ്. അനുകൂലമായും പ്രതികൂലമായും കോടതി വിധികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായി കോടതിയില്‍ നിന്ന് പരാമര്‍ശമുണ്ടായപ്പോള്‍ തരംതാഴ്ന്ന രീതിയിലാണ് ഹൈക്കോടതി ജഡ്ജിക്കു നേരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. കോടതിയില്‍ നിന്ന് ഇത്തരം എതിരായ നീക്കങ്ങളുണ്ടാകുമ്പോള്‍ അതിനെ നിയമപരമായി സമീപിക്കുകയാണ് സി പി എമ്മിന്റെ രീതി. ജഡ്ജിയുടെ മേക്കിട്ട് കയറുന്ന സമീപനം സ്വീകരിക്കാറില്ല. പാമോയില്‍ കേസിലെ ജഡ്ജിയെ നാടു കടത്തണമെന്നുവരെ യു ഡി എഫുകാര്‍ പരസ്യമായി പ്രചാരണം നടത്തി. സോളാര്‍ കേസിലുള്‍പ്പെടെ നാട്ടില്‍ നടക്കുന്നതെല്ലാം കോടതികള്‍ കാണുന്നുണ്ട്. ഇതനുസരിച്ചുള്ള പ്രതികരണങ്ങളാണ് കോടതികളില്‍ നിന്നുണ്ടാകുന്നത്. കല്യാണം വിളിച്ചിട്ടുണ്ടോ എന്നറിയാന്‍ കല്ല്യാണക്കുറി തിരുവഞ്ചൂരിനെ കാണിക്കണമെന്നാണ് ഇപ്പോല്‍ പറയുന്നത്. നിയന്ത്രണം വിട്ടുപോകുന്നതുകൊണ്ടാണ് ഇതൊക്കെ സംഭവിക്കുന്നത്.
പി ഡി പി, ഐ എന്‍ എല്‍
ഐ എന്‍ എല്ലിന്റെ കാര്യത്തില്‍ നിങ്ങള്‍ക്കെല്ലാം താത്പര്യമുണ്ടെന്നറിയാം. ഐ എന്‍ എല്ലിനെ ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കുന്നത് സംബന്ധിച്ച് സജീവമായ ചര്‍ച്ച നടക്കുകയാണ്. അതു സംബന്ധിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കും. മഅ്ദനിയുടെ ജയില്‍മോചനവുമായി ബന്ധപ്പെട്ടും ചികില്‍സയുമായി ബന്ധപ്പെട്ടും പി ഡി പി നേതാക്കള്‍ എന്നെ വന്നു കണ്ട് സംസാരിച്ചിരുന്നു. അതില്‍ രാഷ്ട്രീയം കടന്നു വന്നിട്ടില്ല. മഅ്ദനിക്ക് ചികിത്സ നല്‍കുന്ന കാര്യത്തില്‍ പോലും കര്‍ണാടക സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവവും കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര താത്പര്യം കാണിക്കാത്തതും അവര്‍ ഉണര്‍ത്തിയിരുന്നു.
എല്‍ ഡി എഫ് സാധ്യതകള്‍
ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും വിജയിക്കാനാകില്ല. എല്ലാ ജനവിഭാഗങ്ങളേയും ഒരു പോലെ പ്രയാസപ്പെടുത്തിയവര്‍ക്കെതിരെ വിധിയെഴുതാന്‍ കാത്തിരിക്കുകയാണ് ജനങ്ങള്‍. നല്ല മുന്നേറ്റമാകും ഇടതുകക്ഷികള്‍ രാജ്യത്താകെ നടത്തുക. സംസ്ഥാന സര്‍ക്കാറിന്റെ വിലയിരുത്തലാകും തിരഞ്ഞെടുപ്പ് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം തങ്ങളോടൊപ്പം നിലനില്‍ക്കുന്ന ചില സമുദായങ്ങള്‍ക്ക് ഭരണം നഷ്ട്ടപ്പെടാന്‍ പോകുന്നു എന്ന സൂചന നല്‍കലാണ്. പക്ഷേ അതുകൊണ്ടൊന്നും ഫലമുണ്ടാകാന്‍ പോകുന്നില്ല.
തയ്യാറാക്കിയത്: ശരീഫ് പാലോളി